മഡ്രിഡ്: കാളപ്പോരിന്റെ നാടായ സ്പെയിനിൽനിന്ന് ടെന്നിസ് കോർട്ടുകളെ ത്രസിപ്പിച്ച മറ്റൊരു കൂറ്റനായിരുന്നു റാഫേൽ നദാൽ. അതേ നാട്ടിൽനിന്ന് കളിമൺ കോർട്ടുകളുടെ ജാതകം തിരുത്തിക്കുറിക്കാൻ പുതിയൊരു താരം ഉദയംചെയ്തപ്പോൾ കഴിഞ്ഞ ദിവസം കാലിടറിയത് സാക്ഷാൽ നദാലിനുതന്നെയായിരുന്നുവെങ്കിൽ ഇപ്പോഴിതാ കാർലോസ് അൽകാരാസ് എന്ന 19കാരന്റെ മുന്നിൽ ലോക ഒന്നാം നമ്പർ നൊവാക് ദ്യോകോവിച്ചിനുതന്നെ അടിതെറ്റിയിരിക്കുന്നു. മഡ്രിഡ് ഓപണിൽ റാഫേൽ നദാലിനെ 6-2, 1-6, 6-3ന് പരാജയപ്പെടുത്തിയായിരുന്നു അൽകാരാസ് സെമി ഫൈനലിൽ കടന്നത്. സെമിയിൽ 6-7, 7-5, 7-6 എന്ന സ്കോറിനാണ് ദ്യോകോവിച്ചിനെ വീഴ്ത്തിയത്. നദാലിന്റെയും ദ്യോകോവിച്ചിന്റെയും കരിയറിൽ ആദ്യമായാണ് ഒരു കൗമാരക്കാരനു മുന്നിൽ പരാജയപ്പെടുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.
നിലവിൽ ലോക ഒമ്പതാം നമ്പറാണ് അൽകാരാസ്. ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷന്റെ രണ്ടാമത്തെ ഫൈനലിലാണ് അൽകാരാസ് പ്രവേശിച്ചിരിക്കുന്നത്. ലോക റാങ്കിങ്ങിലെ 10 പ്രമുഖ താരങ്ങൾക്കെതിരെ അടുത്തിടെ ഏഴു വിജയങ്ങൾ സ്വന്തമാക്കിയിരുന്നു.
നദാലിനുശേഷം കളിമൺ കോർട്ടിൽ ആര് എന്ന ചോദ്യത്തിന് സ്പെയിനിൽനിന്നുതന്നെ ലഭിക്കുന്ന ഉത്തരമായും കളിമൺ കോർട്ടിലെ തലമുറമാറ്റമായുമാണ് അൽകാരാസിന്റെ വിജയത്തെ പ്രമുഖ താരങ്ങളടക്കം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.