ബംഗളൂരു: മഹേഷ് ഭൂപതി നോൺ പ്ലെയിങ് ക്യാപ്റ്റനായ ഇന്ത്യയുടെ ഡേവിസ് കപ്പ് ടെന്നിസ് ടീമിൽനിന്നും വെറ്ററൻതാരം ലിയാണ്ടർ പേസിനെ ഒഴിവാക്കി. ബംഗളൂരുവിൽ ഇന്നാരംഭിക്കുന്ന ഏഷ്യ ഒാഷ്യാനിയ ഗ്രൂപ് ഒന്ന് രണ്ടാം റൗണ്ടിൽ ഉസ്ബകിസ്താനെതിരായ മത്സരത്തിനുള്ള ഡബ്ൾസ് ടീമിൽ നിന്നാണ് ഗ്രാൻഡ്സ്ലാം ചാമ്പ്യനെ ഒഴിവാക്കിയത്. നേരത്തെ റിസർവ് ടീമിൽ ഇടം നൽകിയ പേസിനെ അവഗണിച്ചപ്പോൾ, ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും മത്സരിക്കും.
തന്നെ ഒഴിവാക്കിയതിനെതിരെ മഹേഷ് ഭൂപതിക്കെതിരെ ആഞ്ഞടിച്ച് പേസ് രംഗത്തെത്തി. വ്യക്തിവൈരാഗ്യം ഇതുപോലെ ഒരാൾക്കെതിരെയും പ്രയോഗിക്കരുതെന്ന് കുപിതനായ പേസ് പറഞ്ഞു. പ്രകടനമല്ല ടീം തെരഞ്ഞെടുപ്പിന് മാനദണ്ഡമായത്. ബംഗളൂരുവിനെക്കാൾ ഇരട്ടി സമുദ്രനിരപ്പിൽ നിന്നുയർന്ന് നിൽക്കുന്ന മെക്സികോയിലെ ലിയോണിൽ ഡബ്ൾസിൽ ജേതാവായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കണെമന്ന അദമ്യമായ ആഗ്രഹത്താലാണ് ലിയോണിൽനിന്ന് പറന്നെത്തിയത്. ഒന്ന് ഫോൺ വിളിച്ച് നേരത്തേ പറയാമായിരുന്നെന്നും പേസ് പ്രതികരിച്ചു. മത്സരങ്ങൾക്കായി പരിശീലനം തുടരുെമന്നും രാജ്യത്തിന് വേണ്ടി കളിക്കണെമന്ന ആവേശം തല്ലിക്കെടുത്താൻ ഒരു വ്യക്തികൾക്കുമാവില്ലെന്നും വെറ്ററൻ താരം പറഞ്ഞു.
1990ൽ ഡേവിസ് കപ്പിൽ കളിച്ചു തുടങ്ങിയ പേസ് 27 വർഷത്തിനിടെ ആദ്യമായാണ് ടീമിന് പുറത്താവുന്നത്. ഡേവിസ് കപ്പിൽ 42 മത്സരം ജയിച്ച്, ഇറ്റാലിയൻ ഇതിഹാസ താരം നികോ പിയട്രാഞ്ചലിക്കൊപ്പം റെക്കോഡ് പങ്കിടുന്ന പേസിന് ലോകറെക്കോഡ് സ്വന്തംപേരിലാക്കാൻ ഒരു ജയം മാത്രം മതി. ഇതിനിടയിലാണ് അവഗണന. ബൊപ്പണ്ണ -ശ്രീറാം സഖ്യത്തിന് ഉസ്ബകിസ്താെൻറ ഫറൂഖ് ദസ്തോവ്-സഞ്ജർ ഫായിസീവ് സഖ്യമാണ് എതിരാളി. സിംഗ്ൾസിൽ യൂകി ഭാംബ്രിക്ക് പകരം രാംകുമാർ രാമനാഥനാവും ഇന്ത്യയുടെ പ്രധാന താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.