വാഷിങ്ടൺ: മുൻ ലോക ഒന്നാം നമ്പറും ടെന്നിസ് കോർട്ടിലെ താരസുന്ദരിയുമായ മരിയ ഷറപ ോവ വിരമിക്കൽ പ്രഖ്യാപിച്ചു. വോഗ് ആൻഡ് വാനിറ്റി ഫെയർ മാഗസിനിലെ കോളത്തിലൂടെയാ ണ് വിരമിക്കൽ പ്രഖ്യാപനം. അഞ്ച് ഗ്രാൻഡ്സ്ലാം, 36 ഡബ്ല്യൂ.ടി.എ കിരീടങ്ങൾ, 21 ആഴ്ചയോളം ലോക ഒന്നാം നമ്പർ പദവി എന്നിങ്ങനെ അസുലഭ നേട്ടങ്ങളുമായാണ് റഷ്യക്കാരി കളംവിടുന്ന ത്. തോളിനേറ്റ പരിക്ക് കാരണം ഏറെ നാളായി കളത്തിന് പുറത്തിരിക്കുന്ന 32കാരി 2014 ൽ റൊളാൻ ഡ് ഗാരോസിൽ വെച്ചാണ് അവസാനമായി ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.
ലോക റാങ്കിങ്ങിൽ നിലവിൽ 373ാം സ്ഥാനക്കാരിയാണ്. 2020 ആസ്ട്രേലിയൻ ഓപണിൽ തിരിച്ചെത്തിയെങ്കിലും ആദ്യ റൗണ്ടിൽ തന്നെ ഡോന്ന വെകിചിനോട് പുറത്തായിരുന്നു. ടെന്നിസിൽ ജീവിതം സമർപ്പിച്ച തനിക്ക് ടെന്നിസ് ജീവിതം നൽകിയതായും ടെന്നിസുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും തനിക്ക് മിസ് ചെയ്യുമെന്നും വികാരനിർഭരമായ വിടവാങ്ങൽ കുറിപ്പിൽ ഷറപോവ എഴുതിച്ചേർത്തു.
സെറീനക്കൊത്ത എതിരാളി
നാലാം വയസ്സിൽ റാക്കറ്റ് കൈയിലെടുത്ത ഷറപോവ ആറാം വയസ്സിൽ മാർട്ടിന നവരത്ത്ലോവയുടെ മോസ്കോയിലെ ടെന്നിസ് ക്ലിനിക്കിലൂടെയാണ് വളരുന്നത്. ഇതിഹാസ താരത്തിെൻറ ഉപദേശ പ്രകാരം കടം വാങ്ങിയ 700 ഡോളറുമായി പിതാവ് യൂറിക്കൊപ്പം ഏഴു വയസ്സുകാരി 1994ല്‍ യു.എസിലേക്ക് പറന്നു. ആന്ദ്രെ അഗാസി, മോണിക്ക സെലസ്, അന്ന കുര്‍ണിക്കോവ എന്നിവർ കളിപഠിച്ച ഫ്ലോറിഡയിലെ ഐ.എം.ജി അക്കാദമിയിലായിരുന്നു തുടർ പരിശീലനം.
2004ൽ ലോക ഒന്നാം നമ്പർ റാങ്കുകാരിയായ സെറീന വില്യംസിനെ അട്ടിമറിച്ച് വിംബ്ൾഡനിൽ കിരീടമണിഞ്ഞ് റെക്കോഡിട്ടാണ് ഷറപോവ വരവറിയിച്ചത്. എന്നാൽ, അത് വിംബ്ൾഡണിലെ പുല്‍മൈതാനത്തെ അവരുടെ ഏക കിരീടമായിരുന്നു. പിന്നീട് ആസ്ട്രേലിയന്‍ ഓപൺ (2008), യുഎസ് ഓപൺ (2006), ഫ്രഞ്ച് ഓപണ്‍ (2012, 2014) സ്വന്തമാക്കി. സെറീന വില്യംസിെൻറ ഏറ്റവും മികച്ച എതിരാളിയായി വിലയിരുത്തപ്പെട്ട അവർ മൂന്ന് ഗ്രാൻഡ്സ്ലാം ഫൈനലുകളിലാണ് പരാജയപ്പെട്ടത്. 2005ൽ ലോക ഒന്നാം നമ്പറാകുന്ന ആദ്യ റഷ്യക്കാരിയെന്ന നേട്ടം സ്വന്തമായി. ഇതിനുപുറമേ 2008ൽ ഫെഡ് കപ്പ് കിരീടവും, 2012 ലണ്ടൻ ഒളിമ്പിക്സിൽ വെള്ളിമെഡലും നേടി.
