ഭുവനേശ്വർ: ഹോക്കി വേൾഡ് ലീഗ് ഫൈനൽ റൗണ്ടിൽ ഇന്ത്യക്ക് പരാജയം. ഗ്രൂപ് ബിയിൽ ഇംഗ്ലണ്ടാണ് 3-2ന് ഇന്ത്യയെ കീഴടക്കിയത്. ആദ്യ കളിയിൽ ആസ്ട്രേലിയയോട് സമനില വഴങ്ങിയിരുന്ന ഇന്ത്യക്ക് തോൽവി കനത്ത തിരിച്ചടിയായി. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അവസാന ക്വാർട്ടറിൽ രണ്ടുവട്ടം സ്കോർ ചെയ്ത് മത്സരത്തിലേക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു ഒടുവിൽ പരാജയം വഴങ്ങിയത്.
ഡേവിഡ് ഗുഡ്ഫീൽഡ് (25), സാം വാർഡ് (43) എന്നിവരുടെ ഗോളിൽ മുന്നിൽ കയറിയ ഇംഗ്ലണ്ടിനെ ആകാശ്ദീപ് സിങ് (47), രൂപീന്ദർ പാൽ സിങ് (50) എന്നിവരുടെ ഗോളിലാണ് ഇന്ത്യ ഒപ്പംപിടിച്ചത്. എന്നാൽ, കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ, സാം വാർഡിെൻറ രണ്ടാം ഗോളിൽ ഇംഗ്ലണ്ട് ജയിച്ചുകയറി.
ഗ്രൂപ്പിലെ കരുത്തരുടെ പോരിൽ ആസ്ട്രേലിയയും ജർമനിയും 2-2ന് സമനിലയിൽ പിരിഞ്ഞു. ജർമനിക്കായി മാർകോ മിൽടാകു (ഏഴ്), മാർട്ടിൻ ഹാനർ (39) എന്നിവരും ആസ്ട്രേലിയക്കായി ബ്ലേക്ക് ഹോവേഴ്സ് (49), ആരോൺ ക്ലെയിൻഷ്മിഡിറ്റ് (58) എന്നിവരുമാണ് സ്കോർ ചെയ്തത്. ഗ്രൂപ് എയിൽ െബൽജിയം 3-2ന് അർജൻറീനയെയും സ്പെയിൻ അതേ മാർജിന് നെതർലൻഡ്സിനെയും കീഴടക്കി. െബൽജിയത്തിനായി ലോയിക് ലൂയിപാർട്ട്, അമോറി കോസ്റ്റേഴ്സ്, ടോം ബൂൺ എന്നിവരും അർജൻറീനക്കായി മൈകോ കാസെല്ല, ഗോൺസാലോ പീലാറ്റ് എന്നിവരും ഗോൾ നേടി. സ്പെയിനിനായി പൗ ക്വമേഡ, എൻറിക് ഗോൺസാലസ്, ഡീഗോ അരാന എന്നിവരും നെതർലൻഡ്സിനായി ലാർസ് ബാൽക്, മിർകോ പ്രൂയിസർ എന്നിവരുമാണ് സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.