മഡ്രിഡ്: ജർമനിക്കു പിന്നാലെ കോവിഡിന് ചുവപ്പുകാർഡ് വിളിച്ച് സ്പെയിനിലും ഫുട്ബാൾ മൈതാനമുണരുന്നു. മൂന്നു മാസത്തെ ഇടവേളക്കു ശേഷം സ്പാനിഷ് ലാ ലിഗയിൽ ഇന്നു മുതൽ കളി അരങ്ങു തകർക്കും. കാൽലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ പിടിച്ചുകെട്ടിയാണ് സ്പെയിനിൽ വീണ്ടും കളിമൈതാനം ഉണരുന്നത്. വ്യാഴാഴ്ച രാത്രി സെവിയ്യ - റയൽ ബെറ്റിസ് മത്സരത്തോടെ സീസണിന് വീണ്ടും വിസിൽ മുഴങ്ങും.
നാളെയാണ് ഗ്രനഡ-ഗെറ്റാെഫ മത്സരം. ബാഴ്സലോണ 13ന് രാത്രിയും, റയൽ മഡ്രിഡ് 14ന് രാത്രിയും കളത്തിലിറങ്ങും. വാരാന്ത്യമത്സരങ്ങൾ എന്ന പതിവ് മാറ്റി എല്ലാ ദിവസവും കളി നടക്കും. അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ല. കളിക്കാരും ഒഫീഷ്യലുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആളില്ലാ ഗാലറിയുടെ വിരസത മാറ്റാൻ വെർച്വൽ കാണികളെയും ശബ്ദവും ഒരുക്കിയാവും മത്സരങ്ങളുടെ സംപ്രേഷണം.
ഇഞ്ചോടിഞ്ച് കിരീടപ്പോരാട്ടം
മൂന്നു മാസം മുമ്പ് അവസാനിപ്പിച്ചിടത്തുനിന്നാണ് ബാഴ്സലോണയും റയൽ മഡ്രിഡും തമ്മിലെ കിരീടപ്പോരാട്ടത്തിന് കിക്കോഫ് കുറിക്കുന്നത്. 27 മത്സരം പൂർത്തിയായപ്പോൾ ബാഴ്സലോണക്ക് 58ഉം, റയലിന് 56ഉം പോയൻറാണുള്ളത്. മൂന്നാമതുള്ള സെവിയ്യക്ക് 47 പോയൻറും. സീസൺ അവസാനിക്കാൻ 11 മത്സരം ബാക്കിനിൽക്കെ കിരീടേപാരാട്ടം കനക്കും.
രണ്ട് പോയൻറിെൻറ മുൻതൂക്കമാണ് ബാഴ്സലോണയുടെ ആത്മവിശ്വാസം. 19 ഗോളും 12 അസിസ്റ്റുമുള്ള ലയണൽ മെസ്സിയും പരിക്ക് മാറി തിരിച്ചെത്തിയ ലൂയി സുവാരസും ചേർന്നാൽ കോച്ച് ക്വികെ സെത്യാന് കാര്യങ്ങൾ എളുപ്പമാവും. പരിശീലനത്തിനിടെ പരിക്കുപറ്റിയ മെസ്സി ശനിയാഴ്ച മയ്യോർകക്കെതിരെ കളത്തിലിറങ്ങും.
മാർച്ച് ആദ്യവാരം നടന്ന എൽ ക്ലാസികോയിൽ ബാഴ്സലോണയെ വീഴ്ത്തിയ ആ മുൻതൂക്കം അടുത്ത മത്സരത്തിൽ നിലനിർത്താനായില്ല. റയൽ ബെറ്റിസിനോടേറ്റ തോൽവിയാണ് അവരെ രണ്ടാം സ്ഥാനത്താക്കിയത്. തടികുറച്ച് ഫിറ്റ്നസ് വീണ്ടെടടുത്ത് എഡൻ ഹസാഡിെൻറ തിരിച്ചുവരവാണ് റയൽ ക്യാമ്പിലെ ചൂടുള്ള വാർത്ത. ബെൻസേമക്കൊപ്പം ഹസാർഡ് കൂടി ചേർന്നാൽ റയൽ വേറെ ലെവലാവും.
കാണികളില്ലെങ്കിലും ആരവം മുഴങ്ങും
മഡ്രിഡ്: ഒഴിഞ്ഞ ഗാലറിയാണെങ്കിലും ആരാധകർക്ക് ആരവംകേട്ടുതന്നെ കളി കാണാം. വീഡിയോ ഗെയിമിൽ ഉപയോഗിക്കുന്ന വെർച്വൽ ഫാൻ ശബ്ദത്തോടെയാവും കളിയുടെ സംപ്രേഷണം. ബുണ്ടസ് ലിഗയിലെ പരീക്ഷണം ലാ ലിഗയിലും നടപ്പിലാക്കുയാണ് ടി.വി സംപ്രേഷകർ. ഒരോ കളിയുടെയും 48 മണിക്കൂർ മുമ്പ് കളിക്കാരെ കോവിഡ് പരിശോധനക്ക് വിധേയരാക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചായിരിക്കും ലീഗിന് കിക്കോഫ്. മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.