കൊച്ചി: നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനവേദിയില്‍ മാറ്റം. പുതുക്കിയ തീരുമാനമനുസരിച്ച് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ വൈകീട്ട് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മാധ്യമപ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു. നേരത്തേ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയമാണ് നിശ്ചയിച്ചിരുന്നത്. ഹോക്കി ഇതിഹാസം പി.ആര്‍. ശ്രീജേഷ് കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകും.
കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരും. 17 വേദിയിലായി 24,000ഓളം കുട്ടികള്‍ മത്സരിക്കും. ഉദ്ഘാടനദിവസം 3000ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും. കായികമേളയുടെ പ്രചാരണാർഥമുള്ള വിളംബരജാഥകള്‍ കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് പുറപ്പെട്ട് മൂന്നിന് വൈകീട്ട് കൊച്ചിയിലെത്തും. മഹാരാജാസ് കോളജില്‍ ആയിരിക്കും മീഡിയ റൂം. സമാപന സമ്മേളനം 11ന് വൈകീട്ട് മഹാരാജാസ് കോളജ് മൈതാനിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫി സമ്മാനിക്കും.
കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍എ, ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രതിനിധി നവാസ് മീരാന്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.