തേഞ്ഞിപ്പലം: അഞ്ച് മീറ്റ് റെക്കോഡുകൾ പിറന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് രണ്ടാം ദിനം പുതിയ താരോദയങ്ങൾക്കും സാക്ഷിയായി. 34 ഫൈനലുകളാണ് ചൊവ്വാഴ്ച നടന്നത്. മൂന്നാം ദിനം 48 മെഡൽ ജേതാക്കളെക്കൂടി അറിയാം. മീറ്റിെൻറ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് നിർവഹിച്ചു. സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് പ്രഫ. എം. വേലായുധൻകുട്ടി അധ്യക്ഷത വഹിച്ചു. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഡോ. വി.പി. സക്കീർ ഹുസൈൻ, ദ്രോണാചാര്യ കെ.പി. തോമസ്, ഒളിമ്പ്യൻ ജിംഷി ഫിലിപ്പ്, ഒളിമ്പ്യൻ രാമചന്ദ്രൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ഐ. ബാബു, ട്രഷറർ എം. രാമചന്ദ്രൻ, ജില്ല സെക്രട്ടറി കെ.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ചയാണ് സമാപനം.
സജീനും ആനും ഫാസ്റ്റസ്റ്റ്
തേഞ്ഞിപ്പലം: മീറ്റിലെ അതിവേഗ താരങ്ങളെ തീരുമാനിക്കുന്ന 100 മീറ്റർ ഫൈനലുകൾ നടന്നപ്പോൾ അണ്ടർ 20 വിഭാഗത്തിൽ മികച്ച സമയം കുറിച്ച് വി.എം. മുഹമ്മദ് സജീനും ആൻ റോസ് ടോമിയും. ആണ്‍കുട്ടികളിൽ തൃശൂരിന് വേണ്ടി ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ മുഹമ്മദ് സജീന് 10.96 സെക്കൻഡിൽ പൂർത്തിയാക്കി. തൃശൂര്‍ പെരുമ്പിലാവ് സ്വദേശികളായ അബ്ദുല്‍ മജീദ് - ഉമ്മുസല്‍മ ദമ്പതികളുടെ മകനും ബി.കോം വിദ്യാര്‍ഥിയുമാണ്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിെൻറ തന്നെ ആന്‍ 12.20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ബി.കോം വിദ്യാര്‍ഥിനിയായ ആന്‍ ഇടുക്കി നാട്ടിക സ്പോര്‍ട്സ് അക്കാദമിയുടെ താരമാണ്. അണ്ടര്‍ 18 പെണ്‍കുട്ടികളിൽ സായി തിരുവനന്തപുരത്തിെൻറ ആര്‍ദ്ര 12.80 സെക്കൻഡ് സമയത്തിൽ ഒന്നാമതെത്തി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്കൂളിലെ പി. മുഹമ്മദ് ഷാനാണ് സ്വര്‍ണജേതാവ്. 11.06 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മുന്നിലെത്തിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളിൽ തൃശൂരിെൻറ വിജയകൃഷ്ണൻ സ്വര്‍ണം നേടി. 11.55 സെക്കൻഡാണ് സമയം. എ.എഫ്.സി സെന്റ് തോമസ് തോപ്പ് തൃശൂരിെൻറ താരമായ വിജയകൃഷ്ണ കല്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസിലെ പത്താം തരം വിദ്യാര്‍ഥിയാണ്. പെണ്‍കുട്ടികളിൽ ജി. താരയാണ് ഒന്നാം സ്ഥാനക്കാരി. പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബിെൻറ ഈ താരം 12.55 സെക്കൻഡിൽ ഓടിയെത്തി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ 60 മീറ്ററില്‍ സായി കാലിക്കറ്റിെൻറ പി. അമല്‍ സ്വര്‍ണം നേടി. ഗേൾസ് 60 മീറ്ററില്‍ കോഴിക്കോട് ഉഷ സ്കൂളിലെ പി.വി. അഞ്ജലിയാണ് ജേത്രി.
സ്വയം തിരുത്താണ് കെസിയ
തേഞ്ഞിപ്പലം: സ്വന്തം റെക്കോഡ് തിരുത്തിയാണ് അണ്ടര്‍ 20 പെണ് ഹാമര്‍ ത്രോയില്‍ എറണാകുളം കോതമംഗലം എം.എ കോളജിെൻറ കെസിയ മറിയം ബെന്നി വീണ്ടും സ്വര്‍ണം നേടിയത്. കഴിഞ്ഞ മീറ്റിലെ 46.33 മീറ്ററാണ് മാറ്റിയെഴുതിയത്. 47.81 മീറ്ററാണ് പുതിയ ദൂരം. അണ്ടര്‍ 18ല്‍ ഹാമറിലെ റെക്കോഡ് ജേതാവുമാണ്. 2019ല്‍ 55.35 മീറ്റര്‍ എറിഞ്ഞാണ് റെക്കോഡിട്ടത്. ദേശീയ വെള്ളി മെഡല്‍ ജേതാവുമാണ്. പി.ഐ. ബാബുവാണ് പരിശീലകൻ.
ഒളിമ്പ്യൻ ടിന്റുവും ഇനി ചാന്ദ്നിക്ക് പിറകിൽ
തേഞ്ഞിപ്പലം: 14 വര്‍ഷം മുമ്പ് 800 മീറ്ററിൽ ഒളിമ്പ്യൻ ടിന്റു ലൂക്ക സ്ഥാപിച്ച റെക്കോഡിന് സി. ചാന്ദ്നിയുടെ കുതിപ്പിന് മുന്നിൽ പിന്മാറേണ്ടി വന്നു. എറണാകുളം കോതമംഗലം എം.എ. കോളജിന് വേണ്ടിയായിരുന്നു റെക്കോഡോടെ സ്വര്‍ണം. രണ്ട് മിനിറ്റ് 08.71 സെക്കന്‍ഡിൽ ചാന്ദ്നി ഫിനിഷ് ചെയ്തു. 2008ല്‍ ടിന്റു ലൂക്കയുടെ രണ്ടു മിനിറ്റ് ഒമ്പത് സെക്കന്‍ഡായിരുന്നു നിലവിലെ റെക്കോഡ്. അണ്ടര്‍ 20ൽ ചാന്ദ്നിയുടെ അവസാന മീറ്റാണിത്. ജൂലൈയില്‍ നടക്കുന്ന ദേശീയ മീറ്റില്‍ അവസരമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന മീറ്റില്‍ റെക്കോഡ് ലക്ഷ്യമിട്ടാണ് ഇറങ്ങിയതെന്ന് ചാന്ദിനി പറഞ്ഞു. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയാണ്. സംസ്ഥാന, ദേശീയ മീറ്റുകളില്‍ നിരവധി മെഡലുകള്‍ നേടി. എം.എ. കോളജില്‍ ബി.എ. ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
അഭിന അഭിമാനം, അഭിനന്ദനം
തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയർ മീറ്റിലെ നിലവിലെ റെക്കോഡ് ബഹുദൂരം പിറകിലാക്കി പാലക്കാടിെൻറ സി.ആർ. അഭിന അണ്ടർ 14 വിഭാഗം ബാൾത്രോയിൽ സ്വർണം നേടി. നേരത്തെ, തിരുവനന്തപുരം ജില്ലയിലെ എസ്. അശ്വിനി നേടിയ 38.85 മീറ്റർ റെക്കോഡ് മറികടന്ന് 45.15 മീറ്ററാണ് അഭിന എറിഞ്ഞത്. കോട്ടായി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അണ്ടർ 14 വിഭാഗം ഷോട്പുട്ടിലും അഭിന മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.