ന്യൂഡൽഹി: തോൽവിത്തുടർച്ചകളുടെ ആധി തീർത്ത് പഞ്ചാബിനെതിരെ അവരുടെ തട്ടകത്തിൽ ആധികാരിക ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒമ്പതുപേരുമായി ചുരുങ്ങിയിട്ടും തളരാത്ത പോരാട്ട വീര്യം നിലനിർത്തിയ ടീം നോഹ സദൂയി നേടിയ ഏക ഗോളിനാണ് ജയം പിടിച്ചെടുത്തത്.
ഇനിയൊരു തോൽവി താങ്ങാനാകാത്തതിനാൽ ലക്ഷണമൊത്ത ലൈനപ്പുമായാണ് ഡൽഹി ജവഹർലാൽ നെഹ്റു മൈതാനത്ത് പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്സ് ബൂട്ടുകെട്ടിയത്. ഗോൾവല കാത്ത് സച്ചിൻ ഇറങ്ങിയപ്പോൾ പ്രതിരോധത്തിൽ അൽബാൻ, ഹോർമിപാം, മിലോസ്, നവോച്ച എന്നിവരും മധ്യനിരയിൽ ഫ്രെഡ്ഡിയും ഡാനിഷും മുന്നേറ്റത്തിൽ കോറൂ, ലൂന, പെപ്ര, നോഹ സദോയി എന്നിവരുമായിരുന്നു ആദ്യ ഇലവൻ. സ്വന്തം അക്കാദമിയിൽനിന്നിറങ്ങിയ മുഹമ്മദ് സുഹൈലിനെ ആദ്യ ഇലവനിൽ പരീക്ഷിച്ചതായിരുന്നു പഞ്ചാബ് നിരയിലെ പ്രധാന വിശേഷം.
ആദ്യ മിനിറ്റിൽ ടസ്കേഴ്സിന് ലഭിച്ച ഫ്രീകിക്കോടെയാണ് ഗോൾനീക്കങ്ങളുണർന്നത്. നിരന്തരം ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് നേരിയ മുൻതൂക്കം പുലർത്തിയ ആദ്യ പകുതിയിൽ പഞ്ചാബ് പ്രതിരോധവുമായി കട്ടക്കുനിന്നു. ഒന്നിലേറെ തവണ കോർണർ വഴങ്ങി മഞ്ഞപ്പടയെ പിടിച്ചുകെട്ടിയതിനൊടുവിൽ 27ാം മിനിറ്റിലാണ് ഇരുവശത്തും മികച്ച നീക്കങ്ങൾ പിറക്കുന്നത്.
നോഹ ഒറ്റക്ക് മുന്നേറി ലൂനക്ക് കൈമാറിയ പന്ത് തകർപ്പൻ ഷോട്ടിൽ പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും പഞ്ചാബ് ഗോളി ഷബീർ തട്ടിയകറ്റി. റീബൗണ്ട് ചെയ്ത പന്തുമായി പഞ്ചാബ് താരം നിഹാൽ സുധീഷ് നടത്തിയ ഒറ്റയാൾ കുതിപ്പ് അപായം വിതച്ചെങ്കിലും ഗോളി സച്ചിൻ രക്ഷകനായി. ഗോൾരഹിതമായി ഇടവേള പിരിയുമെന്ന് തോന്നിച്ച അവസാന നിമിഷങ്ങളിൽ പെനാൽറ്റി വലയിലാക്കി നോഹ ആവേശകരമായ ലീഡ് നൽകി. താരത്തെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്.
രണ്ടാം പകുതിയിൽ പക്ഷേ, ഇരട്ട എൻജിനുമായി മൈതാനം നിറഞ്ഞോടുന്ന പഞ്ചാബായിരുന്നു ചിത്രത്തിൽ. ഗോൾ മടക്കണമെന്ന ആവേശവുമായി ടീം കളി നയിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പലവട്ടം പരീക്ഷിക്കപ്പെട്ടു.
48ാം മിനിറ്റിൽ പഞ്ചാബ് താരം സുഹൈലിനെ ടാക്കിൾ ചെയ്തതിന് ഡാനിഷ് മഞ്ഞക്കാർഡ് കണ്ടു. 53ാം മിനിറ്റിൽ പഞ്ചാബിന് ലഭിച്ച ഫ്രീകിക്ക് അപകട സൂചന നൽകി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ കഷ്ടിച്ച് ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുന്നതും കണ്ടു. എന്നാൽ, എതിർതാരത്തെ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സ് നിരയിലെ ഡ്രിൻസിച് ചുവപ്പുകണ്ട് കയറിയതോടെ മഞ്ഞപ്പട 10 പേരായി ചുരുങ്ങി. അതിനിടെ, ഗോളടിച്ച നോഹയെയും മധ്യനിരതാരം ഡാനിഷിനെയും കോച്ച് പിൻവലിച്ച് പിൻനിര കരുത്തുകൂട്ടാനായി കോച്ചിന്റെ ശ്രമം. ഇവിടെയും ബ്ലാസ്റ്റേഴ്സ് പ്രതിസന്ധി അവസാനിച്ചില്ല. അപകടകരമായ ഫൗളിന് ഒരു ബ്ലാസ്റ്റേഴ്സ് താരം കൂടി ചുവപ്പുവാങ്ങി മടങ്ങി. ഒമ്പതുപേരിലേക്ക് ചുരുങ്ങിയ ടീമിനെ പരുങ്ങലിലാക്കി എതിരാളികൾ കളി കനപ്പിച്ചു.
നിരന്തരം ഗോൾമുഖം തുറന്ന് എതിർഗോളിയടക്കം പറന്നെത്തിയ അവസാന നിമിഷങ്ങളിൽ താരങ്ങൾ കൈമെയ് മറന്ന് വല സുരക്ഷിതമാക്കി നിർത്തിയതോടെ മഞ്ഞപ്പടക്ക് കാത്തിരുന്ന ജയം. മറുവശത്ത്, സമനിലയെങ്കിലും പിടിച്ച് നാട്ടിലെ കളിയിൽ മാനം കാക്കാമെന്ന പഞ്ചാബിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയും. ലീഗിൽ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് തോൽവി സമ്മതിച്ചിരുന്നു. ഇതോടെ, വിലപ്പെട്ട മൂന്ന് പോയന്റുകളുമായി ടീം ഒരു സ്ഥാനം കയറി ഒമ്പതാമതെത്തി. തൊട്ടുമുകളിലുള്ള പഞ്ചാബ് എട്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.