സിൻസിനാറ്റി ഓപൺ കിരീടങ്ങൾ സിന്നറിനും സബലെങ്കക്കും

സിൻസിനാറ്റി (യു.എസ്): ഈ വർഷത്തെ അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ഇറ്റാലിയൻ യുവ ടെന്നിസ് താരം ജാനിക് സിന്നർ. സിൻസിനാറ്റി ഓപൺ പുരുഷ സിംഗ്ൾസ് ഫൈനലിൽ യു.എസിന്റെ ഫ്രാൻസിസ് ടിഫോയെ തോൽപിച്ചാണ് നേട്ടം. സ്കോർ: 7-6(4), 6-2. ആസ്ട്രേലിയൻ ഓപണടക്കം നേടി ജൈത്രയാത്ര തുടരുന്ന 23കാരൻ സിന്നർ ഇതോടെ യു.എസ് ഓപൺ കിരീട സാധ്യതയും സജീവമാക്കി. നിലവിൽ ലോക ഒന്നാം നമ്പർ താരമാണ്.

അതേസമയം, വനിതകളിൽ ബെലറൂസുകാരി അരീന സബലെങ്ക 6-3, 7-5ന് യു.എസിന്റെ തന്നെ ജെസീക പെഗുലയെ വീഴ്ത്തി ചാമ്പ്യനായി. ആസ്ട്രേലിയൻ ഓപൺ വനിത കിരീടവും സബലെങ്കക്കാ‍യിരുന്നു. ആദ്യ സെറ്റിന്റെ തുടക്കത്തിൽ കിട്ടിയ അവസരങ്ങൾ വിനിയോഗിക്കുന്നതിൽ ടിഫോ പരാജയപ്പെട്ടപ്പോൾ സിന്നർ 2-0ത്തിൽ മുന്നേറ്റം തുടങ്ങി. എന്നാൽ, ആതിഥേയ താരം തിരിച്ചുവന്നതോടെ ടൈ ബ്രൈക്കർ വേണ്ടിവന്നു. കഴിഞ്ഞ 12ൽ 11 ടൈ ബ്രേക്കറും ജയിച്ച ചരിത്രമുള്ള സിന്നർ പതിവ് തെറ്റിച്ചില്ല. രണ്ടാം സെറ്റിൽ പക്ഷേ, ഏകപക്ഷീയ കീഴടങ്ങലായിരുന്നു ടിഫോ‍യുടേത്.

സെമി ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ 7-6, 5-7, 7-6 സ്കോറിന് മറികടന്നായിരുന്നു സിന്നറുടെ വരവ്. ഡെൻമാർക്ക് താരം ഹോൾഗർ റൂണെയെ 4-6, 6-1, 7-6നാണ് ടിഫോയും തോൽപിച്ചത്. പോളിഷ് സൂപ്പർ താരം ഇഗ സ്വിയാറ്റക്കിനെ 6-3, 6-3ന് വീഴ്ത്തി ഫൈനലിൽ കടന്ന സബലെങ്കക്ക് ജെസീക വെല്ലുവിളി ഉയർത്തിയെങ്കിലും കുതിപ്പിന് തടയിടാനായില്ല. മൂന്നാം സെറ്റിലേക്ക് പോയ സെമി പോരാട്ടത്തിൽ സ്പെയിനിന്റെ പൗള ബഡോസയെ 6-2, 3-6, 6-3 സ്കോറിന് തോൽപിച്ചാണ് ജെസീക കടന്നത്.

സിന്നറിന്റെ ശരീരത്തിൽ നിരോധിത മരുന്ന്

കാലിഫോർണിയ: സിൻസിനാറ്റി ഓപൺ കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിലിരിക്കെ ഇറ്റാലിയൻ താരം ജാനിക് സിന്നറിന് തിരിച്ചടിയായി ഉത്തേജക മരുന്ന് പരിശോധന ഫലം. നിരോധിത മരുന്നായ അനബോളിക് സ്റ്റിറോയ്ഡിന്റെ സാന്നിധ്യം രണ്ടുതവണയാണ് സിന്നറിന്റെ ശരീരത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഈ വർഷം മാർച്ചിലെടുത്ത സാമ്പിളുകളുടെതാണ് ഫലം. ഇതോടെ ഇന്ത്യൻ വെൽസ് ഓപണിൽ താരത്തിന് നൽകിയ പ്രൈസ് മണി നഷ്ടമാവും. പോയന്റുകളും തിരിച്ചെടുക്കും. എന്നാൽ, മരുന്ന് ഉപയോഗം മനഃപൂർവമല്ലാത്തതിനാൽ വിലക്കുണ്ടാവില്ല. മാർച്ച് 17ന് നടന്ന ഇന്ത്യൻ വെൽസ് സെമി ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനോട് തോറ്റ് പുറത്താവുകയായിരുന്നു സിന്നർ. ഇന്റർനാഷനൽ ടെന്നിസ് ഇന്റഗ്രിറ്റി ഏജൻസിയാണ് നടപടിയെടുത്തത്.

Tags:    
News Summary - Cincinnati Open: Jannik Sinner, Aryna Sabalenka win titles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.