യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്സലോണയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഈയൊരു രാവിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി കാത്തിരുന്നത്. അഞ്ചുതവണ ഏറ്റുമുട്ടിയിട്ടും ബാലികേറാമലയായ ബാഴ്സലോണയെ വീഴ്ത്തുന്ന ദിനം ആഘോഷമാക്കാനായിരുന്നു അവരുടെ കാത്തിരിപ്പ്. ഒടുവില്‍, മുള്ളിനെ മുള്ളുകൊണ്ട് എടുക്കുകയെന്ന പ്രായോഗിക തത്ത്വവുമായി കളത്തിലിറങ്ങിയപ്പോള്‍ ജയം മുന്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളുടെ വഴിയേ എത്തി. മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റിയും ബാഴ്സലോണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ‘സി’യില്‍ രണ്ടാംവട്ടം മുഖാമുഖമത്തെിയപ്പോഴും രണ്ടാഴ്ച മുമ്പ് കണ്ട നൂകാംപിന്‍െറ ആവര്‍ത്തനമായിരുന്നു (ബാഴ്സലോണ 4-സിറ്റി 0) പ്രതീക്ഷിച്ചത്.

പക്ഷേ, ആവേശപ്പോരാട്ടത്തിനൊടുവില്‍ ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ ചരിത്രം തിരുത്തപ്പെട്ടു. അഞ്ചു തോല്‍വികള്‍ക്കൊടുവില്‍ ബാഴ്സലോണക്കെതിരെ സിറ്റിക്ക് ആദ്യ ജയം (3-1). കളിക്കാരനും പിന്നെ പരിശീലകനുമായി ബാഴ്സലോണയെ തേച്ച് മിനുക്കി ലോക ക്ളബ്ബാക്കിമാറ്റിയ അതേ പെപ് ഗ്വാര്‍ഡിയോളയെ പൊന്നുവിലയില്‍ സ്വന്തം പന്തിയിലത്തെിച്ച് നേടിയ ചരിത്രജയം.

ലയണല്‍ മെസ്സി-നെയ്മര്‍-സുവാരസ് (എം.എസ്.എന്‍) ത്രയവുമായി കളത്തിലിറങ്ങിയ ബാഴ്സലോണയെ ഭയപ്പാടൊന്നുമില്ലാതെ നേരിട്ടായിരുന്നു സിറ്റി കളിപിടിച്ചെടുത്ത്. 21ാം മിനിറ്റില്‍ നെയ്മറുടെ സഹായത്തില്‍ മെസ്സിയുടെ ക്ളാസ് ഗോളിലൂടെ ബാഴ്സയാണ് ആദ്യം ലീഡ് നേടിയത്. പക്ഷേ, ആദ്യ പകുതി പിരിയും മുമ്പേ സിറ്റി സമനില പിടിച്ചു.

39ാം മിനിറ്റില്‍ ബാഴ്സ പ്രതിരോധത്തിലെ വലിയ മണ്ടത്തരം ഇല്‍കെ ഗുന്‍ഡോഗന്‍ ഗോളാക്കിയതോടെ ആതിഥേയര്‍ക്ക് ഊര്‍ജമായി. രണ്ടാം പകുതി തുടങ്ങി 51ാം മിനിറ്റില്‍ മെസ്സിയെ സാക്ഷിയാക്കി കെവിന്‍ ഡി ബ്രുയിന്‍െറ ഉജ്ജ്വല ഫ്രീകിക്ക് ഗോളിലൂടെ സിറ്റിക്ക് ലീഡ്. 74ാം മിനിറ്റില്‍ വീണ്ടും ഗുന്‍ഡോഗന്‍ വലകുലുക്കിയതോടെ ബാഴ്സക്കുമേല്‍ ‘സിറ്റി ഓഫ് ജോയ്’.
തോറ്റെങ്കിലും ഗ്രൂപ്പില്‍ ബാഴ്സതന്നെയാണ് ഒന്നാമത്. നാല് കളിയില്‍ ഒമ്പത് പോയന്‍റുള്ള മുന്‍ചാമ്പ്യന്മാര്‍ക്ക് ഒരു സമനില കൂടി പോക്കറ്റിലാക്കിയാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഏഴ് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി.