പരിക്ക് ഫുൾസ്റ്റോപ്പിട്ട കരിയർ
2007ലും 2008ലും തോളിനേറ്റ പരിക്ക് മൂലം അധികം കോർട്ടിലെത്താനായില്ല. സീസണിെൻറ പകുതി നഷ്ടമായ താരത്തിന് ബെയ്ജിങ് ഒളിമ്പിക്സിനുമിറങ്ങാനായില്ല. 2012ൽ ഫ്രഞ്ച് ഓപൺ വിജയിച്ച് കരിയർ ഗ്രാൻഡ്സ്ലാം തികക്കുന്ന 10 വനിതാ താരങ്ങളിൽ ഒരാളായി മാറി. 2014ലെ ഫ്രഞ്ച് ഓപണ്‍ കിരീട നേട്ടത്തിനുശേഷം തുടര്‍ച്ചയായ പരിക്കുകളായിരുന്നു. 2016ൽ ആസ്ട്രേലിയൻ ഓപണിനിടെ നിരോധിത മരുന്നായ മെലോഡിയം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് രണ്ടു വർഷത്തെ വിലക്ക് ലഭിച്ചു. എന്നാൽ, അപ്പീലിെൻറ ഫലമായി 15 മാസമായി ചുരുക്കി. പിറ്റേ വർഷം ഏപ്രിലിൽ കോർട്ടിൽ തിരിച്ചെത്തിയെങ്കിലും ഒരിക്കൽപോലും കരിയറിെൻറ തുടക്കത്തിലെ മികവിലേക്കുയരാൻ താരത്തിനായില്ല.
ഫാഷൻ ലോകത്തെ പ്രിയങ്കരി
കളത്തിനു പുറത്ത് തെൻറ സൗന്ദര്യത്തിെൻറ വിപണിമൂല്യം തിരിച്ചറിഞ്ഞ ഷറപോവ പരസ്യ വരുമാനത്തിലൂടെ ശതകോടികൾ സ്വന്തമാക്കി. 2010ൽ 70 ദശലക്ഷം ഡോളറിനാണ് ഷറപോവ നൈക്കിയുമായി കരാറിലെത്തിയത്. സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന താരം ലോകപ്രശസ്ത ബ്രാൻഡുകളായ നൈക്കി, ടിഫാനി എന്നിവരുമായി ചേർന്ന് ഫാഷൻ ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചു. വാഹന നിർമാതാക്കളായ പോർഷെയുടെ ആദ്യത്തെ വനിത അംബാസഡറാണ് ഷറേപാവ. എയ്വീയാൻ, ടാഗ് ഹ്യൂവർ, ഹെഡ്, കാനൺ, കോൾഹാൻ തുടങ്ങി നിരവധി കമ്പനികളുടെയും മുഖമായി മരിയ മാറി. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം മൂന്നു കോടി ഡോളറാണ് 2015ൽ ഷറപോവ പരസ്യത്തിലൂടെ മാത്രം സ്വന്തമാക്കിയത്. 2012ൽ ‘ഷുഗർപോവ’ എന്ന പേരിൽ മിഠായിയും ഷറപോവ വിപണിയിലിറക്കി. 20 ദശലക്ഷത്തിലധികം വിപണിമൂല്യമുള്ള ബ്രാൻഡായി പിൽക്കാലത്തത് വളർന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അവർ ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന കായിക താരങ്ങളിൽ ഒരാൾ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.