ആസ്ട്രേലിയൻ ഓപൺ: ദ്യോകോവിച്ച് മുന്നോട്ട്; സാനിയ-ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ

മെൽബൺ: ഒമ്പത് തവണ കിരീടം നേടിയ സെർബിയയുടെ നൊവാക് ദ്യോകോവിച്ച് ആസ്ട്രേലിയൻ ഓപൺ ടെന്നിസിൽ പുരുഷ വിഭാഗത്തിൽ നാലാം റൗണ്ടിൽ. പേശിവലിവ് കാരണം കളിക്കിടെ പരിചരണം തേടിയ ദ്യോകോവിച്ച് ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെയാണ് മൂന്നാം റൗണ്ടിൽ പരാജയപ്പെടുത്തിയത്. സ്കോർ: 7-6, 6-3, 6-4.

പരിക്ക് കാരണം, തലേദിവസം പതിവ് പരിശീലനമില്ലാതെയാണ് ദ്യോകോ റാക്കറ്റേന്തിയത്. റാഫേൽ നദാലിന്റെ പേരിലുള്ള 22 ഗ്രാൻഡ്സ്ലാം കിരീടമെന്ന നേട്ടത്തിനൊപ്പമെത്താൻ ദ്യോകോവിച്ചിന് ഒരു കിരീടം കൂടി മതി. ആതിഥേയ താരമായ അലക്സ് ഡി മിനൗറാണ് നാലാം റൗണ്ടിലെ എതിരാളി. അതേസമയം, മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്റെ ആൻഡി മറെ മൂന്നാം റൗണ്ടിൽ പുറത്തായി. സ്പെയിനിന്റെ റോബർട്ടോ ബൗറ്റിസ്റ്റയാണ് മറെയെ തോൽപിച്ചത്. (6-1, 7-6, 6-3, 64).

വനിത സിംഗിൾസിൽ ഫ്രാൻസിന്റെ നാലം സീഡ് കരോലിൻ ഗാർസ്യ, ബെലറൂസിന്റെ അഞ്ചാം സീഡ് അർയ്ന സബലേങ്ക, സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച്ച്, പോളണ്ടിന്റെ മഗ്ദ ലിനറ്റ് എന്നിവർ നാലാം റൗണ്ടിലെത്തി. മിക്സ്ഡ് ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലെത്തി.

ആസ്ട്രേലിയയുടെ ജെയ്മീ ഫൗറിസ്- ലൂക്ക് സവില്ലെ സഖ്യത്തെയാണ് ഇരുവരും ചേർന്ന് പരാജയപ്പെടുത്തിയത്. കസാഖിസ്താന്റെ അന്ന ഡാനിലിനയുമായുള്ള സാനിയയുടെ വനിത സഖ്യം കഴിഞ്ഞ ദിവസം രണ്ടാം റൗണ്ടിലെത്തിയിരുന്നു.

Tags:    
News Summary - Australian Open: Djokovic advances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.