ലണ്ടൻ: യൂറോപ്യൻ ഫുട്ബാളിലെ പുതുപരീക്ഷണമായി അവതരിച്ച യുവേഫ നേഷൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ അവസാന അങ്കങ്ങൾക്ക് കളമൊരുങ്ങുന്നു. വ്യാഴം-വെള്ളി, തിങ്കൾ-ചൊവ്വ ദിവസങ്ങളിലായി ഗ്രൂപ് റൗണ്ടിലെ മുഴുവൻ പോരാട്ടങ്ങൾക്കും കൊടിയിറങ്ങും. മൂന്നു ടീമുകൾ വീതം മത്സരിക്കുന്ന ആദ്യ നാല് ഗ്രൂപ്പിൽനിന്നും ഒന്നാം സ്ഥാനക്കാർക്കു മാത്രമാണ് നേഷൻസ് ലീഗ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത. എന്നാൽ, ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാർ അടുത്ത വർഷം ലീഗ് ‘ബി’യിലേക്ക് തരംതാഴ്ത്തപ്പെടും. ഇൗ ഭീഷണിയിൽ നിർണായകമാണ് വ്യാഴാഴ്ച മുതലുള്ള പോരാട്ടങ്ങൾ.
റഷ്യൻ മണ്ണിൽ നാണംകെട്ട മുൻ ലോക ചാമ്പ്യന്മാരായ ജർമനി മറ്റൊരു നാണക്കേടിെൻറ വക്കിലാണിപ്പോൾ. മൂന്നു കളിയിൽ ഒരു പോയൻറ് മാത്രമുള്ളവർ തരംതാഴ്ത്തപ്പെടാതിരിക്കാൻ ഇനി നെതർലൻഡ്സിനെ തോൽപിച്ചേ മതിയാവൂ. അതുമാത്രം പോരാ, ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഡച്ചുകൾക്കെതിരെ ജയിക്കാൻ പ്രാർഥിക്കുകയും വേണം.
വ്യാഴാഴ്ച നെതർലൻഡ്സിനെതിരെ ഫ്രാൻസ് ജയിച്ചാൽ ലോക ചാമ്പ്യന്മാർ ഗ്രൂപ് ജേതാക്കളാവും. അതേസമയം, രണ്ടു കളി ബാക്കിയുള്ള നെതർലൻഡ്സ് ഫ്രാൻസിനെ തോൽപിക്കുകയും ജർമനിക്കെതിരെ സമനില നേടുകയും ചെയ്താൽ സമവാക്യങ്ങൾ മാറും. നെതർലൻഡ്സ് ഒന്നാമതാവും, ജർമനി പുറത്താവും.
ബെൽജിയമോ സ്വിറ്റ്സർലൻഡോ, ആരാവും ഗ്രൂപ് ജേതാക്കൾ. രണ്ടു കളി ബാക്കിയുള്ള ബെൽജിയത്തിനാണ് സാധ്യതകൾ. വ്യാഴാഴ്ച െഎസ്ലൻഡിനെ വീഴ്ത്തിയാൽ വെല്ലുവിളികളില്ലാതെ അവർ മുന്നേറും. തോറ്റാൽ, സ്വിറ്റ്സർലൻഡിനാണ് പ്രതീക്ഷ. സ്വിസ് x ബെൽജിയം അവസാന മത്സരം ഗ്രൂപ്പിെൻറ വിധി നിശ്ചയിക്കും. പോയൻറ് നില തുല്യമായാൽ ഗോൾ വ്യത്യാസമാവും നിർണായകം. നിലവിൽ സ്വിറ്റ്സർലൻഡിനാണ് മുൻതൂക്കം.
രണ്ടു കളി ബാക്കിയുള്ള പോർചുഗലിന് ഒരു സമനില കൊണ്ട് ഫൈനൽ റൗണ്ടിൽ ഇടംനേടാം. ഒരു കളി ബാക്കിയുള്ള ഇറ്റലിക്കെതിരെ ശനിയാഴ്ചയാണ് പോരാട്ടം. നാലു പോയൻറുള്ള ഇറ്റലിക്കുമുണ്ട് സ്വപ്നം കാണാൻ അവസരം. പോർചുഗലിനെതിരെ ജയിക്കുകയും പോളണ്ട് പോർചുഗലിനെ വീഴ്ത്തുകയും ചെയ്താൽ അസൂറികൾക്ക് ഫൈനൽ റൗണ്ടിലേക്ക് പറക്കാം. ഏറെ നാടകീയതകൾ ബാക്കിയുള്ള ഗ്രൂപ്പാണിത്. മുൻ ലോക ചാമ്പ്യൻ സ്പെയിൻ ഒന്നാമത്, രണ്ടു കളി ബാക്കിയുള്ള ക്രൊയേഷ്യ ഒരു ജയംപോലുമില്ലാതെ മൂന്നാമതും. പാതിവഴിയിൽ ഇംഗ്ലണ്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.