മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗ്വാർഡിയോളക്കെതിരെ വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം പാട്രിക് എവ്റ. പെപ് ഫുട്ബാളിനെ കൊല്ലുകയാണെന്നാണ് എവ്റ പറയുന്നത്. പെപ്പിന്‍റെ കീഴിൽ കളിക്കാത്തതിൽ സന്തോഷമാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കളിക്കുന്ന കാലത്ത് ഒരുപാട് ക്ലബ്ബിന്‍റെ ഭാഗമായ എവ്റ 2019ലാണ് ഫുട്ബോളിൽ നിന്നും വിരമിക്കുന്നത്. അതിന് ശേഷം അവസരം ലഭിക്കുമ്പോഴെല്ലാം പെപ്പിന്‍റെ ശൈലിയെ അദ്ദേഹം വിമർശിക്കാറുണ്ട്.
' ഗ്വാർഡിയോള ഏറ്റവും മികച്ച മാനേജർമാരിൽ ഒരാളാണ്. എന്നാൽ അദ്ദേഹം ഫുട്ബോളിനെ കൊന്നു. ഞാൻ ഇത് പറയുമ്പോൾ യുനൈറ്റഡ്-സിറ്റി വഴക്കിന്‍റെ പുറത്ത് പറയുന്നതാണെന്ന് നിങ്ങൾ പറയും. എന്നാൽ അല്ല, ഇപ്പോൾ നമുക്ക് ലഭിക്കുന്നത് റോബോട്ടുകളെയാണ്. അക്കാദമിയിലും എല്ലാർക്കും ഗ്വാർഡിയോളയെ പോലെ കളിച്ചാൽ മതി. ഗോൾക്കീപറിന് വരെ പത്താം നമ്പർ ആകണം, എല്ലാവർക്കും അടിപൊളിയായി തന്നെ കളിക്കണം.
ഈ ടിക്കി-ടാക്ക, ഗ്വാർഡിയോളക്ക് മാത്രമെ സാധിക്കുകയുള്ളൂ. എന്തിനാണ് ബാക്കിയുള്ളവർ അത് അനുകരിക്കുന്നത്. നമുക്ക് ക്രിയാത്മക നഷ്ടപ്പെടുകയാണ്. റൊണാൾഡീഞ്ഞോയെ പോലെയോ ഹസാർഡിനെ പോലെയോയുള്ള താരങ്ങളെ ഇനി നമുക്ക് കാണുവാൻ സാധിക്കില്ല. കാരണം ഇനിയുള്ള യുവതാരങ്ങളോട് പറയാൻ പോകുന്നത് പാസ് ചെയ്തില്ലെങ്കിൽ നിങ്ങൾ ബെഞ്ചിൽ ഇരിക്കുമെന്നാണ്. എല്ലാ ഫുട്ബോളും സ്ട്രീറ്റിൽ നിന്നുമാണ് തുടങ്ങുന്നതെന്ന് മനസിലാക്കണം,' എവ്റ പറഞ്ഞു.
എവ്റ മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ഗ്വാർഡിയോളയുടെ ബാഴ്സലോണക്കെതിരെ രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.