നൂകാംപിലെ വന്‍തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ സ്വന്തം മണ്ണില്‍ സിറ്റി ഒരുങ്ങുമ്പോള്‍ അണിയറയില്‍ കൃത്യമായ ഗെയിംപ്ളാനൊരുക്കിയാണ് പെപ് ഗ്വാര്‍ഡിയോള ടീമിനെ സജ്ജമാക്കിയത്. എം.എസ്.എന്‍ കൂട്ടിനെ നേരിടാനുള്ള കോപ്പില്ളെങ്കിലും ഇടവേളയില്ലാത്ത മുന്നേറ്റമായിരുന്നു പെപ് ഒരുക്കിയത്. സെര്‍ജിയോ അഗ്യൂറോ-ഡേവിഡ് സില്‍വ-ഡി ബ്രുയിന്‍ കൂട്ടിലൂടെ ശക്തമായ തിരിച്ചടി. പ്രതിരോധത്തില്‍ അര്‍ജന്‍റീനയില്‍ മെസ്സിയുടെ സഹതാരങ്ങളായ പാബ്ളോ സബലേറ്റ-നികോളസ് ഒടമെന്‍ഡി എന്നിവര്‍ക്കൊപ്പം ജോണ്‍ സ്റ്റോണ്‍സും കൊളറാവോയും.

പക്ഷേ, എല്ലാ പ്രതിരോധക്കോട്ടയും പിളര്‍ത്തുന്നതായിരുന്നു മെസ്സിയുടെ ആദ്യഗോള്‍. സ്വന്തം ബോക്സില്‍ നിന്നെടുത്ത പന്തുമായി കുതിച്ച ലോകതാരം, വിങ്ങില്‍ നെയ്മറിന് കൈമാറി സിറ്റിബോക്സിലേക്ക് പാഞ്ഞു. 70വാര ദൂരം കുതിച്ച് ബോക്സിലത്തെുമ്പോഴേക്കും നെയ്മറുടെ ക്രോസ് ഗോളിന് പാകമായി. എതിരാളികള്‍ക്ക് നീക്കം മനസ്സിലാവും മുമ്പ് വലകുലുക്കി ബാഴ്സ ആഘോഷവും തുടങ്ങി.

വീണ്ടും എം.എസ്.എന്‍ മുന്നേറ്റം അപായഭീഷണി ഉയര്‍ത്തി. കടന്നല്‍ കൂടിളകിയ പോലെ മൂന്ന് ദിക്കില്‍ നിന്നും ബാഴ്സയുടെ മുന്നേറ്റം. സൈഡ്ലൈനിന് പുറത്ത് ഗ്വാര്‍ഡിയോളക്ക് ഇരിപ്പുറക്കാത്ത നിമിഷങ്ങള്‍. ഇതിനിടെയായിരുന്നു ബാഴ്സ ഡിഫന്‍ഡര്‍ സെര്‍ജിയോ റോബര്‍ടോയുടെ പിഴവ് സിറ്റിക്ക് ജീവന്‍ തിരിച്ചു നല്‍കിയത്. ബോക്സിനുള്ളില്‍ മഷറാനോക്ക് നീട്ടിനല്‍കിയ പന്ത് റഹിം സ്റ്റര്‍ലിങ്ങിന്‍െറ കാലില്‍ കുരുങ്ങിയതോടെ ബാഴ്സയുടെ കഥതീര്‍ന്നു. മറിച്ചുനല്‍കി ഗോളി ടെര്‍ സ്റ്റീഗനെയും കബളിപ്പിച്ച് ഗുന്‍ഡോഗന്‍ വലയിലാക്കി.

