പാകിസ്താനെ നാണംകെട്ട തോൽവിയിലേക്ക് നയിച്ചത് മണ്ടൻ തീരുമാനങ്ങൾ

റാവൽപിണ്ടി: ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ ചരിത്രത്തിലാദ്യമായി പാകിസ്താനെ നാണംകെട്ട തോൽവിയിലേക്ക് നയിച്ചത് മണ്ടൻ തീരുമാനങ്ങൾ. സ്വന്തം മണ്ണിൽ 10 വിക്കറ്റിനാണ് അവർ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യ ഇന്നിങ്സിൽ നേരത്തെ ഡിക്ലയർ ചെയ്തതതും സ്​പെഷലിസ്റ്റ് സ്പിന്നറില്ലാതെ ഇറങ്ങിയതുമാണ് പരാജയത്തിന്റെ പ്രധാന കാരണങ്ങളായത്.

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ പുറത്താവാതെ 171 റൺസെടുത്ത മുഹമ്മദ് റിസ്‍വാന്റെയും 141 റൺസെടുത്ത സൗദ് ഷക്കീലിന്റെയും സെഞ്ച്വറികളുടെയും സയിം അയൂബിന്റെ (56) അർധസെഞ്ച്വറിയുടെയും മികവിൽ പാകിസ്താൻ ആറ് വിക്കറ്റിന് 448 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 171 റൺസെടുത്ത മുഹമ്മദ് റിസ്‍വാൻ ക്രീസിലുണ്ടായിരിക്കെയായിരുന്നു 500 റൺസ് പോലും തികയും മുമ്പ് ഡിക്ലയർ ചെയ്യാനുള്ള തീരുമാനം. ഇത് മണ്ടത്തരമായിരുന്നെന്ന് ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ് തെളിയിച്ചു. 191 റൺസെടുത്ത മുഷ്ഫിഖുർ റഹീമിന് പുറ​മെ ഷദ്മാൻ ഇസ്‍ലാം (93), മോമിനുൽ ഹഖ് (50), ലിട്ടൺ ദാസ് (56), മെഹ്ദി ഹസൻ മിറാസ് (77) എന്നിവരും ബാറ്റെടുത്ത് റണ്ണടിച്ചപ്പോൾ പിറന്നത് 565 റൺസ്. പാകിസ്താൻ വഴങ്ങേണ്ടി വന്നത് 117 റൺസിന്റെ ലീഡ്.

ഒരു വിക്കറ്റിന് 23 റൺസെന്ന നിലയിൽ അഞ്ചാം ദിവസം കളിയാരംഭിക്കുമ്പോൾ അവരുടെ കൈയിൽ ഒമ്പത് വിക്കറ്റുണ്ടായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ അവർക്ക് അനായാസം സമനില പിടിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, അവിശ്വസനീയമായി തകർന്നടിഞ്ഞ പാക് ബാറ്റിങ് നിര 146 റൺസിന് കൂടാരം കയറി. 51 റൺസെടുത്ത മുഹമ്മദ് റിസ്‍വാന് മാത്രമാണ് പാക് നിരയിൽ കാര്യമായ സംഭാവന നൽകാനായത്. അബ്ദുല്ല ഷഫീഖ് (37), ബാബർ അസം (22), ഷാൻ മസൂദ് (14) എന്നിവർ മാത്രമാണ് ഇതിന് പുറമെ രണ്ടക്കം കടന്നത്. സ്പിന്നർമാരായ മെഹ്ദി ഹസൻ മിറാസും ഷാകിബുൽ ഹസനും ചേർന്നാണ് പാകിസ്താനെ എറിഞ്ഞൊതുക്കിയത്. മെഹ്ദി ഹസൻ 21 റൺസ് മാത്രം വഴങ്ങി നാലും ഷാകിബുൽ ഹസൻ 44 റൺസ് വഴങ്ങി മൂന്നും വിക്കറ്റുകൾ വീതമാണ് പിഴുതത്. അപ്പോഴാണ് സ്​പെഷലിസ്റ്റ് സ്പിന്നറുടെ അഭാവം പാകിസ്താൻ തിരിച്ചറിഞ്ഞത്. പാർട്ട് ടൈം സ്പിന്നറായ ആഗ സൽമാൻ പാകിസ്താന് വേണ്ടി ആദ്യ ഇന്നിങ്സിൽ എറിഞ്ഞത് 41 ഓവറാണ്. ഒരു വിക്കറ്റ് പോലും നേടാനുമായില്ല. സൗദ് ഷക്കീൽ രണ്ട് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. മറ്റൊരു പാർട്ട് ടൈം സ്പിന്നറായ സായിം അയൂബ് ഏഴോവർ എറിഞ്ഞ് ഷാകിബുൽ ഹസന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 30 റൺസ് മാത്രം വേണ്ടിയിരുന്ന സന്ദർശകരെ സാകിർ ഹസനും (15 നോട്ടൗട്ട്) ഷദ്മാൻ ഇസ്‍ലാമും (9 നോട്ടൗട്ട്) ചേർന്ന് അനായാസ ജയത്തിലെത്തിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത പോരാട്ടം ആഗസ്റ്റ് 30ന് ആരംഭിക്കും. ഇതിൽ ജയിക്കാനായില്ലെങ്കിൽ ബംഗ്ലാദേശിനെതിരെ ആദ്യ പരമ്പര നഷ്ടമെന്ന നാണക്കേടും പാകിസ്താനെ കാത്തിരിക്കുന്നുണ്ട്. 

Tags:    
News Summary - Stupid decisions led to Pakistan's humiliating defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.