ബാഴ്സ, ആഴ്സനല്‍, ബയേണ്‍, പി.എസ്.ജി, അത്ലറ്റികോ ക്ലബുകൾക്ക് ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ഗ്രൂപ് ഘട്ടത്തിലെ മൂന്നാം മത്സരദിനത്തില്‍ വമ്പന്‍ ടീമുകള്‍ക്ക് അനായാസ ജയം. ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, ആഴ്സനല്‍, അത്ലറ്റികോ മഡ്രിഡ്, പാരിസ് സെന്‍റ് ജെര്‍മയ്ന്‍ തുടങ്ങിയ ടീമുകളെല്ലാം ആധികാരിക ജയവുമായി നോക്കൗട്ട് സാധ്യത സജീവമാക്കിയപ്പോള്‍ നാപോളി, സെല്‍റ്റിക് ടീമുകള്‍ പരാജയം രുചിച്ചു. 

മുന്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്‍െറ കരുത്തില്‍ 4-0ത്തിന്‍െറ തകര്‍പ്പന്‍ ജയമാണ് സ്വന്തം തട്ടകമായ നൂകാംപില്‍ സ്പാനിഷ് കരുത്തരായ ബാഴ്സലോണ കരസ്ഥമാക്കിയത്. അര്‍ജന്‍റീന താരത്തെ പിടിച്ചുകെട്ടാന്‍ ഗ്വാര്‍ഡിയോളയുടെ കൈയിലും മാന്ത്രികവടിയൊന്നുമില്ളെന്ന് വ്യക്തമായ മത്സരത്തില്‍ ആധികാരികമായിരുന്നു ലൂയിസ് എന്‍റിക്വെുടെ ടീമിന്‍െറ ജയം. സീസണിന്‍െറ തുടക്കത്തില്‍ ബാഴ്സയില്‍നിന്ന് കൂടുമാറിയത്തെിയ ഗോള്‍കീപ്പര്‍ ക്ളോഡിയോ ബ്രാവോക്ക് ബോക്സിനുപുറത്ത് പന്ത് കൈകൊണ്ട് തൊട്ടതിന് ചുവപ്പുകാര്‍ഡ് ലഭിച്ചതും സിറ്റിക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡുമായി ജെര്‍മി മാത്യുവും തിരിച്ചുകയറിയെങ്കിലും അതിനകം ജയമുറപ്പിച്ചിരുന്ന ബാഴ്സയെ അത് ബാധിച്ചില്ല. 17, 61, 69 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. അതിനുശേഷം പെനാല്‍റ്റി പാഴാക്കിയ നെയ്മര്‍ 89ാം മിനിറ്റില്‍ ഗോളുമായി പ്രായശ്ചിത്തം ചെയ്തതോടെ ബാഴ്സലോണയുടെ ജയം നാലു ഗോളിനായി. സ്റ്റാര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ആദ്യ ഇലവനിലില്ലാതിരുന്നതും പ്ളേമേക്കര്‍ കെവിന്‍ ഡിബ്രൂയ്നെ നിറംമങ്ങിയതും ഇംഗ്ളീഷ് ക്ളബിന് വിനയായി. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ടീം ബൊറൂസിയ മോന്‍ഷന്‍ഗ്ളാഡ്ബാഷ് മടക്കമില്ലാത്ത രണ്ടു ഗോളിന് സ്കോട്ലന്‍ഡില്‍നിന്നുള്ള സെല്‍റ്റികിനെ തോല്‍പിച്ചു. ലാര്‍സ് സ്റ്റിന്‍ഡ്ലും ആന്ദ്രെ ഹാനുമാണ് ഗോളുകള്‍ സ്കോര്‍ ചെയ്തത്. ഗ്രൂപ് സിയില്‍ ഒമ്പത് പോയന്‍റുമായി ബാഴ്സയാണ് മുന്നില്‍. നാലു പോയന്‍റുള്ള സിറ്റി രണ്ടാമതും മൂന്നു പോയന്‍റുള്ള ബൊറൂസിയ മോന്‍ഷന്‍ഗ്ളാഡ്ബാഷ് മൂന്നാമതുമാണ്. സെല്‍റ്റികിന് ഒരു പോയന്‍റാണുള്ളത്. 
ഗ്രൂപ് എയില്‍ ഇംഗ്ളീഷ് വമ്പന്മാരായ ആഴ്സനല്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ബെല്‍ജിയന്‍ ക്ളബ് ലുഡോഗോററ്റ്സിനെ തുരത്തി. മെസ്യൂത് ഓസില്‍ രണ്ടാം പകുതിയില്‍ (56, 83, 89 മിനിറ്റ്) നേടിയ ഹാട്രികുമായി കളംനിറഞ്ഞപ്പോള്‍ അലക്സി സാഞ്ചസ്, തിയോ വാല്‍കോട്ട്, അലക്സ് ചേംബര്‍ലൈന്‍ എന്നിവരും ലക്ഷ്യംകണ്ടു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഫ്രഞ്ച് ക്ളബ് പി.എസ്.ജി 3-0ത്തിന് സ്വിസ് ടീം എഫ്.സി ബേസലിനെ തകര്‍ത്തു. എയ്ഞ്ചല്‍ ഡിമരിയ, ലൂകാസ് മൗറ, എഡിന്‍സണ്‍ കവാനി എന്നിവരായിരുന്നു സ്കോറര്‍മാര്‍. ആഴ്സനലും പി.എസ്.ജിയും ഏഴു വീതം പോയന്‍റുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ബേസലിനും ലുഡോഗോററ്റ്സിനും ഒരു പോയന്‍റ് വീതമാണുള്ളത്. 

