ബർലിൻ: 15 മാസംകൊണ്ട് ഒരായുസ്സിെൻറ ദുരിതപർവം താണ്ടിയ മരിയ ഷറപോവ തിങ്കാഴ്ച വീണ്ടും കോർട്ടിൽ. ഉത്തേജകമരുന്ന് വിവാദത്തിൽ കുരുങ്ങി കളത്തിനുപുറത്തായ റഷ്യൻ ടെന്നിസ് സുന്ദരി സ്റ്റുട്ട്ഗട്ട് ഒാപൺ ചാമ്പ്യൻഷിപ്പിലൂടെ ആരവങ്ങൾക്കു നടുവിൽ റാക്കറ്റേന്തും.

തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ ഇറ്റലിയുടെ മുൻ യു.എസ് ഒാപൺ റണ്ണറപ് റോബർട്ട വിൻസിയാണ് എതിരാളി. സഹതാരങ്ങളുടെ എതിർപ്പിനിടയിലും വൈൽഡ് കാർഡ് എൻട്രിയിലൂടെ പ്രവേശനം നേടിയ ഷറേപാവ, ഒന്നാം റൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് കോർട്ടിലിറങ്ങും.

തെൻറ വീഴ്ചയിൽ ആഹ്ലാദിച്ച എതിരാളികൾക്കും വിമർശകർക്കും മറുപടി നൽകാനുള്ള അവസരമായി ഉപയോഗപ്പെടുത്തിയാവും 30കാരി ജർമൻ മണ്ണിലിറങ്ങുന്നത്. 34കാരിയായ വിൻസി ഡബ്ല്യൂ.ടി.എ റാങ്കിങ്ങിൽ 35ാമതാണെങ്കിലും നിലവിൽ ഫോമിലല്ല. അടുത്തിടെ നടന്ന രണ്ട് ചാമ്പ്യൻഷിപ്പിലും ഒന്നാംറൗണ്ടിൽ പുറത്തായ ഇവർ, മാർച്ചിൽ ഇന്ത്യൻ വെൽസ് ഒന്നാം റൗണ്ടിലാണ് അവസാനമായി ഒരു കളിയിൽ ജയിച്ചത്. എന്നാൽ, രണ്ടാം റൗണ്ടിൽ കീഴടങ്ങിയിരുന്നു.

അതേസമയം, സസ്പെൻഷൻ കാലയളവിൽ കഠിന പരിശീലനത്തിലായിരുന്നു ഷറപോവ. അമേരിക്കയിലും റഷ്യയിലും സ്വിറ്റ്സർലൻഡിലുമായി നീണ്ട പരിശീലനം തുടർന്ന ഇവർ റാങ്കിങ് പട്ടികയിൽ ഇടംപിടിച്ച് ഫ്രഞ്ച് ഒാപൺ ചാമ്പ്യൻഷിപ്പിന് ഇടംനേടുകയെന്ന ലക്ഷ്യവുമായാണ് സ്റ്റുട്ട്ഗട്ടിൽ മത്സരിക്കുന്നത്. വിൻസിയെ ഒന്നാം റൗണ്ടിൽ എളുപ്പം മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ, രണ്ടാം റൗണ്ടിൽ ഏഴാം സീഡുകാരിയായ പോളണ്ടിെൻറ അഗ്നിസ്ക റഡ്വാൻസ്കയാവും എതിരാളി. ഷറപോവക്ക് വൈൽഡ് കാർഡ് എൻട്രി നൽകിയതിനെ രൂക്ഷമായി വിമർശിച്ച താരമാണ് റഡ്വാൻസ്ക. ഒന്നാം റൗണ്ടിൽ റഷ്യയുടെ എകത്രീന മകറോവയാണ് പോളിഷ് താരത്തിെൻറ എതിരാളി.

അഞ്ചുതവണ ഗ്രാൻഡ്സ്ലാം സിംഗിൾസ് ജേതാവായ ഷറപോവ 2016 ആസ്ട്രേലിയൻ ഒാപണിനു പിന്നാലെയാണ് ഉത്തേജക പരിശോധനയിൽ കുരുങ്ങുന്നത്. കഴിഞ്ഞ പത്തുവർഷമായി വിവിധ ആരോഗ്യപ്രശ്നങ്ങൾക്കായി ഉപയോഗിച്ച മെലഡോണിയം, ജനുവരി മുതൽ നിരോധിതമരുന്ന് പട്ടികയിൽ ഉൾപ്പെടുത്തിയത് അറിയാതെ കഴിച്ചുവെന്നാണ് താരത്തിെൻറ കുറ്റസമ്മതം. ഏറെ ആരാധകരുള്ള ഷറപോവയുടെ വെളിപ്പെടുത്തൽ ടെന്നിസ് ലോകത്ത് ഞെട്ടലായെങ്കിലും അവരുടെ നിരപരാധിത്വം വൈകാതെ തെളിഞ്ഞു.

ഫെഡറേഷൻ രണ്ടുവർഷം വിലക്കേർപ്പെടുത്തിയെങ്കിലും അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി  15 മാസമായി കുറച്ചു. വിലക്ക് കാലാവധി ഏപ്രിൽ 26നാണ് അവസാനിക്കുന്നതെങ്കിലും സ്റ്റുട്ട്ഗട്ടിൽ രണ്ടുദിവസം മുമ്പ് തന്നെ താരത്തിന് കളിക്കാൻ അനുമതിലഭിച്ചു. ഷറപോവക്ക് വൈൽഡ് കാർഡ് പ്രവേശനം നൽകിയതിനെ ആൻഡി മറെ, കരോലിൻ വോസ്നിയാകി, ആഞ്ജലിക് കെർബർ എന്നിവരും രംഗത്തുവന്നിരുന്നു.

Tags:    
News Summary - sharapova

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.