തോൽവി; സാനിയ-ബൊപ്പണ്ണ സഖ്യത്തിന് വെങ്കലമില്ല

റിയോ ഡെ ജനീറോ: ഇല്ല ടെന്നിസിലും ഇന്ത്യക്ക് മെഡലൊന്നുമില്ല. ടെന്നിസ് കോര്‍ട്ടില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ കൂട്ടുകെട്ട് റിയോയില്‍ മിക്സഡ് ഡബ്ള്‍സില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ കാര്യമായ വെല്ലുവിളിയുയര്‍ത്താതെ  കീഴടങ്ങി 130 കോടി ജനങ്ങളുടെ മോഹത്തെ കരിച്ചുകളഞ്ഞു. ചെക് റിപ്പബ്ളിക്കില്‍നിന്നുള്ള ലൂസീ ഹ്രാഡെക്ക്-റാഡക്ക് സ്റ്റെപാനക്ക് ടീമാണ് ഇന്ത്യയെ കടപുഴക്കിയത്. സ്കോര്‍: 6-1, 7-5. നിരന്തരം പിഴവുവരുത്തി ആദ്യ സെറ്റ് അനായാസം നഷ്ടപ്പെടുത്തിയതിന്‍െറ വിലയായിരുന്നു ഇന്ത്യയുടെ തോല്‍വി. രണ്ടാം സെറ്റില്‍ ഇന്ത്യ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. റിയോയില്‍ നട്ടുച്ച 12 മണിക്കാരംഭിച്ച മത്സരത്തില്‍ ആദ്യ സെറ്റില്‍ തുടക്കംമുതല്‍ മുന്‍തൂക്കം ചെക് സഖ്യത്തിനായിരുന്നു. രണ്ടാം ഗെയിമില്‍ സര്‍വിസ് ഭേദിച്ച് മുന്നേറിയ അവര്‍ക്ക് ചെറിയതോതില്‍ വെല്ലുവിളിയുയര്‍ത്താന്‍പോലും ഇന്ത്യന്‍ സഖ്യത്തിനായില്ല.  ചെക് ആക്രമണത്തിന് നേതൃത്വം നല്‍കിയത് വനിതാതാരമായ ലുസീ ഹ്രാഡെക്ക് തന്നെയായിരുന്നു.

സാനിയയും ബൊപ്പണ്ണയുമാകട്ടെ പൊരിവെയിലില്‍ തളര്‍ന്നപോലെയാണ് റാക്കറ്റേന്തിയത്. മൂര്‍ച്ചയില്ലാത്ത സര്‍വുകളും ദുര്‍ബലമായ റിട്ടേണുകളും. എതിര്‍കോര്‍ട്ടിലെ ശൂന്യസ്ഥലങള്‍ കണ്ടത്തെുന്നതിലും ഇരുവരും പരാജയപ്പെട്ടു. പലപ്പോഴും റിട്ടേണുകള്‍ പുറത്തേക്കാണ് പന്തിനെ പായിച്ചത്.
ആദ്യ സെറ്റ് 29 മിനിറ്റില്‍ ചെക് ടീം കൈയടക്കി. 0-5ന് പിന്നിലായ ശേഷമാണ് ഇന്ത്യക്ക് ഒരു ഗെയിം സ്വന്തമാക്കാനായത്. പക്ഷേ, അടുത്ത ഗെയിമില്‍ കീഴടങ്ങി സെറ്റ് വിട്ടുകൊടുക്കുകയായിരുന്നു ഇന്ത്യക്കാര്‍. രണ്ടാം സെറ്റില്‍ രണ്ടാം ഗെയിം സര്‍വിസ് ഭേദിച്ചുനേടിയ ഇന്ത്യ തിരിച്ചുവരവിന്‍െറ സൂചനകള്‍ കാട്ടി. 3-1ന് മുന്നില്‍ കയറുകയും ചെയ്തു. പക്ഷേ, അതോടെ ചെക് ടീമും മുറുകി. സ്്കോര്‍ 3-3. അടുത്ത ഗെയിം ഇന്ത്യക്ക്. വീണ്ടും ചെക്. 4-4. വീണ്ടും അവരവരുടെ സര്‍വുകളില്‍ ഗെയിം സ്വന്തമാക്കിയപ്പോള്‍ സ്കോര്‍ 5-5. ഇരുഭാഗത്തും പിരിമുറുക്കം. പക്ഷേ, ബൊപ്പണ്ണയുടെ ഒരു പിഴവില്‍ ചെക് ടീം അടുത്ത ഗെയിം സ്വന്തമാക്കി. അധികം വൈകാതെ മത്സരവും വെങ്കലവും ചെക് ജോടി ഉറപ്പിച്ചു.

 ശനിയാഴ്ച രാത്രി നടന്ന സെമിഫൈനലില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ ടീം അമേരിക്കയുടെ സെറീന വില്യംസ്-രാജീവ് റാം സഖ്യത്തോട് വിജയം കളഞ്ഞുകുളിക്കുകയായിരുന്നു. ആദ്യ സെറ്റ് 6-2ന് അനായാസം വിജയിച്ച് ഇന്ത്യക്കാരെ മോഹിപ്പിച്ച സാനിയയും രോഹനും അടുത്ത സെറ്റ് അതേ സ്കോറിന് അമേരിക്കക്കാര്‍ക്ക് മുന്നില്‍ അടിയറവെച്ചു. തുടര്‍ന്ന് നടന്ന സൂപ്പര്‍ ടൈ ബ്രേക്കറില്‍ 3-10ന് വെല്ലുവിളി അവസാനിപ്പിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയന്‍ ടീമിനെയും ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പര്‍ ആന്‍ഡി മറെയുടെ ജോടിയെയും നിഷ്പ്രഭരാക്കിയ ഇന്ത്യന്‍ സംഘം നിര്‍ണായക സെമി മത്സരത്തില്‍ കവാത്ത് മറന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.