ഗ്രൂപ് ബിയില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഇറ്റാലിയന്‍ ടീം നാപോളിയെ ബെസിക്റ്റാസ് 3-2ന് വീഴ്ത്തി. വിന്‍സെന്‍റ് അബൂബക്കറിന്‍െറ ഇരട്ട ഗോളുകളാണ് തുര്‍ക്കി ക്ളബിന് തുണയായത്. അഡ്രിയോനാ ഒരുവട്ടം ലക്ഷ്യംകണ്ടു. നാപോളിക്കായി ഡ്രെയ്സ് മാര്‍ട്ടിന്‍സും മനോലോ ഗാബിയാഡിനിയും സ്കോര്‍ ചെയ്തു. പോര്‍ചുഗീസ് ടീം ബെന്‍ഫിക 2-0ത്തിന് യുക്രെയ്നില്‍നിന്നുള്ള ഡൈനാമോ കീവിനെ കീഴടക്കി. എഡ്വേര്‍ഡോ സാല്‍വിയോ, ഫ്രാങ്കോ സെര്‍വി എന്നിവരാണ് ഗോള്‍ നേടിയത്. നാപോളി ആറു പോയന്‍റുമായി തലപ്പത്ത് തുടരുമ്പോള്‍ ബെസിക്റ്റാസിന് അഞ്ചും ബെന്‍ഫികക്ക് നാലും ഡൈനാമോക്ക് ഒന്നും പോയന്‍റുമാണുള്ളത്. 

ഡി ഗ്രൂപ്പില്‍ യാനിക് കരാസ്കോ നേടിയ ഏക ഗോളില്‍ റഷ്യന്‍ ക്ളബ് എഫ്.സി റോസ്റ്റോവിനെ തോല്‍പിച്ച നിലവിലെ റണ്ണേഴ്സ്അപ് കൂടിയായ സ്പാനിഷ് ടീം അത്ലറ്റികോ മഡ്രിഡ് ഒമ്പതു പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ കളിയില്‍ അത്ലറ്റികോയോട് തോറ്റ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്, ഡച്ച് ക്ളബ് പി.എസ്.വി ഐന്തോവനെതിരെ 3-1 ജയവുമായി ആറു പോയന്‍റിലത്തെി. തോമസ് മ്യൂളര്‍, റോബര്‍ട്ട് ലെവന്‍േറാവ്സ്കി, അര്‍യെന്‍ റോബന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. റോസ്റ്റോവിനും പി.എസ്.വിക്കും ഒരു പോയന്‍റ് വീതമാണുള്ളത്. ലുഡോഗോററ്റ്സിനെതിരെ ആഴ്സനലിനായി ഹാട്രിക് നേടിയ മെസ്യൂത് ഓസിലിന്‍െറ ആഹ്ളാദം

Tags:    
News Summary - Barcelona 4-0 Manchester City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.