ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷന്‍റെ (ഡബ്ല്യു.എഫ്.ഐ) ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. പുതിയ ഭരണസമിതിയെ പിരിച്ചുവിട്ടതിനു പിന്നാലെ ഫെഡറേഷന്‍റെ ചുമതല നിർവഹിക്കുന്നതിന് അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഭൂപീന്ദർ സിങ് ബ്വാജയാണ് സമിതിയുടെ അധ്യക്ഷൻ. എം.എം. സോമയ, മഞ്ജുഷ കൻവാർ എന്നിവർ അംഗങ്ങളാണ്. സത്യസന്ധതയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താൻ പുതിയ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചതായി ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്‍റെ അടുത്ത അനുയായി സഞ്ജയ് സിങ് പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു.
ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബജ്റങ് പൂനിയ, വിരേന്ദർ സിങ് എന്നിവർ പത്മശ്രീ പുരസ്കാരം മടക്കിനൽകുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം പിരിച്ചുവിട്ടത്. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ഫെഡറേഷനെ പിരിച്ചുവിടുന്നത്.
നേരത്തേ, ബ്രിജ് ഭൂഷൺ അധ്യക്ഷനായിരുന്ന സമയത്തും ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്ന് മേരി കോം ആയിരുന്നു സമിതിയുടെ അധ്യക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.