ന്യൂയോര്‍ക്: ഇളംപ്രായക്കാര്‍ അരങ്ങുതകര്‍ക്കുന്ന ടെന്നിസ് കോര്‍ട്ടില്‍ ‘പക്വത’യോടെ കുതിക്കുകയാണ് സ്റ്റാനിസ്ലാസ് വാവ്റിങ്ക എന്ന സ്വിറ്റ്സര്‍ലന്‍ഡ് താരം. റോജര്‍ ഫെഡറര്‍ എന്ന ഇതിഹാസ താരത്തിന്‍െറ നിഴലിലൊതുങ്ങിയ വാവ്റിങ്ക, അല്‍പം വൈകിയെങ്കിലും ലോക ടെന്നിസില്‍ സ്വന്തമായി ഒരിടമുറപ്പിക്കുകയാണ്.
സ്വിസ് വാച്ചിന്‍െറ കൃത്യതയും പേടമാനിന്‍െറ ശാന്തതയും നിറഞ്ഞ വാവ്റിങ്കയുടെ റാക്കറ്റിന്‍െറ മൂര്‍ച്ച ഒടുവില്‍ അനുഭവിച്ചത് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചാണ്. യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സില്‍ ദ്യോകോവിച്ചിനെ നാല് സെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ച് മൂന്നാം സീഡായ വാവ്റിങ്ക കിരീടം സ്വന്തമാക്കി. സ്കോര്‍: 6-7, 6-4, 7-5, 6-3.
31 വയസ്സും നാലര മാസവും പ്രായമുള്ള വാവ്റിങ്ക കിരീടം ചൂടിയപ്പോള്‍ ചില പുതിയ കണക്കുകളും പിറന്നു. 46 വര്‍ഷത്തിനിടെ 30 വയസ്സിന് മേല്‍ പ്രായമുള്ള താരം ആദ്യമായാണ് ഈ നേട്ടത്തിലത്തെിയത്. ആസ്ട്രേലിയയുടെ കെന്‍ റോസ്വാള്‍ 1970ല്‍ 35ാം വയസ്സില്‍ യു.എസ് ഓപണ്‍ നേടിയിരുന്നു. 30 വയസ്സ് പിന്നിട്ടയുടന്‍ പീറ്റ് സാംപ്രാസ് 2002ല്‍ കിരീട ജേതാവായിരുന്നു. യു.എസ് ഓപണില്‍ ആദ്യമായി ജേതാവാകുന്ന വാവ്റിങ്കക്ക് ഇത് മൂന്നാം ഗ്രാന്‍റ്സ്ളാം കിരീടമാണ്.
2014ല്‍ ആസ്ട്രേലിയന്‍ ഓപണും 2015ല്‍ ഫ്രഞ്ച് ഓപണും നേടിയിരുന്നു. ഫെഡറര്‍ക്ക് ശേഷം ഗ്രാന്‍റ്സ്ളാം നേടുന്ന സ്വിസ് പുരുഷതാരമാണ് വാവ്റിങ്ക. 13ാം ഗ്രാന്‍റ്സ്ളാമും മൂന്നാം യു.എസ് ഓപണ്‍ കിരീടവുമെന്ന ദ്യോകോവിച്ചിന്‍െറ സ്വപ്നമാണ് ഫ്ളെഷിങ് മെഡോസില്‍ വീണുടഞ്ഞത്.
‘നൊവാക് മഹാനായ ചാമ്പ്യനും ഉജ്ജ്വല വ്യക്തിത്വവുമാണ്. നിങ്ങള്‍ കാരണമാണ് ഞാന്‍ ജേതാവായത്. അതിശയിപ്പിക്കുന്നതാണീ നേട്ടം. ജേതാവാകുകയെന്ന ലക്ഷ്യത്തോടെയല്ല എത്തിയത്’ -മത്സരശേഷം വാവ്റിങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.