ടെന്നിസ് മിക്സഡ് ഡബ്ള്‍സ്: സാനിയ -ബൊപ്പണ്ണ ക്വാര്‍ട്ടറില്‍

റിയോ ഡെ ജനീറോ: അവശേഷിക്കുന്ന ഇന്ത്യന്‍ സ്വപ്നങ്ങളുടെ റാക്കറ്റേന്തി മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ - ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇനി രണ്ടു ജയംകൂടി താണ്ടാനായാല്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ പേരും തെളിയും. ആസ്ട്രേലിയന്‍ ജോടികളായ സാമന്ത സ്റ്റോസര്‍ -ജോണ്‍ പിയേഴ്സ് സഖ്യത്തെയാണ് സാനിയ -ബൊപ്പണ്ണ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. 73 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 7-5, 6-4 എന്ന ക്രമത്തിലായിരുന്നു ഇന്ത്യന്‍ വിജയം. മത്സരത്തിന്‍െറ തുടക്കത്തില്‍ പാളിയെങ്കിലും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ജോടിക്ക് അല്‍പസമയം വേണ്ടിവന്നു. പിന്നീട് താളം കണ്ടത്തെിയ സഖ്യം ആസ്ട്രേലിയന്‍ കൂട്ടുകെട്ടിനെ തുരത്തുന്ന കാഴ്ചയാണ് ബര്‍റയിലെ ടെന്നിസ് സെന്‍ററില്‍ കണ്ടത്.

ആദ്യ സെറ്റില്‍ സര്‍വുകള്‍ വിട്ടുകൊടുക്കാതെ ഒപ്പത്തിനൊപ്പം മുന്നേറുകയായിരുന്നു. ഒമ്പതാം ഗെയിമില്‍ പിയേഴ്സിന്‍െറ സര്‍വ് ബ്രേക് ചെയ്ത ഇന്ത്യന്‍ സഖ്യം 5-4ന് മുന്നിലത്തെി. എന്നാല്‍, അടുത്ത ഗെയിമില്‍ തിരിച്ചടിച്ച ഓസീസ് 5-5ന് ഒപ്പമത്തെി. പിന്നീട് തുടരെ രണ്ടു പോയന്‍റും കരസ്ഥമാക്കി 36 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ സഖ്യം 7-5ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റ് ആസ്ട്രേലിയക്കാര്‍ ആരംഭിച്ചതുതന്നെ ഡബ്ള്‍ ഫോള്‍ട്ടോടെയായിരുന്നു. 3-2ന് ഇന്ത്യ മുന്നില്‍ കടക്കുകയും ചെയ്തു. ‘കമോണ്‍ ഇന്ത്യ’ വിളികളില്‍ മുങ്ങിയ ഗാലറി പകര്‍ന്ന ആവേശത്തില്‍ കത്തിക്കയറിയ ഇന്ത്യന്‍ സഖ്യം കരുത്തോടെ മുന്നേറി. പത്താം ഗെയിമില്‍ തുടര്‍ച്ചയായി മൂന്നു എയ്സുകള്‍ പായിച്ചുകൊണ്ട് ബൊപ്പണ്ണ ഇന്ത്യന്‍ വിജയത്തിന് അടിവരയിട്ടു. ഇന്ത്യന്‍ കായിക മന്ത്രി വിജയ് ഗോയല്‍, ഇന്ത്യന്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസ്, സായി ഡയറക്ടര്‍  ഇന്‍ജതി ശ്രീനിവാസ് എന്നിവരും ഇന്ത്യന്‍ ജോടികളുടെ പ്രകടനം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.