സൂപ്പർ ലീഗ് കേരളയിൽ ഫൈനലിൽ കടന്ന കാലിക്കറ്റ് എഫ്.സി താരങ്ങളുടെ ആഹ്ലാദവും തിരുവനന്തപുരം കൊമ്പൻസ് താരങ്ങളുടെ നിരാശയും 

കൊമ്പന്മാരെ തളച്ച് കാലിക്കറ്റ് എഫ്.സി സൂപ്പർ ലീഗ് കേരള ഫൈനലിൽ

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1ന് പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്.സി ഫൈനലിൽ കടന്നു. വാശിയേറിയ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് കാലിക്കറ്റ് എഫ്.സിയുടെ ഫൈനൽ പ്രവേശനം.

കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി, ഗനി അഹമ്മദ് നിഗം എന്നിവരും കൊമ്പൻസിനായി ഓട്ടമർ ബിസ്‌പോയും ഗോൾ നേടി.

അബ്ദുൽ ഹക്കു കാലിക്കറ്റിനെയും ബ്രസീലുകാരൻ പാട്രിക് മോട്ട കൊമ്പൻസിനെയും നയിച്ച മത്സരത്തിൽ ശ്രദ്ധയോടെയാണ് ഇരു ടീമുകളും തുടങ്ങിയത്. 41ാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി കൊമ്പൻസിന് ലീഡ്. ബോക്സിൽ വെച്ചുള്ള റിച്ചാർഡ് ഓസെയുടെ ഹാൻഡ് ബോളിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ഓട്ടമർ ബിസ്‌പോയുടെ വെടിച്ചില്ല് കിക്ക് കാലിക്കറ്റ് പോസ്റ്റിൽ തുളച്ചുകയറി (1-0). ആദ്യ പകുതിയിൽ കൊമ്പൻസ് ഒരു ഗോളിന് മുന്നിൽ. 


രണ്ടാം പകുതിയുടെ തുടക്കത്തിൽ തോയ് സിംഗിന് പകരം കാലിക്കറ്റ് പി.എം. ബ്രിട്ടോയെ കൊണ്ടുവന്നു. പിന്നാലെ ഗോളിയുമായി കൂട്ടിയിടിച്ചു പരിക്കേറ്റ കാലിക്കറ്റ് നായകൻ അബ്ദുൽ ഹക്കു കളം വിട്ടു. പകരമെത്തിയത് ബ്രസീൽ താരം റാഫേൽ സാന്റോസ്.

അറുപതാം മിനിറ്റിൽ കാലിക്കറ്റ് കാത്തിരുന്ന സമനില നേടി. ബ്രിട്ടോയുടെ ഗ്രൗണ്ടർ പാസിൽ സ്കോർ ചെയ്തത് പകരക്കാരനായി വന്ന ജോൺ കെന്നഡി (1-1).

74ാം മിനിറ്റിൽ കാലിക്കറ്റ് വിജയഗോൾ കുറിച്ചു. കെന്നഡിയുടെ ബൈസിക്കിൾ കിക്ക് ക്രോസ്സ് ബാറിൽ തട്ടി തിരിച്ചുവന്നപ്പോൾ കാത്തിരുന്ന ഗനി അഹമ്മദ് നിഗം ഉജ്ജ്വല ഷോട്ടിലൂടെ പന്ത് പോസ്റ്റിലെത്തിച്ചു (1-2).

അവസാന മിനിറ്റുകളിൽ പകരക്കാരെ ഇറക്കി കൊമ്പൻസ് സമനിലക്കായി പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ബുധനാഴ്ച നടക്കുന്ന കണ്ണൂർ വാരിയേഴ്‌സ് - ഫോഴ്‌സ കൊച്ചി രണ്ടാം സെമി ഫൈനലിലെ വിജയികളുമായി 10ന് നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഏറ്റുമുട്ടും. 

Tags:    
News Summary - Super League Kerala Calicut fc enters final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.