ഉറങ്ങുന്ന സിംഹം എന്ന് ഇന്ത്യൻ ഫുട്ബാളിനെ വിശേഷിപ്പിച്ചത് രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ മുൻ തലവനായിരുന്ന സെപ് ബ്ലാറ്ററായിരുന്നു. വിശാലമായ ഭൂമിയും മനുഷ്യസമ്പത്തുമുള്ള രാജ്യത്തിൽ ഫിഫ ഫുട്ബാളിെൻറ വൻവിപണി കണ്ടു. പക്ഷേ, എത്ര തട്ടിവിളിച്ചിട്ടും ഉണരാതെ ഗാഢനിദ്രയിലായിരുന്നു ഇന്ത്യൻ ഫുട്ബാൾ. ഇപ്പോൾ കാര്യങ്ങൾ മാറി. ഉറക്കംവിട്ട് പതുക്കെ എഴുന്നേൽക്കുകയാണിപ്പോൾ. ആ ഉയിർത്തെഴുന്നേൽപിെൻറ വർഷമാണ് 2017. അണ്ടർ 17 ലോകകപ്പ് ഫൈനൽ വേദിയിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ ‘ഇന്ത്യ ഫുട്ബാൾ രാജ്യം’ എന്ന് പ്രഖ്യാപിച്ചതോടെ ലോകവും ആ വിശേഷണം നെഞ്ചേറ്റിക്കഴിഞ്ഞു.
ലോകകപ്പ് ഒരു വിളംബരം
നാലു വർഷം മുമ്പ് അരങ്ങേറിയ ഇന്ത്യൻ സൂപ്പർ ലീഗിലൂടെ തുടങ്ങിയ മാറ്റത്തിന് ഉൗർജം പകരുന്നതായിരുന്നു അണ്ടർ 17 ലോകകപ്പിെൻറ വരവ്. ചരിത്രത്തിലിടം നൽകിയ സംഘാടനത്തിലൂടെ കൗമാരലോകകപ്പിനെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സംഭവബഹുലമാക്കി. ആദ്യ ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമും മോശമാക്കിയില്ല. ഒരു കളിപോലും ജയിച്ചില്ലെങ്കിലും നേടിയ ഏകഗോളിലും കരുത്തരായ എതിരാളികൾക്കെതിരായ പ്രകടനത്തിലും അവർ മേൽവിലാസമറിയിച്ചു. ജീക്സൺ സിങ്ങിെൻറ ഗോളും മലയാളിതാരം കെ.പി. രാഹുൽ ഉൾപ്പെടെയുള്ള കൗമാരക്കാരുടെ പ്രകടനവുമെല്ലാം കൈയടി നേടി. കാണികളുടെ സാന്നിധ്യംകൊണ്ടും കൗമാര ലോകകപ്പ് ചരിത്രം കുറിച്ചു. 13.47 ലക്ഷത്തിലേറെ പേർ സ്റ്റേഡിയത്തിലെത്തിയപ്പോൾ ലോകകപ്പിെൻറ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ജനബാഹുല്യമായി മാറി.
നൂറിൽ ഒന്നായി
20 വർഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിങ്ങിന് സാക്ഷിയായതും ഇൗ വർഷമായിരുന്നു. ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടംപിടിച്ച് സുനിൽ ഛേത്രിയും സംഘവും മാറ്റത്തിെൻറ കാറ്റ് കളത്തിലുമെത്തിയെന്ന് തെളിയിച്ചു. 2017 ജനുവരി പിറക്കുേമ്പാൾ 129ാം റാങ്കിലായിരുന്നു നീലപ്പട. റാങ്കിങ് നോക്കിയുള്ള കളി ഫലംകാണാൻ താമസിച്ചില്ല. മൂന്ന് മാസത്തിനുള്ളിൽ 101ലെത്തി. ജൂൈലയിൽ 96ലെത്തിയപ്പോൾ റെക്കോഡിൽനിന്ന് രണ്ടു സ്ഥാനം മാത്രം അകലെ. 1996ൽ എത്തിയ 94 ആണ് ചരിത്രത്തിലെ ഏറ്റവും മികച്ച പദവി.
ഏഷ്യൻ സ്വപ്നം
1984നുശേഷം ആദ്യമായി എ.എഫ്.സി ഏഷ്യാകപ്പിന് നേരിട്ട് യോഗ്യതയും ഇക്കുറി പിറന്നു. യോഗ്യതാറൗണ്ടിൽ റണ്ണർ അപ്പായാണ് ഛേത്രിയും സംഘവും 2019ൽ യു.എ.ഇ വേദിയാവുന്ന ഏഷ്യാകപ്പിന് ഇടംപിടിച്ചത്.
വിജയത്തുടർച്ച
ഇൗ വർഷത്തിൽ ഒരു കളിപോലും തോൽക്കാതെയാണ് കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറൻ ടീമിനെ നയിച്ചത്. ആകെ കളിച്ച ഒമ്പതിൽ ഏഴിലും ജയം സ്വന്തമാക്കിയപ്പോൾ രണ്ടു കളി സമനിലയിൽ വഴങ്ങി. 2016 ജൂണിൽ ആരംഭിച്ച ജൈത്രയാത്ര 13 കളി പിന്നിട്ടപ്പോഴും തലകുനിക്കാതെ മുന്നോട്ട്.
െഎസോൾ വിപ്ലവം
വടക്കുകിഴക്കൻ മലമുകളിൽ ഫുട്ബാൾ പൂത്തുലയുകയാണ്. െഎ ലീഗിൽ മിസോറം ക്ലബ് െഎസോൾ എഫ്.സി കിരീടമണിഞ്ഞ് ഞെട്ടിച്ചു. ഗോവ, കൊൽക്കത്ത ക്ലബുകളെ പിന്തള്ളിയായിരുന്നു ഖാലിദ് ജമീലിെൻറ സംഘത്തിെൻറ അത്ഭുതം. അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും കണ്ടു വടക്കുകിഴക്കൻ കരുത്ത്. 23 അംഗ ടീമിൽ മണിപ്പൂരിൽനിന്നുള്ള എട്ടുപേർ ഇടംപിടിച്ചു.
ഒറ്റ രാജ്യം ഒറ്റ ലീഗ്
െഎ ലീഗും െഎ.എസ്.എല്ലും ഒന്നാവുന്ന ചർച്ചകൾ പുരോഗമിക്കുന്നു. ഭാവിയിൽ െഎ.എസ്.എല്ലിെൻറ ഒന്നാം നിര ചാമ്പ്യൻഷിപ്പാക്കി മാറ്റുന്നതിന് ഏഷ്യൻ ഫെഡറേഷെൻറ അംഗീകാരമായി. ടീമുകളുടെ എണ്ണം പത്താക്കി ഉയർത്തി, ടൂർണമെൻറ് ദൈർഘ്യം അഞ്ചു മാസമാക്കി മാറ്റി. പുതുവർഷത്തിൽ െഎ.എസ്.എൽ ചാമ്പ്യന്മാരും എ.എഫ്.സി ലീഗിൽ പന്തുതട്ടാനുണ്ടാവും. ഭാവിയിൽ സൂപ്പർ ലീഗ് ഒന്നാം ഡിവിഷനും െഎ ലീഗ് രണ്ടാം ഡിവിഷനുമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.