ന്യൂേയാർക്ക്: ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിചും കലണ്ടർ സ്ലാമും തമ്മിൽ ഒരു വിജയത്തിന്‍റെ മാത്രം അകലം. റോഡ് ലാവറിന് (1969) ശേഷം പുരുഷ വിഭാഗം ടെന്നിസിൽ കലണ്ടർ സ്ലാം സ്വന്തമാക്കി ചരിത്രം രചിക്കാൻ ദ്യോകോ ഡാനിൽ മെദ്വദേവിനെ നേരിടും.
ടോക്യോ ഒളിമ്പിക്സ് ചാമ്പ്യൻ അലക്സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മറികടന്നാണ് ദ്യോകോവിച് യു.എസ് ഓപൺ ഫൈനലിൽ കടന്നത്. സ്കോർ: 4-6, 6-2, 6-4, 4-6, 6-2. 2019ലെ യു.എസ് ഓപൺ റണ്ണറപ്പായ മെദ്വദേവ് കാനഡയുടെ 12ാം സീഡ് താരം ഫെലിക്സ് ഓഗറിനെ 6-4, 7-5, 6-2ന് തോൽപിച്ചാണ് മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനൽ പ്രവേശനം നേടിയത്.
ഞായറാഴ്ച ആർതർ ആഷെ സ്റ്റേഡിയത്തിലാണ് റഷ്യൻ താരത്തിനെതിരെയുള്ള കലാശപ്പോരാട്ടം. ആസ്ട്രേലിയൻ ഓപൺ ഫൈനലിന്‍റെ തനിയാവർത്തനത്തിനാണ് ആർതർ ആഷെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇതുവരെ മുഖാമുഖം കണ്ടുമുട്ടിയപ്പോൾ 5-3ന് ദ്യോകോവിചിനാണ് മുൻതൂക്കം. ദ്യോകോയുടെ 31ാം ഗ്രാൻഡ്സ്ലാം ഫൈനൽ പ്രവേശനമാണിത്. 2021ൽ 27 ഗ്രാൻഡ്സ്ലാം മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് താരം.
52 വർഷങ്ങൾക്ക് മുമ്പ് റോഡ് ലാവറാണ് കലണ്ടർ വർഷത്തെ നാല് മേജർ കിരീടങ്ങളും അവസാനമായി സ്വന്തമാക്കിയത്. ഒളിമ്പിക്സ് സെമിയിൽ തന്നെ തോൽപിച്ച സ്വരേവിനെ ദ്യോകോവിച് പകരം വീട്ടുേമ്പാൾ ആസ്ട്രേലിയക്കാരനായ ലാവർ കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നു. കലണ്ടർ സ്ലാമിനൊപ്പം ഒളിമ്പിക് സ്വർണമെഡൽ കൂടി നേടി 'ഗോൾഡൻ സ്ലാം' എന്ന അതുല്യ നേട്ടം തികക്കാനുള്ള അവസരം സെർബിയൻ താരത്തിന് നഷ്ടമായിരുന്നു.
നാലാം യു.എസ് ഓപണും 21ാം ഗ്രാൻഡ്സ്ലാം കിരീടവുമാണ് ദ്യോകോവിച് ലക്ഷ്യമിടുന്നത്. ഇതിഹാസ താരങ്ങളായ റാഫേൽ നദാലിനും റോജർ ഫെഡററിനും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ വീതമാണുള്ളത്.
യു.എസിന്‍റെ ആന്ദ്രേ അഗാസിക്ക് (35 വയസ്സ്-2005) ശേഷം യു.എസ് ഓപൺ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ദ്യോകോവിച്. കെൻ റോസ്വെലിന് ശേഷം ജേതാവാകുന്ന (35 വയസ്സ്-1970) പ്രായം കൂടിയ താരമാകാനുള്ള അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.