പാരിസ്: ഒളിമ്പിക്സിൽ കന്നി സ്വർണം തേടുന്ന നൊവാക് ദ്യോകോവിച് ക്വാർട്ടർ ഫൈനലിൽ. ടെന്നിസ് പുരുഷ സിംഗ്ൾസിൽ ജർമനിയുടെ ഡൊമിനിക് കോഫറിനെ 7-5, 6-3ന് തോൽപിച്ചാണ് സെർബിയൻ ഇതിഹാസം നാലാം തവണയും അവസാന എട്ടിലെത്തിയത്. ഗ്രീസിന്റെ സ്റ്റെഫാനോസ് സിസിപാസാണ് വ്യാഴാഴ്ചത്തെ ക്വാർട്ടറിൽ ദ്യോകോയുടെ എതിരാളി. രണ്ടാം റൗണ്ടിൽ സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനെ ദ്യോകോവിച് മടക്കിയിരുന്നു.
അതേസമയം, ഡബ്ൾസിൽ നദാൽ-കാർലോസ് അൽകാരസ് സഖ്യം നെതർലൻഡ്സിന്റെ ടാലൺ ഗ്രീക്സ്പൂർ-വെസ്ലി കൂൾഹോഫ് ജോടിയെ 6-4, 6-7, 10-2 തോൽപിച്ച് ക്വാർട്ടറിൽ കടന്നു. ഒളിമ്പിക്സിനുശേഷം കോർട്ട് വിടുമെന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് താരം ആൻഡി മറെ പങ്കാളി ഡാൻ ഇവാൻസുമായി ചേർന്ന് ബെൽജിയത്തിന്റെ സാൻഡർ ഗില്ലെ-ജൊറാൻ വ്ലീജെൻ സഖ്യത്തെ തോൽപിച്ചും ക്വാർട്ടറിലേക്ക് മുന്നേറി. സ്കോർ: 6-3, 6-7, 11-9. വനിത സിംഗ്ൾസിൽ പോളണ്ടിന്റെ ലോക ഒന്നാം നമ്പറുകാരി ഇഗ സ്വിയാറ്റക്കും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്. ചൈനയുടെ വാങ് സിയൂവിനെ 6-2, 6-4 നാണ് ഇഗ മറികടന്നത്. എന്നാൽ, യു.എസിന്റെ സ്വർണ പ്രതീക്ഷ കൊകൊ ഗോഫ് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.