ന്യൂയോർക്: യു.എസ് ഒാപൺ വനിത വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ നവോമി ഒസാകയെ വീഴ്ത്തി 13ാം സീഡ് സ്വിറ്റ്സർലൻഡിെൻറ ബെലിൻഡ ബെൻസിച്. നേരിട്ടുള്ള സെറ്റുകൾക്കാണ് ബെലിൻഡ അട്ടിമറിവിജയം സ്വന്തമാക്കിയത്. സ്കോർ: 7-5 6-4. തോറ്റതോടെ, ലോക ഒന്നാം നമ്പർ പദവി താരത്തിന് നഷ്ടമാകും. പ്രീക്വാർട്ടറിൽ തോറ്റെങ്കിലും ആസ്ട്രേലിയയുടെ ആഷ്ലി ബാർതിക്ക് ഒന്നാം നമ്പർ തിരിച്ചുകിട്ടുകയും ചെയ്യും. ക്വാർട്ടറിൽ 23ാം സീഡ് ക്രൊയേഷ്യയുടെ ഡോണ വെകിച്ചാണ് ബെൻസിച്ചിെൻറ എതിരാളി. 26ാം സീഡ് ജർമനിയുടെ ജൂലിയ ജോർജസിനെ 6-7, 7-5, 6-3നാണ് വെകിച് തോൽപിച്ചത്. മറ്റു പ്രീക്വാർട്ടറുകളിൽ 15ാം സീഡ് കാനഡയുടെ ബിയാൻക ആന്ദ്രീസ്ക്യു 6-1, 4-6, 6-2ന് സീഡില്ലാതാരം യു.എസിെൻറ ടെയ്ലർ ടൗൺസെൻറിനെയും 25ാം സീഡ് ബെൽജിയത്തിെൻറ എലീസെ മെർടെൻസ് 6-1, 6-1ന് യു.എസിെൻറ സീഡ് ചെയ്യപ്പെടാത്ത ക്രിസ്റ്റി ആനിനെയും തോൽപിച്ചു.
പുരുഷ വിഭാഗത്തിൽ രണ്ടാം സീഡ് സ്പാനിഷ് താരം റാഫേൽ നദാൽ 2014ലെ ചാമ്പ്യനും 22ാം സീഡുമായ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ മറികടന്ന് ക്വാർട്ടറിലെത്തി. നാലു സെറ്റിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ കരുത്തും പ്രതിഭയും മേളിച്ച കളിയുമായാണ് നദാൽ എതിരാളിയെ വീഴ്ത്തിയത്. സ്കോർ: 6-3, 3-6, 6-1, 6-2. ക്വാർട്ടറിൽ അർജൻറീനയുടെ 20ാം സീഡ് ഡീഗോ ഷ്വാർട്സ്മാനാണ് എതിരാളി.
ഷ്വാർട്സ്മാൻ 3-6, 6-2, 6-4, 6-3ന് ആറാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് അട്ടിമറിച്ചത്. 13ാംസീഡ് ഫ്രാൻസിെൻറ ഗെയ്ൽ മോൺഫിൽസും 24ാം സീഡ് ഇറ്റലിയുടെ മാറ്റിയോ ബെരെറ്റീനിയും ക്വാർട്ടറിലെത്തിയിട്ടുണ്ട്. ബെരെറ്റീനി 6-1, 6-4, 7-6ന് സീഡില്ലാതാരം റഷ്യയുടെ ആന്ദ്രി റുബ്ലോവിനെയും മോൺഫിൽസ് 6-1, 6-2, 6-2ന് സീഡ് ചെയ്യപ്പെടാത്ത സ്പെയ്നിെൻറ പാബ്ലോ ആൻഡുയാറിനെയുമാണ് പരാജയപ്പെടുത്തിയത്.
സ്വിസ് എക്സ്പ്രസ് റോജർ ഫെഡറർ കഴിഞ്ഞ ദിവസം ക്വാർട്ടറിലെത്തിയിരുന്നു. ഇരുവരും ജയവുമായി അവസാന അങ്കത്തിനെത്തിയാൽ വെറ്ററൻ താരങ്ങളുടെ സ്വപ്നഫൈനൽ എന്ന കാത്തിരിപ്പിലേക്ക് ഇനി അഞ്ചുനാൾ മാത്രമാകും അകലം. യു.എസ് ഒാപണിൽ ഇതുവരെയും ഇരുവരും ഫൈനലിൽ മുഖാമുഖം വന്നിട്ടില്ല. ഫെഡറർക്ക് ക്വാർട്ടറിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.