ഹാങ്ചോ: ടെന്നിസിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. പുരുഷ ഡബ്ൾസിൽ രാജ്യത്തിന്റെ സ്വർണ പ്രതീക്ഷയായിരുന്ന ടോപ് സീഡ് രോഹൻ ബൊപ്പണ്ണ-യൂകി ബാംബ്രി സഖ്യത്തിന് തോൽവി. ലോക റാങ്കിങ്ങിൽ ഏറെ പിറകിലുള്ള ഉസ്ബെക്കിസ്താന്റെ സെർജി ഫോമിൻ_ഖുമോയുൻ സൽറ്റനോവ് ജോടിയാണ് ഇന്ത്യൻ പ്രതീക്ഷകൾ തകർത്തത്. സ്കോർ: 2-6, 6-3,10-6.
ആദ്യ സെറ്റ് അനായാസം ജയിച്ച ഇന്ത്യൻ ജോടിയോട് രണ്ടാം സെറ്റിൽ പൊരുതിയ ഉസ്ബെക്കുകാർ ഇന്നലെ എല്ലാം പിഴച്ച ബാംബ്രിയുടെ സെർവ് ഭേദിച്ചാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. സൂപ്പർ ടൈബ്രക്കറിൽ ഇന്ത്യൻ സഖ്യം തീർത്തും മങ്ങിപ്പോയി. 43കാരനായ ബൊപ്പണ്ണ കഴിഞ്ഞ തവണ ദിവ്ജ് ശരണിനൊപ്പം ചേർന്ന് സ്വർണം നേടിയിരുന്നു. അതേസമയം പുരുഷ ഡബ്ൾസിൽ രാംകുമാർ-സകേത് മെയ്നേനി സഖ്യം ഇന്തോനേഷ്യയുടെ ആന്റണി സുസാന്തോ ഡേവിഡ് അഗുങ് ജോടിയെ തോൽപിച്ച് ക്വാർട്ടറിൽ കടന്നു.
നേരത്തെ സിംഗ്ൾസിൽ എതിരാളി എത്താതിനാൽ രാംകുമാറിന് അടുത്ത റൗണ്ടിലേക്ക് ബൈ ലഭിച്ചിരുന്നു. വനിത സിംഗ്ൾസിൽ അങ്കിത റെയ്ന ഉസ്ബെക്കിന്റെ സബ്രീന ഒലിംനോവയെ 6-0, 6-0 എന്ന സ്കോറിന് തകർത്ത് പ്രീക്വാർട്ടറിൽ കടന്നു. മറ്റൊരു സിംഗ്ൾസിൽ റുത്ജ ബോസ്ലെ പൊരുതിനിന്ന അറുഷാൻ സാഗൻഡിക്കോവയെ തോൽപിച്ച് അടുത്ത റൗണ്ടിൽ ഇടം പിടിച്ചു.
പുരുഷ ഡബ്ൾസിലെ തോൽവിക്ക് ശേഷം ഋതുജ ബോസലെയുമായി കൂട്ടു ചേർന്ന് മിക്സ്ഡ് ഡബ്ൾസ് കളിക്കാനിറങ്ങിയ ബൊപ്പണ്ണ വിജയം രുചിച്ചു. ബൊപ്പണ്ണ-ബോസലെ സഖ്യം 6-4, 6 -2 എന്ന സ്കോറിന് ഉസ്ബെകിസ്താന്റെ അമാമുറദോവ മാക്സിം ഷിം ജോടിയെ തോൽപിച്ചു പ്രി ക്വാർട്ടറിൽ കടന്നു. വനിത ഡബ്സിലും ബോസലെ കർമൻ കൗറുമായി ചേർന്ന് ആദ്യ റൗണ്ട് പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.