ദ്യോകോവിച് ക്വാര്‍ട്ടറില്‍; നദാലിനെ കീഴടക്കി പൗളി

ന്യൂയോര്‍ക്ക്: സുവര്‍ണകാലത്തിന് അന്ത്യമായെന്ന സൂചനയേകി റാഫേല്‍ നദാല്‍ യു.എസ് ഓപണ്‍ ടെന്നിസ് പുരുഷ സിംഗ്ള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്ത്. ലോകറാങ്കിങ്ങില്‍ 25ാം സ്ഥാനത്തുള്ള ഫ്രാന്‍സിന്‍െറ ലൂകാസ് പൗളിയാണ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ നാലാം സീഡായ നദാലിനെ മലര്‍ത്തിയടിച്ചത്. സ്കോര്‍: 6-1, 2-6, 6-4, 3-6, 7-6. നാട്ടുകാരനായ ഗെയില്‍ മോണ്‍ഫില്‍സാണ് പൗളിയുടെ ക്വാര്‍ട്ടറിലെ എതിരാളി. സൈപ്രസിന്‍െറ മാര്‍കോ ബാഗ്ദത്തീസിനെയാണ് മോണ്‍ഫില്‍സ് തോല്‍പിച്ചത്. സ്കോര്‍: 6-3, 6-2, 6-3. ഫ്രാന്‍സിന്‍െറ ജോ വില്‍ഫ്രഡ് സോംഗയും അവസാന എട്ടില്‍ കടന്നു. ആതിഥേയരുടെ ജാക് സോക്കിനെ മറികടന്നാണ് സോംഗയുടെ കുതിപ്പ്. 1947ന് ശേഷം ആദ്യമായാണ് മൂന്ന് ഫ്രഞ്ച് താരങ്ങള്‍ ഒരുമിച്ച് ഗ്രാന്‍ഡ്സ്ളാമിന്‍െറ ക്വാര്‍ട്ടറിലത്തെുന്നത്. ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചാണ് ക്വാര്‍ട്ടറില്‍ സോംഗയുടെ എതിരാളി. ബ്രിട്ടന്‍െറ യുവതാരം കെയ്ല്‍ എഡ്മണ്ടിനെയാണ് ദ്യോകോവിച് പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയത്. 6-2, 6-1, 6-4.

ഈ വര്‍ഷം ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റുകളില്‍ ക്വാര്‍ട്ടറില്‍  കടക്കാതെയാണ് സ്പാനിഷ് താരമായ നദാലിന്‍െറ മടക്കം. ആസ്ട്രേലിയന്‍ ഓപണില്‍ ഒന്നാം റൗണ്ടില്‍ കീഴടങ്ങിയ നദാലിന് ഫ്രഞ്ച് ഓപണില്‍ മൂന്നാം റൗണ്ടിലായിരുന്നു തോല്‍വി. കൈക്കുഴയിലെ പരിക്ക് കാരണം വിംബ്ള്‍ഡണില്‍ കളിച്ചതുമില്ല. 2004ല്‍ കരിയറിന്‍െറ തുടക്ക വര്‍ഷത്തില്‍ നാല് ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റുകളിലും ക്വാര്‍ട്ടറില്‍ കടക്കാതിരുന്ന ശേഷം നദാലിന്‍െറ ഏറ്റവും നിരാശാജനകമായ വര്‍ഷമാണ് 2016. 2015ലെ ഫ്രഞ്ച് ഓപണിന് ശേഷം നദാലിന് ക്വാര്‍ട്ടര്‍ പ്രവേശം സ്വപ്നമാണ്. 2014ലെ ഫ്രഞ്ച് ഓപണിലെ നേട്ടമാണ് നദാലിന്‍െറ അവസാന ഗ്രാന്‍റ്സ്ളാം കിരീടം. റിയോ ഒളിമ്പിക്സിലും നദാല്‍ നേരത്തെ പുറത്തായിരുന്നു.
 

Lucas Pouille
 


വമ്പന്‍ സര്‍വുകളും തകര്‍പ്പന്‍ ഫോര്‍ഹാന്‍ഡും ബാക് ഹാന്‍ഡുമായി കളം നിറഞ്ഞ 22കാരനായ ലൂകാസ് പൗളിക്കെതിരെ ആദ്യ സെറ്റില്‍ നദാല്‍ തീര്‍ത്തും നിഷ്പ്രഭനായി. നദാലിന് പഴയപോലെ വേഗവുമുണ്ടായിരുന്നില്ല. നാല് മണിക്കൂറും എട്ട് മിനിറ്റും നീണ്ടതായിരുന്നു പോരാട്ടം. അഞ്ച് സെറ്റ് മത്സരങ്ങളില്‍ വീരനായ നദാലിന് ഇക്കുറി അടിപതറുകയായിരുന്നു. ഭാവിയിലെ മികച്ച താരമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്ന പൗളിയും അഞ്ച് സെറ്റ് പോരാട്ടങ്ങളില്‍ വിജയം തുടരുന്ന താരമാണ്. ആദ്യസെറ്റില്‍ തൊട്ടതെല്ലാം പിഴച്ച നദാല്‍ എളുപ്പം കീഴടങ്ങിയെങ്കിലും രണ്ടാം സെറ്റില്‍ ഗംഭീരമായി തിരിച്ചുവന്നു. മൂന്നാം സെറ്റില്‍ പൗളിയും നാലാം സെറ്റില്‍ നദാലും ജയിച്ചതോടെ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ 23000ഓളം കാണികള്‍ക്ക് ആവേശം ഇരട്ടിയായി.

നിര്‍ണായകമായ ടൈബ്രേക്കറില്‍ എതിരാളിയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് നദാല്‍ ഒരു ഘട്ടത്തില്‍ 4-2ന് മുന്നിലത്തെി. 14 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ സ്വന്തമായുള്ള നദാലിന് ജയത്തിലേക്ക് മുന്നേറാനാകുമെന്ന് ആരാധകര്‍ വിശ്വസിച്ച സമയമായിരുന്നു അത്. എന്നാല്‍, ഫ്രഞ്ച് താരം 3-4 എന്ന നിലയില്‍ തിരിച്ചുവരവ് തുടങ്ങി. പിന്നീട് 6-6ല്‍ നില്‍ക്കെ സ്പാനിഷ് താരത്തിന്‍െറ ഫോര്‍ഹാന്‍ഡ് നെറ്റില്‍ പതിച്ചു. ജയിക്കാനുള്ള സുവര്‍ണാവസരം നഷ്ടമാക്കുകയായിരുന്നെന്ന് നദാല്‍ പറഞ്ഞു. മാനസികമായും ശാരീരികമായും കരുത്തനാണെന്ന തോന്നല്‍ വിജയത്തിലേക്ക് നയിച്ചെന്ന് പൗളി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.