മോണകോ: ലയണൽ മെസ്സിയും നെയ്മറും സുവാരസുമടങ്ങിയ ബാഴ്സലോണയെ കെട്ടുകെട്ടിച്ച് വന്ന യുവൻറസ് ഫ്രഞ്ച് നഗരിയായ മോണകോയിലിറങ്ങിയപ്പോൾ, വിഷപ്പാമ്പിനെ കൂട്ടിലടച്ചവരെ ഒാലപ്പാമ്പ് കാട്ടി പേടിപ്പിക്കല്ലേ എന്നായിരുന്നു കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ ഭാവം. പ്രതിരോധത്തിെൻറ കെട്ടുറപ്പും മുന്നേറ്റത്തിെൻറ മൂർച്ചയും കാറ്റലോണിയൻ സേനക്ക് മുന്നിൽ ഒരുപോലെ പരീക്ഷിക്കപ്പെട്ടപ്പോൾ തളരാതിരുന്നവർക്ക് എ.എസ് മോണകോ എങ്ങനെ കടമ്പയാവാൻ. ആരാധകർ മനസ്സിൽ കണ്ടതെല്ലാം ഇറ്റലിക്കാർ ഗ്രൗണ്ടിൽ വരച്ചിട്ടു. ഇറ്റാലിയൻ നിർമിത പ്രതിരോധ നിരയും ലാറ്റിനമേരിക്കയുടെ മുന്നേറ്റവും ഒന്നിച്ചപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യപാദം അനായാസം മറികടന്ന് യുവൻറസ് ഫൈനൽ പോരാട്ടത്തിന് ഒരുപടി അടുത്തു. അർജൻറീനക്കാരൻ ഗോൺസാലോ ഹിഗ്വെയ്ൻ ഇരുപാദങ്ങളിലായി നേടിയ ഇരട്ട ഗോളിൽ മുൻ ഫൈനലിസ്റ്റുകളുടെ തകർപ്പൻ ജയം (2-0). വെറുമൊരു രണ്ട് ഗോളല്ല, എതിരാളിയുടെ മണ്ണിൽ നേടിയ രണ്ട് എവേ ഗോളുകൾ. ഇനി ടൂറിനിലെത്തി ഇൗ കടംവീട്ടുകയെന്നത് ഫ്രഞ്ചുകാർക്ക് ഹിമാലയൻ ദൗത്യമാവും.
ഹിഗ്വെയ്ൻ-ആൽവസ്
കൈ നിറയെ വൈവിധ്യങ്ങളുള്ള പരിശീലകനാണ് മാസിമിലിയാനോ. എതിരാളിയെ അറിഞ്ഞ് ഫോർമേഷനൊരുക്കാൻമാത്രം കൈനിറയെ പ്രതിഭകളുള്ള പരിശീലകൻ. ബാഴ്സയെ തകർത്ത (4--2-3-1) ഡിഫൻസിവ് അറ്റാക്കിങ്ങ് മാറ്റി, മോണകോക്കെതിരെ കാത്തുവെച്ചത് ത്രികോണ ആക്രമണം ( 3-4-2-1). ഗോൺസാലോ ഹിഗ്വെയ്നെ സോളോ അറ്റാക്കിങ്ങിന് നിയോഗിച്ച്, പൗലോ ഡിബാല, മരിയോ മാൻസുകിച് എന്നിവർ വിങ്ങുകളിലൂടെ സജീവമായപ്പോൾ കളി ഇറ്റാലിയൻ സംഘത്തിനൊപ്പമായി. പ്രതിരോധത്തിൽ കേളികേട്ട ഇറ്റാലിയൻ ‘ബി.ബി.സി’ ബർസാഗ്ലി-ബനൂച്ചി-ചെല്ലിനി ത്രയം. അലക്സ് സാന്രേദാ, ക്ലോഡിയോ മഷിസിയോ, മിറാലെം പാനിക്, ഡാനി ആൽവസ് എന്നിവരുടെ മധ്യനിരകൂടി സജീവമായതോടെ മോണകോയുടെ മണ്ണ് യുവൻറസിെൻറ ഹോം ഗ്രൗണ്ടായി മാറി. മോണകോ നിരയിലാവെട്ട മുൻ നിരയിൽ നായകൻ റഡമൽ ഫൽകാവോയും ഗോളടിയന്ത്രം കെയ്ലിൻ എംബാപയും. പക്ഷേ, പന്തുരുണ്ട് തുടങ്ങിയ ആദ്യ മിനിറ്റ് മുതൽ കളിയുടെ നിയന്ത്രണം യുവൻറസിെൻറ ബൂട്ടുകളിലായിരുന്നു. മധ്യനിരയും പ്രതിരോധവും തടസ്സമില്ലാതെ പണിയെടുത്തപ്പോൾ ഹിഗ്വെയ്നും ഡിബാലക്കുമെല്ലാം പണികുറഞ്ഞു. പ്രധാന പോരാട്ടങ്ങളിൽ സ്കോർ ചെയ്യുന്നില്ലെന്ന പരാതികൂടി പരിഹരിക്കുന്നതായി ഹിഗ്വെയ്െൻറ ബൂട്ടിലൂടെ പിറന്ന രണ്ട് ഗോളുകൾ. തുടർച്ചയായ ഏഴ് കളികൾക്കു ശേഷമാണ് അർജൻറീന സ്ട്രൈക്കർ സ്കോർ ചെയ്യുന്നത്. രണ്ട് ഗോളുകളേ പിറന്നുള്ളൂവെങ്കിലും ചന്തമേറെയായിരുന്നു. 29ാം മിനിറ്റിൽ ഡിബാലയുടെ ടച്ചിലൂടെ ഡാനി ആൽവസ് ബാക്ഹീൽ ക്രോസ് നൽകിയപ്പോൾ ഒാടിയെത്തിയ ഹിഗ്വെയ്ന് പന്തടിച്ചുകയറ്റേണ്ട ജോലിമാത്രം.
രണ്ടാം പകുതിയിലെ 59ാം മിനിറ്റിൽ ഹിഗ്വെയ്ൻ വീണ്ടും സ്കോർ ചെയ്തപ്പോൾ അവസരമൊരുക്കിയത് ആൽവസ് തന്നെ.
പഴുതടച്ച ബി.ബി.സി
ചാമ്പ്യൻസ് ലീഗ് സീസൺ നോക്കൗട്ട് റൗണ്ടിൽ 12 ഗോളടിച്ചവർ, ഹോംഗ്രൗണ്ടായ ലൂയിസ് രണ്ട് സ്റ്റേഡിയത്തിൽ തുടർച്ചയായ 13 കളിയിലും ജയിച്ചവർ. അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിരുന്നു മോണകോക്ക്. പക്ഷേ, ചാമ്പ്യൻസ് ലീഗിൽ ഗോൾ വഴങ്ങാൻ പിശുക്കരായ (11 കളിയിൽ രണ്ട് ഗോൾ) യുവൻറസിനു മുന്നിൽ ആതിഥേയരുടെ തന്ത്രങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. എംബാപെയും ഫൽകാവോയും ചെല്ലിനി, ബർസാഗ്ലി, ബനൂച്ചി ത്രിമൂർത്തികളുടെ ബൂട്ടിനുള്ളിൽ തളക്കപ്പെട്ടപ്പോൾ അപൂർവമായേ പന്ത് ജിയാൻലൂയിജി ബുഫണിനെ തേടിയെത്തിയുള്ളൂ. കളിയുടെ ആദ്യ പകുതിയിൽ നബിൽ ദിരാറിെൻറ രണ്ട് ക്രോസിലൂടെ എംബാപെ രണ്ടുതവണ അപായഭീതി ഉയർത്തിയെങ്കിലും ബുഫണിെൻറ ജാഗ്രത യുവൻറസിന് രക്ഷയായി. ഇതിനിടെ ഫൽകാവോയാണ് ശ്രദ്ധേയമായ ചില നീക്കങ്ങൾ നടത്തിയത്. ഇവയാവെട്ട, ചെല്ലിനിയുടെ കടുത്ത ഫൗളുകളിൽ അവസാനിക്കുകയും ചെയ്തു. പന്തടക്കത്തിലും (50-50 ശതമാനം) ഷോട്ടുകളുടെ കണക്കിലും (14-10) എതിരാളിക്കൊപ്പമായിരുന്നെങ്കിലും യുവൻറസിെൻറ പ്രതിരോധക്കുരുക്കിൽ മോണകോയുടെ കീഴടങ്ങി. മേയ് പത്തിന് രാത്രിയിൽ ഇറ്റലിയിലെ ടൂറിനിലാണ് രണ്ടാം പാദ സെമി പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.