ന്യൂയോർക്ക്: 'അടുത്ത മത്സരത്തിലേക്ക് ഞാനെെൻറ മനസ്സും ശരീരവും ആത്മാവും സമർപ്പിച്ചുകഴിഞ്ഞു. ജീവിതത്തിലെ ഒടുവിലത്തെ മത്സരം കളിക്കാനൊരുങ്ങുന്നതുപോലെയാണ് ആ മത്സരത്തിന് ഞാനിറങ്ങുന്നത്' - ഞായറാഴ്ച രാത്രി (ഇന്ത്യൻ സമയം പുലർച്ചെ 1.30) ഫ്ലഷിങ് മെഡോയിൽ യു.എസ് ഓപൺ ഫൈനലിൽ റാക്കറ്റുമായി ഇറങ്ങുമ്പോൾ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിെൻറ മനസ്സിലിരിപ്പ് ഇതാണ്. അടുത്ത മത്സരത്തിൽ ലോക രണ്ടാം നമ്പർ റഷ്യയുടെ ഡാനിൽ മെദ്വെദേവിനെ പരാജയപ്പെടുത്തിയാൽ ദ്യോകോവിച്ചിെൻറ പേരിൽ കുറിക്കപ്പെടുന്നത് മൂന്ന് റെക്കോഡുകളാണ്.
21ാം നൂറ്റാണ്ടിൽ കലണ്ടർവർഷ ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യത്തെ താരമാകാൻ സുവർണാവസരം. 1969ൽ ആസ്ട്രേലിയയുടെ റോഡ്ലാവർക്കു ശേഷം ഒരു കലണ്ടർ വർഷത്തിൽ ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ പുരുഷ താരമാകാൻ ദ്യോക്യോവിച്ചിന് ഈ ജയത്തിലൂടെ കഴിയും. യു.എസ് ഓപണും ജയിച്ചാൽ റോജർ ഫെഡററെ മറികടന്ന് ഏറ്റവും കൂടുതൽ സ്ലാമുകൾ നേടിയ താരവുമാകാം.
2021 ഫെബ്രുവരിയിൽ ആസ്ട്രേലിയൻ ഒാപ്പണും ജൂണിൽ ഫ്രഞ്ച് ഓപ്പണും ജൂലൈയിൽ വിംബ്ൾഡണും നേടിയ ദ്യോക്യോവിച്ചിന് മുന്നിൽ ഇനി യു.എസ്. ഓപൺ മാത്രം. അതിനിടയിൽ ഒളിമ്പിക്സിൽ സ്വർണം നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കാൻ അസുലഭാവസരം കൈവന്നെങ്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഈ സെർബിയൻ താരത്തിന്.
കരിയറിൽ 20 സ്ലാമുകൾ നേടിയ റേജൻ ഫെഡറർക്കൊപ്പമാണ് ദ്യോകോവിച്ചിെൻറയും സ്ഥാനം. യു.എസ് ഓപൺകൂടി നേടിയാൽ 21 സ്ലാമുകളുടെ റെക്കോഡ് കുറിക്കാനും ദ്യോകോവിച്ചിനാകും.
അഞ്ച് സെറ്റ് നീണ്ട മാരത്തൺ സെമി ഫൈനലിൽ ലോക നാലാം നമ്പർ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ പരാജയപ്പെടുത്തിയാണ് ദ്യോക്യോവിച്ച് ഫൈനലിൽ കടന്നത്. പതിവ് സ്റ്റൈലിൽ ആദ്യ സെറ്റ് അടിയറവു വെച്ചുകൊണ്ടായിരുന്നു ദ്യോകോവിച്ചിെൻറ തുടക്കം. 6-4ന് ആദ്യ സെറ്റ് പിടിച്ചടക്കിയ സ്വരേവിനെ 6-2ന് അടുത്ത സെറ്റിൽ വരച്ചവരയിൽ നിർത്താൻ ദ്യോകോവിച്ചിനായി. മൂന്നാം സെറ്റിൽ തിരിച്ചടിക്കാൻ ശ്രമിച്ച സ്വരേവിനെ 6-4ന് പിടിച്ചുകെട്ടിയെങ്കിലും നാലാം സെറ്റിൽ അത്യുജ്ജ്വലമായ തിരിച്ചുവരവായിരുന്നു ജർമൻ യുവതാരത്തിെൻറത്. 53 ഷോട്ടുകളും ഒരു മിനിറ്റിലുമേറെ നീണ്ട വോളിയും അതിനിടയിൽ ഫ്ലഷിങ് മെഡോയിലെ 21,139 കാണികൾക്ക് വിരുന്നേകി.
നിർണായകമായ അഞ്ചാം സെറ്റിൽ എതിരാളിയെ 6-2ന് നിഷ്പ്രഭനാക്കി മൂന്നര മണിക്കൂർ നീണ്ട മത്സരം കൈപ്പിടിയിലാക്കിയാണ് 34കാരനായ ദ്യോകോവിച് ഫൈനലിലേക്ക് കടന്നത്.
15ാം റാങ്കുകാരൻ കനഡയുടെ ഫെലിക്സ് ആഗർ അലിയാസിമിനെ 6-4, 7-5, 6-2 നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഡാനിൽ മെദ്വെദേവ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം റാങ്കുകാരനും 25 വയസ്സിെൻറ ചെറുപ്പവുമുള്ള മെദ്വദേവിനെതിരെ അത്ര എളുപ്പമാവില്ല മത്സരമെങ്കിലും അഞ്ച് സെറ്റ് പോരാട്ടങ്ങളിൽ അവസാന ഘട്ടത്തിൽ കൂടുതൽ കരുത്തനാവുന്ന ദ്യോകോവിച്ചിനു തന്നെയാണ് ഫൈനലിലും മുൻതൂക്കം.
ഇന്നു നടക്കുന്ന വനിതാ വിഭാഗം ഫൈനലിൽ സീഡ് ചെയ്യപ്പെടാത്ത രണ്ടു താരങ്ങളുടെ ഏറ്റുമുട്ടലിന് ഫ്ലഷിങ് മെഡോ സാക്ഷിയാകും. 18 വയസ്സുകാരി ബ്രിട്ടെൻറ എമ്മ റഡുകാനും 19 വയസ്സുകാരി കനഡയുടെ ലെയ്ല ഫെർണാണ്ടസും ഏറ്റുമുട്ടും. സീഡ് ചെയ്യപ്പെടാത്ത താരങ്ങളുടെ ഫൈനൽ എന്ന റെക്കോർഡ് കൂടിയാണിത്. വൻ താരങ്ങളെ അട്ടിമറിച്ചാണ് ഇരുവരും ഫൈനലിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.