ഈയൊരു ഗോളായിരുന്നു സിറ്റിക്ക് തിരിച്ചടിക്കാന്‍ ഊര്‍ജമായത്. ഒടുവില്‍ രണ്ടാം പകുതിയില്‍ നിര്‍ത്താതെ ആക്രമിച്ച് എതിരാളിയുടെ പാളത്തില്‍ അങ്കലാപ്പ് തീര്‍ത്ത സിറ്റി തന്ത്രങ്ങളുടെ വിജയമായി രണ്ട് ഗോളുകള്‍ കൂടി. പ്ളേമേക്കര്‍ ആന്ദ്രെ ഇനിയേസ്റ്റയുടെയും പ്രതിരോധത്തില്‍ ജെറാര്‍ഡ് പിക്വെ ജോര്‍ഡി ആല്‍ബ എന്നിവരുടെ അഭാവത്തിന് കൂടി നല്‍കിയ വിലയായി വന്‍ തോല്‍വി.

സിറ്റിയുടെ വിജയയാത്രക്കുള്ള തുടക്കമെന്നായിരുന്നു കോച്ച് ഗ്വാര്‍ഡിയോളയുടെ പ്രതികരണം. ‘ലോകത്തെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ജയം. ആദ്യ 38 മിനിറ്റില്‍ അവര്‍ ശക്തരായ ടീമായിരുന്നു. ഒരു ഗോള്‍കൂടി അവര്‍ നേടിയിരുന്നെങ്കില്‍ കളി അപ്പോഴേ അവസാനിച്ചേനെ. പക്ഷേ, ബാഴ്സ ഗോള്‍ വഴങ്ങിയ നിമിഷം കളി ഞങ്ങളുടെ പക്ഷത്തായി. രണ്ടാം പകുതിയില്‍ കൂടുതല്‍ കൃത്യമായിരുന്നു നീക്കങ്ങള്‍. ആവര്‍ത്തിച്ച് മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും കരുത്തരായ എതിരാളിയെ സമ്മര്‍ദത്തിലാക്കാനും കഴിഞ്ഞു’ -ഗ്വാര്‍ഡിയോള പറഞ്ഞു.

ആഴ്സനല്‍, അത്ലറ്റികോ, ബയേണ്‍ പ്രീക്വാര്‍ട്ടറില്‍

 ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സനല്‍, ബയേണ്‍ മ്യൂണിക്, അത്ലറ്റികോ മഡ്രിഡ് എന്നിവര്‍ ജയത്തോടെ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ് എയില്‍ ആഴ്സനല്‍ ബള്‍ഗേറിയന്‍ ക്ളബ് ലുഡോഗൊറസ്റ്റ് റസ്ഗാഡിനെ 3-2ന് തോല്‍പിച്ചാണ് തുടര്‍ച്ചയായി 17ാം സീസണിലും നോക്കൗട്ടില്‍ ഇടം ഉറപ്പിച്ചത്. ദുര്‍ബലരായ എതിരാളിക്കു മുന്നില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോള്‍ നേടിയായിരുന്നു ആഴ്സനലിന്‍െറ തിരിച്ചുവരവ്. ഗ്രനിത് ഷാക, ഒലിവര്‍ ജിറൂഡ്, മെസ്യൂത് ഓസില്‍ എന്നിവരായിരുന്നു സ്കോറര്‍മാര്‍.

പി.എസ്.ജി 2-1ന് എഫ്.സി ബാസലിനെയും തോല്‍പിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നു. ‘ഡി’യില്‍ തുടര്‍ച്ചയായ നാലാം ജയവുമായി അത്ലറ്റികോ മഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ കടന്നു. അന്‍െറായിന്‍ ഗ്രീസ്മാന്‍െറ ഇരട്ട ഗോളില്‍ റഷ്യന്‍ ക്ളബ് റോസ്തോവിനെ 2-1ന് തോല്‍പിച്ചായിരുന്നു മുന്നേറ്റം. ഇതേ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് 2-1ന് പി.എസ്.വി ഐന്തോവനെ വീഴ്ത്തി. റോബര്‍ട് ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോളുകളായിരുന്നു വിജയമൊരുക്കിയത്. അത്ലറ്റികോക്ക് 12ഉം, ബയേണിന് ഒമ്പത് പോയന്‍റുമാണുള്ളത്.

Tags:    
News Summary - uefa champions league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.