കാക്കനാട്: 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കരാട്ടേ ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതനേടി കാക്കനാട് സ്വദേശി സാനിയ അനീഷ്. ജീവിത പ്രാരബ്ധങ്ങളോട് പൊരുതിയാണ് പത്താംക്ലാസുകാരിയുടെ അഭിമാന നേട്ടം.സെപ്റ്റംബർ 21ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് കരാട്ടേ ലോക ചാമ്പ്യൻഷിപ് മത്സരം.
മൂന്നാംവയസ്സിലാണ് സാനിയ കരാട്ടേ പഠനം തുടങ്ങിയത്. നാലാംവയസ്സിൽ ആലുവയിൽ നടന്ന മത്സരത്തിൽ ആദ്യമെഡൽ നേട്ടം. ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയിലേക്ക് എത്താൻ ഈ കൊച്ചുമിടുക്കി താണ്ടിയ വഴികൾ ഏറെയാണ്. സംസ്ഥാന- ജില്ല തലങ്ങളിൽ നിരവധി മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മൈസൂരിൽ നടന്ന നാഷനൽ ചാമ്പ്യൻഷിപ്പിൽ വിജയിച്ചാണ് അണ്ടർ 15 ലോക ചാമ്പ്യൻഷിപ്പിന് യോഗ്യതനേടിയത്. ഇതുവരെ പങ്കെടുത്ത എല്ലാ ചാമ്പ്യൻഷിപ്പിലും ഫൈറ്റിങ് വിഭാഗത്തിൽ സാനിയ ഒന്നാംസ്ഥാനം സ്വന്തമാക്കി.
ജീവിത കഷ്ടതകൾ മറികടന്ന് പൊരുതിനേടിയ വിജയത്തിന്റെ സന്തോഷങ്ങൾക്കിടയിലും ലോക ചാമ്പ്യൻഷിപ്പിന് മറ്റുള്ള മത്സാരാർഥികളെപോലെ തനിക്കും കൂട്ടിനായി മാതാപിതാക്കളിൽ ഒരാളെയെങ്കിലും കൊണ്ടുപോകാൻ കഴിയാത്തത് സാനിയയെ സങ്കടപ്പെടുത്തുന്നു.
കരാട്ടേ പരിശീലനത്തിനും മത്സരങ്ങൾക്കും സ്പോൺസറെ കണ്ടത്തിത്തരണമെന്നാണ് സാനിയയുടെ അപേക്ഷ. ദേശീയ കോച്ചായ എ.എസ്. സുമയുടെ കീഴിലാണ് പരിശീലനം. എറണാകുളം സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിയായ സാനിയ കാക്കനാട് തുതിയൂർ പുത്തലത്ത് അനീഷ് ജോസഫ്-ശാരിക ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളാണ്. സാരംഗ് ആന്റണി, സംഗീത് ആന്റണി എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.