ന്യൂയോർക്: അട്ടിമറികൾക്ക് കാതോർക്കുന്ന യു.എസ് ഓപണിൽ തുടക്കത്തിലെ വീഴ്ചകളിൽ പതറാതെ വിജയം പിടിച്ചെടുത്ത് ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നറും നിലവിലെ വിംബിൾഡൺ, ഫ്രഞ്ച് ഓപൺ ചാമ്പ്യൻ കാർലോസ് അൽകാരസും. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടർച്ചയായി മൂന്നു സെറ്റും പിടിച്ചാണ് ഇറ്റാലിയൻ താരം സിന്നർ കരുത്തുകാട്ടിയതെങ്കിൽ രണ്ടാം സെറ്റിലെ നഷ്ടം പിന്നീട് ആവർത്തിക്കാതെയായിരുന്നു അൽകാരസ് കളി ജയിച്ചത്.
അമേരിക്കൻ താരം മക്കൻസി മക്ഡൊണാൾഡിനെയാണ് 2-6 6-2 6-1 6-2ന് സിന്നർ മറികടന്നത്. 6-2 4-6 6-3 6-1ന് ലി ടിയുവിനെ അൽകാരസും വീഴ്ത്തി. ഇരുവരും വരും മത്സരങ്ങളിലും ജയം തുടർന്നാൽ സെമിയിൽ സിന്നർ- അൽകാരസ് പോരാട്ടത്തിന് വേദിയുണരും.
അതിനിടെ, സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടർച്ചയായ ഏഴാം യു.എസ് ഓപണിലും നേരത്തെ മടങ്ങി. 11ാം സീഡ് താനസി കൊക്കിനാകിസ് ആണ് ആദ്യ റൗണ്ടിൽ 7-6 (7-5) 4-6 6-3 7-5ന് താരത്തെ മടക്കിയത്. ഫ്ലഷിങ് മീഡോസിൽ നേരത്തെ മടങ്ങുന്ന ഉയർന്ന സീഡുള്ള ആദ്യ താരമാണ് സിറ്റ്സിപാസ്. വനിതകളിൽ ഇഗ സ്വിയാറ്റെക് 6-4 7-6ന് കാമില റഖിമോവയെ വീഴ്ത്തിയപ്പോൾ നവോമി ഒസാക 6-3 6-2ന് ജെലീന ഒസ്റ്റപെങ്കോയെ മറികടന്നു. ഡാനിൽ മെദ്വദേവ്, ഫ്രാൻസിസ് ടിയാഫോ, അരീന സബലെങ്ക എന്നിവരും ജയിച്ചു.
ന്യൂയോർക്: ആദ്യ മൂന്ന് സെറ്റും ടൈബ്രേക്കറിലേക്കും മൊത്തം മത്സരം അഞ്ച് മണിക്കൂർ 35 മിനിറ്റിലേക്കും നീണ്ടുനീണ്ടുപോയ ആവേശപ്പോര് ജയിച്ച് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസ്. റഷ്യയുടെ കരെൻ ഖച്ചാനോവിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം രണ്ടുവട്ടം തിരിച്ചുവരികയും അടുത്ത സെറ്റ് വീണ്ടും എതിരാളി പിടിച്ചെടുക്കുകയും ചെയ്ത കളിയിലായിരുന്നു ഇവാൻസിന്റെ ജയം. യു.എസ് ഓപൺ ചരിത്രത്തിൽ ഇത്രയും ദീർഘമായ പോരാട്ടം റെക്കോഡാണ്. എല്ലാ സെറ്റുകളും ഒരു മണിക്കൂറിലേറെയെടുത്താണ് പൂർത്തിയാക്കിയതെന്ന അപൂർവ സവിശേഷതയും ഈ മത്സരത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.