ടെന്നീസ് താരം ഷറപ്പോവക്ക് രണ്ടു വര്‍ഷം വിലക്ക്

ലണ്ടൻ: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ രാജ്യാന്തര ടെന്നിസ് മൽസരങ്ങളിൽ നിന്ന് രണ്ടു വർഷത്തേക്കു വിലക്കി. ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണിത്. രാജ്യാന്തര ടെന്നിസ് ഫെഡറേഷനാണ് (ഐടിഎഫ്) വിലക്കിയത്. ജനുവരിയിലെ ഓസ്ട്രേലിയൻ ഓപ്പൺ മൽസരത്തിൽ മെൽഡോണിയം എന്ന നിരോധിത മരുന്ന് ശരീരത്തിൽ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് മാർച്ചിൽ താൽക്കാലികമായി വിലക്കിയിരുന്നു. വിലക്കിനെതിരേ അപ്പീല്‍ പോകുമെന്ന് ഷറപ്പോവ പറഞ്ഞു.

2006 മുതല്‍ താന്‍ മെല്‍ഡോണിയം അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതായി ഷറപ്പോവ സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് ഈ മരുന്ന് നിരോധിച്ചിരുന്നില്ലെന്നും 2016 മുതലാണ് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ മെല്‍ഡോണിയം സ്ഥാനം പിടിച്ചതെന്നും താരം അവകാശപ്പെട്ടു. മരുന്ന് കഴിക്കും മുമ്പ് പുതുക്കിയ പട്ടിക വായിച്ചിരുന്നില്ലെന്നും പരിശോധനയില്‍ പരാജയപ്പെട്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഷറപ്പോവ പറഞ്ഞിരുന്നു.

അതേസമയം, മെൽഡോണിയം ശരീരത്തിൽ എത്രനാൾ ഉണ്ടാകുമെന്ന് തിരിച്ചറിയാനായിട്ടില്ലെന്ന് ഏപ്രിലിൽ ശാസ്ത്രജ്ഞൻമാർ അംഗീകരിച്ചിരുന്നു. മാത്രമല്ല, മാർച്ച് ഒന്നിനു മുമ്പ് പരിശോധനയിൽ പോസിറ്റീവ് ആണെന്നു തെളിയുന്ന അത്‌ലറ്റുകളെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്നും ശാസ്ത്രസംഘം അഭ്യർഥിച്ചിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.