ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റണിൽനിന്ന് ഇന്ത്യൻ വനിത സൂപ്പർ താരം പി.വി സിന്ധുവും പുറത്ത്. രണ്ടുതവണ ഒളിമ്പിക്സ് മെഡൽ ജേതാവായ സിന്ധുവിനെ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ആൻ സെ യുങ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചത്. സ്കോർ: 19-21, 11-21.
ദക്ഷിണ കൊറിയക്കാരിയോട് സിന്ധുവിന്റെ ഏഴാം തോൽവിയാണിത്. ആദ്യ സെറ്റിൽ പൊരുതിക്കളിച്ച സിന്ധു തുടക്കത്തിൽ 4-1ന് മുന്നിലായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സെറ്റ് 21-19ന് ഇന്ത്യൻ താരത്തിന് നഷ്ടപ്പെട്ടപ്പോൾ രണ്ടാം സെറ്റിൽ മുഴുവൻ കരുത്തും പുറത്തെടുത്ത ആൻ സെ യുങ് സിന്ധുവിന് അവസരം നൽകാതെ സെറ്റും മത്സരവും വരുതിയിലാക്കി.
ഇതോടെ വനിത സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു. മറ്റൊരു താരം ആകർഷി കശ്യപ് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായ ലക്ഷ്യ സെൻ ഇന്ന് രാത്രി നാലാം സീഡ് ആൻഡേഴ്സ് അന്റോൺസനുമായി ഏറ്റുമുട്ടും. എച്ച്.എസ് പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവർ നേരത്തെ തോറ്റ് പുറത്തായിരുന്നു. പുരുഷ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യവും വനിതകളിൽ അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റോ സഖ്യവും ഇന്ന് രണ്ടാം റൗണ്ട് പോരാട്ടത്തിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.