ര​ണ്ടാം പാ​ദ​ത്തി​ൽ ബാ​ഴ്​​സ​ലോ​ണ യു​വ​ൻ​റ​സി​നെ​തി​രെ

ബാഴ്സലോണ: നൂകാംപിലെ ഗാലറികൾക്കൊരു മാന്ത്രികതയുണ്ട്. കാറ്റലോണിയയുടെ ചുവപ്പും മഞ്ഞയും, ബാഴ്സലോണയുടെ നീലയും ചുവപ്പും ഇടകലർന്ന പതാകകൾ കൂടിക്കലർന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന അദൃശ്യമായൊരു ഉൗർജം. തെക്കനമേരിക്കക്കാരായ ലയണൽ മെസ്സിയും ലൂയി സുവാരസും നെയ്മറുമെല്ലാം ഗ്രൗണ്ടിൽ തളരുേമ്പാൾ ഇൗ ഗാലറിയിലേക്കൊന്നു നോക്കും. ഒരേതാളത്തിൽ നിറഞ്ഞാടുന്ന ഒരു ലക്ഷത്തോളം വരുന്ന ആ മനുഷ്യസാഗരത്തിെൻറ ശ്വാസോച്ഛാസംപോലും അവരുടെ കാലുകളെയും ശരീരത്തെയും വീണ്ടും ത്രസിപ്പിക്കും. പിന്നെ, അതൊരു നിലക്കാത്ത ഉൗർജപ്രവാഹമായി മാറും.

മുന്നിലുള്ളതെല്ലാം നിഷ്പ്രഭമാക്കുന്ന ഒഴുക്ക്. അങ്ങനെയൊരു കുതിപ്പിലായിരുന്നു ഒരു മാസം മുമ്പ് ഫ്രഞ്ചുകാർ ഇൗ മണ്ണിൽ തവിടുപൊടിയായത്. അതിനെ ഫുട്ബാൾ ലോകം കുമ്മായവരക്കു പുറത്തെ പന്ത്രണ്ടാമൻ എന്നു വിളിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ പാരിസിൽ പി.എസ്.ജിയോട് 4-0ത്തിന് തോറ്റായിരുന്നു ബാഴ്സലോണ നാട്ടിലെത്തിയത്. തിരിച്ചുവരവ് അസാധ്യമെന്ന് ബാഴ്സലോണ ആരാധകർപോലും പ്രവചിച്ച അന്തരീക്ഷത്തിൽ അവർ നൂകാംപിലെ പന്ത്രണ്ടാമനിൽ  വിശ്വാസമർപ്പിച്ചു. അത് പിഴച്ചില്ല. ചാമ്പ്യൻസ് ലീഗിലെ ചരിത്രമായി മാറിയ തിരിച്ചുവരവിൽ 6-1ന് പി.എസ്.ജിയെ കണ്ണീർ കയത്തിലാക്കി ബാഴ്സ ക്വാർട്ടറിലേക്ക് യാത്രചെയ്തു. 

ഇക്കുറി അതിെൻറ രണ്ടാം പതിപ്പിനുള്ള കാത്തിരിപ്പിലാണ്. പക്ഷേ, മുന്നിലുള്ളത് പാരിസുകാരല്ല, ഇറ്റലിക്കാരാണെന്ന് മാത്രം. ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിലെ എതിരാളിയായ യുവൻറസ് ചില്ലറക്കാരല്ല. പ്രതിരോധത്തിനും മുന്നേറ്റത്തിനും ഒരുപോലെ കരുത്തുള്ള ഇറ്റാലിയൻ നിർമിതി. 
ടൂറിനിലെ ആദ്യ പാദം പാരിസിലേതിന് സമാനമായിരുന്നു. 3-0ത്തിന് യുവൻറസിന് വൻ ജയം. ഇനി, വൻ മാർജിനിൽ ജയിച്ചാലേ ബാഴ്സലോണക്ക് മോഹിക്കാനുള്ള വകയുള്ളൂ. ജയിച്ചാൽ മാത്രം പോര, ഗോൾ വ്യത്യാസം നിലനിർത്തുകയും, എതിരാളിയെ ഗോളടിപ്പിക്കാതിരിക്കാൻ ജാഗ്രതപാലിക്കുകയും വേണം. 

ഡിബാല വന്നു; യുവൻറസ് ഒരുങ്ങി
പി.എസ്.ജി അല്ല യുവൻറസ് എന്ന് ബാഴ്സലോണയെ ഒാർമിപ്പിച്ചത് മുൻ ഇറ്റാലിയൻ ഗോളി ഡിനോ സോഫായിരുന്നു. മൂന്ന് ഗോളിെൻറ കടവുമായി ബാഴ്സക്ക് തിരിച്ചടിക്കാനാവില്ലെന്ന് ഉറപ്പിക്കുന്ന വാക്കുകൾ. രണ്ടാം പാദത്തിൽ യുവൻറസ് ബാഴ്സയുടെ തട്ടകത്തിലെത്തുേമ്പാൾ ആത്മവിശ്വാസമാവുന്നതും ഇൗ ലീഡു തന്നെ. സീരി ‘എ’യിൽ പെസ്കാരക്കെതിരായ മത്സരത്തിനിടെ പൗലോ ഡിബാല പരിക്കേറ്റ് മടങ്ങിയതായിരുന്നു യുവൻറസിെൻറ ഏക തലവേദന. പക്ഷേ, ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയതോടെ ഇൗ ആശങ്കയും മാറി. ടൂറിനിലെ ആദ്യ പാദത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാവും യുവൻറസ് ഇന്ന് രാത്രിയിൽ പന്തുതട്ടുക. ഒന്നാം പാദത്തിലെ ലീഡിൽ പിടിച്ചു തൂങ്ങാതെ ഗോൾനേടാനാവും ലക്ഷ്യമെന്ന് യുവൻറസ് ഡിഫൻഡർ ചെല്ലിനി വ്യക്തമാക്കുന്നു.

പ്രതിരോധമില്ലാത്ത ബാഴ്സ
പ്ലെയിങ് ഇലവനൊത്ത റിസർവ് ബെഞ്ചില്ലാത്തതാണ് ബാഴ്സലോണയുടെ കരുത്ത്. മുൻനിര മികച്ചതാണെങ്കിലും പ്രതിരോധവും മധ്യനിരയും പാളുന്നു. ഒപ്പം പരിക്ക് കൂടി ചേരുന്നതോടെ നൂകാംപിലും രക്ഷയില്ലാത്ത അവസ്ഥ. യാവിയർ മഷറാനോയുടെ പരിക്കാണ് ഏറ്റവും ഒടുവിൽ അസ്വസ്ഥപ്പെടുത്തുന്നത്. മഷറാനോ കളിച്ചില്ലെങ്കിൽ സാമുവൽ ഉംറ്റിറ്റി സെൻട്രൽ ഡിഫൻസ് ഏറ്റെടുക്കും.

Tags:    
News Summary - Juventus better than Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.