2005 ഏപ്രിലിൽ ആദ്യമായി റാക്കറ്റുപിടിച്ച് ഇരിപ്പുറപ്പിച്ച ശേഷം ഇതുവരെയും നിലനിർത്തിയ ലോക ടെന്നിസ് റാങ്കിങ്ങിലെ ആദ്യ 10ൽ നിന്ന് പുറത്തായി റാഫേൽ നദാൽ. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡ് നൊവാക് ദ്യോകോവിച്ചിനൊപ്പം പങ്കിടുന്ന സ്പാനിഷ് താരമാണ് തന്റെ നാട്ടുകാരനായ കാർലോസ് അൽകാരസ് പകരമെത്തിയതോടെ ഗ്ലാമർ പദവികളിൽ പിറകിലായത്.
റോജർ ഫെഡറർ, റാഫേൽ നദാൽ, ദ്യോകോവിച്ച് എന്നിവരടങ്ങിയ മൂവർ സഖ്യം രണ്ടു പതിറ്റാണ്ടോളം ഭരിച്ച കോർട്ടിൽ ഇനി ദ്യോകോ കൂടിയാണ് ആദ്യ 10ൽ കൂടുതൽ കരുത്തോടെ അവശേഷിക്കുന്നത്. പരിക്കുമായി ഫെഡറർ നേരത്തെ മടങ്ങിയ കൂട്ടുകെട്ടിൽ നദാൽ പിന്നെയും കടുത്ത പോരാട്ടം കാഴ്ചവെച്ച് റെക്കോഡുകൾ സ്വന്തമാക്കിയെങ്കിലും അടുത്തിടെ പരിക്ക് വില്ലനാകുന്നതാണ് പ്രശ്നം. ഇത് അവസരമാക്കി ദ്യോകോ അവ ഒറ്റക്ക് തന്റെ പേരിലാക്കാനുള്ള യാത്രകളിലാണ്. ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം നിലനിന്ന ചരിത്രമടക്കം പലതും ഇതിനകം ദ്യോകോയുടെ പേരിലായി കഴിഞ്ഞു. ഇന്ത്യൻ വെൽസ് കിരീടത്തോടെ അൽകാരസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും വരുംടൂർണമെന്റുകളിലും കിരീടം നിലനിർത്തിയാലേ പദവി നിലനിൽക്കൂ.
ഈ വർഷം ആസ്ട്രേലിയൻ ഓപണിൽ നദാൽ ഇറങ്ങിയിരുന്നെങ്കിലും രണ്ടാം റൗണ്ടിൽ മടങ്ങിയിരുന്നു. പിന്നീട് പരിക്കുമായി മല്ലിട്ട ആഴ്ചകൾക്കൊടുവിലാണ് പദവി നഷ്ടം.
കാർലോസ് അൽകാരസും പരിക്കിനെ തുടർന്ന് ആസ്ട്രേലിയൻ ഓപണിൽ കളിച്ചിരുന്നില്ല. ഇതോടെയാണ് കിരീടം തൊട്ട ദ്യോക്കോ ഒന്നാം സ്ഥാനവും വീണ്ടെടുത്തത്. എന്നാൽ, കോവിഡ് വാക്സിനെടുക്കാത്തതിന് യു.എസിൽ പ്രവേശനം വിലക്കപ്പെട്ടതോടെ ഈ ടൂർണമെന്റുകളിൽ കളിക്കാനാവാതെ പോയി.
ഇന്ത്യൻ വെൽസ് കലാശപ്പോരിൽ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയായിരുന്നു അൽകാരസ് കിരീടവും ഒന്നാം സ്ഥാനവും മാറോടുചേർത്തത്. നദാൽ നിലവിൽ ആഗോള റാങ്കിങ്ങിൽ 13ാമനാണ്. അതേ സമയം, 20 തികയുംമുമ്പ് മൂന്ന് മാസ്റ്റേഴ്സ് 1000 കിരീടങ്ങൾ സ്വന്തമാക്കുകയെന്ന നദാലിന്റെ റെക്കോഡിലും ഇതോടെ അൽകാരസ് ഒപ്പമെത്തി.
നിലവിൽ അൽകാരസ് ഒന്നാം സ്ഥാനത്തും ദ്യോകോവിച് രണ്ടാമതും നിൽക്കുന്ന റാങ്കിങ്ങിൽ സിറ്റ്സിപ്പാസ്, റൂഡ്, മെദ്‍വദേവ്, ഓഗർ അലിയാസിം, റൂബ്ലേവ് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.