കോഴിക്കോട്: അവസാന 10 മിനിറ്റിൽ മാത്രം നന്നായി കളിച്ച ഗോകുലം കേരള എഫ്.സിക്ക് നിലവിലെ ജേതാക്കളായ ചെന്നൈ സിറ്റിക്കെതിരെ ഐ ലീഗിൽ നിരാശയേകുന്ന തോൽവി. കളിയുടെ അന്ത്യനിമിഷ ങ്ങളിൽ മൂന്നു താരങ്ങളുടെ പുറത്താകലുകൾ കണ്ട പോരിൽ 3-2നായിരുന്നു ചെന്നൈയുടെ ജയം. 45ാം മി നിറ്റിൽ അഡോൾഫോ മിറാൻഡയും 55ാം മിനിറ്റിൽ പകരക്കാരൻ മിഡ്ഫീൽഡർ പ്രവിറ്റോ രാജുവും 77ാം മിനിറ്റിൽ ബി. ശ്രീറാമുമാണ് ഗോകുലത്തിന് പ്രഹരമേൽപിച്ചത്. ഷിബിൽ മുഹമ്മദ് (81, 90) ഗോകുല ത്തിന് ആശ്വാസമേകി.
ഗോകുലം ഗോളി വിഘ്നേശ്വരൻ 88ാം മിനിറ്റിൽ എതിർതാരവുമായി കൂട്ടിയിടിച്ച് ആശുപത്രിയിലാവുകയും രണ്ടു താരങ്ങൾ ചുവപ്പുകാർഡുമായി പുറത്താവുകയും ചെയ്തതോടെ ഒമ്പതു പേരുമായാണ് ഗോകുലം കളി പൂർത്തിയാക്കിയത്. സബ്സ്റ്റിറ്റ്യൂഷൻ അവസാനിച്ചതിനാൽ ഗോളിയുടെ റോൾ ഏറ്റെടുത്ത ഹാറൂൺ അംമ്രിയും രണ്ടു മഞ്ഞക്കാർഡുമായി ഇർഷാദും പുറത്തായി. ചെന്നൈയുടെ മലയാളി താരം മഷൂർ ഷെരീഫിനും ചുവപ്പുകാർഡ് കിട്ടി. അഞ്ചു മത്സരങ്ങളിൽനിന്ന് ഗോകുലത്തിന് ഏഴു പോയൻറാണുള്ളത്. കൊൽക്കത്തയിൽ ഈ മാസം 15ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് അടുത്ത മത്സരം.
ചെന്നൈ മന്നൻസ്
കിക്കോഫ് മുതൽ ചെന്നൈ മന്നന്മാർ ഗോകുലത്തെ ആക്രമണത്തിലൂടെ വിറപ്പിച്ചു. പരിചയ സമ്പന്നനായ ജാപ്പനീസ് താരം കാറ്റ്സുമി യുസയാണ് സന്ദർശകർക്കായി പ്രധാനമായും കളി മെനഞ്ഞത്. ഇതിനിടെ, ലാൽ റൊമാവിയയുടെ ക്രോസിൽനിന്നുള്ള പന്ത് ഇടങ്കാലിൽ സ്വീകരിച്ച ഗോകുലം ക്യാപ്റ്റൻ മാർക്കസ് ജോസഫിെൻറ വലങ്കാലൻ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തായി. ആദ്യ പകുതിയിൽ പിന്നീട് അറ്റാക്കിങ് തുടർന്ന ഗോകുലത്തിന് പലവട്ടം പിഴച്ചു. മിസ്പാസുകൾ ഏറിയപ്പോൾ കാണികൾക്കും ബോറടിച്ചു. ഗോകുലം പ്രതിരോധത്തിലെ ഒത്തിണക്കമില്ലായ്മ പ്രകടമായ മത്സരത്തിൽ 45ാം മിനിറ്റിൽ ഗോൾ വഴങ്ങി. ഗോളി വിഘ്നേശ്വരനും പ്രതിരോധതാരങ്ങളും വാ പൊളിച്ച് നിൽക്കുമ്പോഴായിരുന്നു ഫിറ്റോ എന്ന അഡോൾഫോ മിറാൻഡ ആളില്ലാ പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റിയത്.
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള പരക്കംപാച്ചിലിലായിരുന്നു ഗോകുലം. 50ാം മിനിറ്റിൽ മാർക്കസിെൻറ കാലിൽനിന്ന് ചെന്നൈ ഗോളി നൗസെ ഗാർഷ്യ പന്ത് റാഞ്ചി അപകടമൊഴിവാക്കി. മാർക്കസ്- ഹെൻറി കിസേക്ക സഖ്യത്തിെൻറ നീക്കങ്ങളും ഫലിക്കാതായതോടെ ആതിഥേയർ വിയർത്തു. ഇതിനിടെയാണ് കാറ്റ്സുമിയുടെ കാലിൽനിന്ന് മൊട്ടിട്ട നീക്കം ചെന്നൈയുടെ ലീഡുയർത്തിയത്. യുവതാരം പ്രവിറ്റോ രാജു പന്ത് വലയിലാക്കിയപ്പോൾ ഗാലറിയും നിശ്ശബ്ദം. സ്കോർ: 2-0. ഉടൻ തന്നെ പ്ലേമേക്കർ നതാനിയൽ ഗാർസ്വയെ പിൻവലിച്ച് ഷിബിൽ മുഹമ്മദിനെ ഗോകുലം കൊണ്ടുവന്നു.
കാറ്റ്സുമിയെ ഫൗൾ ചെയ്തതിന് ഗോകുലം ഗോളി വിഘ്നേശ്വരൻ മഞ്ഞക്കാർഡും വാങ്ങിവെച്ചു. 77ാം മിനിറ്റിൽ സുഹൈൽ പാഷയുടെ പാസിൽനിന്ന് ശ്രീറാം ഗോളടിച്ചതോടെ ഗോകുലം ആരാധകരിലേറെയും ഗാലറി വിട്ടിറങ്ങാനൊരുങ്ങി. 81ാം മിനിറ്റിൽ ഷിബിൽ മുഹമ്മദ് വലകുലുക്കിയപ്പോൾ നേരിയ ആശ്വാസം. നിശ്ചിത സമയത്തിെൻറ അവസാനം ഷിബിൽ രണ്ടാം ഗോളും നേടിയതോടെ സമനിലയിലേക്കു പ്രതീക്ഷയായി. എന്നാൽ, ഏഴു മിനിറ്റ് നീണ്ട അധിക സമയത്തിൽ സ്കോർ ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.