പാരിസ്: ഫ്രഞ്ച് വനിത സിംഗ്ൾസ് ഫൈനലിൽ ശനിയാഴ്ച ഇഗ സ്വൈറ്റക്-കോകോ ഗോഫ് പോരാട്ടം. ലോക ഒന്നാം നമ്പർ താരവും ടൂർണമെന്റിലെ ടോപ് സീഡുമാണ് പോളണ്ടുകാരിയായ സ്വൈറ്റക്. ആസ്ട്രേലിയൻ ഓപൺ ജയിച്ചതിനുപിന്നാലെ ആസ്ട്രേലിയക്കാരി ആഷ് ലി ബാർതി വിരമിച്ചതോടെ ലോക ഒന്നാം നമ്പർ സ്ഥാനത്തേക്കു കയറിയ സ്വൈറ്റക് തുടർച്ചയായ 34ാം ജയവുമായാണ് കലാശക്കളിക്ക് ഇറങ്ങുന്നത്. 2020ലെ ഫ്രഞ്ച് ഓപൺ ജേത്രിയായ 21കാരിയുടെ ലക്ഷ്യം രണ്ടാം ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണ്.
ലോക 23ാം നമ്പറും ടൂർണമെന്റിൽ 18ാം സീഡുമായ യു.എസിന്റെ ഗോഫ് കന്നി ഗ്രാൻസ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആസ്ട്രേലിയൻ ഓപണിലും വിംബ്ൾഡണിലും പ്രീക്വാർട്ടറിലെത്തിയതാണ് 18കാരിയുടെ ഇതുവരെയുള്ള മികച്ച ഗ്രാൻഡ്സ്ലാം പ്രകടനം. സെമിയിൽ ആധികാരിക ജയങ്ങളുമായാണ് സ്വൈറ്റകും ഗോഫും മുന്നേറിയത്. സ്വൈറ്റക് 6-2, 6-1ന് റഷ്യയുടെ 20ാം സീഡ് ഡാരിയ കസറ്റ്കിനയെ തകർത്തപ്പോൾ ഗോഫ് 6-3, 6-1ന് ഇറ്റലിയുടെ സീഡില്ലാ താരം മാർട്ടിന ട്രെവിസാനെയാണ് കെട്ടുകെട്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.