ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ പദവിയും 20 ഗ്രാന്റ്സ്ലാമുകളെന്ന റെക്കോഡും നൽകി നീണ്ട ഒന്നര പതിറ്റാണ്ട് കൂടെ നിന്ന പരിശീലകനെ വിട്ട് നൊവാക് ദ്യോകോവിച്. കഴിഞ്ഞ സീസണ് അവസാനം കുറിച്ച എ.ടി.പി ഫൈനൽസോടെ മരിയൻ വയ്ദയുമായി പിരിഞ്ഞതായി ദ്യോകോവിച്ചിന്റെ വെബ്സൈറ്റ് പറയുന്നു. 15 വർഷത്തെ കൂട്ടുകെട്ടിൽ 20 ഗ്രാന്റ്സ്ലാമുകൾ ദ്യോകോ നേടിയിട്ടുണ്ട്.
എണ്ണമറ്റ മറ്റു കിരീടങ്ങളും. വായ്ദ പരിശീലിപ്പിച്ച കാലയളവിൽ ബോറിസ് ബെക്കർ, ആന്ദ്രേ അഗാസി, റാഡിക് സ്റ്റെപാനെക്, ഗോരാൻ ഇവാനിസേവിച്ച് തുടങ്ങിയവരും ദ്യോകോക്കൊപ്പമുണ്ടായിരുന്നു. ഇതിൽ ഇവാനിസേവിച്ച് തുടർന്നും ദ്യോകോക്കൊപ്പമുണ്ടാകും. 'നൊവാക് ഇന്ന് എത്തിപ്പിടിച്ച ഉയരങ്ങളിലേക്കുള്ള വളർച്ച നേരിട്ടനുഭവിക്കാനായത് ഭാഗ്യമായി കാണുന്നു''വെന്ന് വയ്ദ പ്രതികരിച്ചു. തുടർച്ചയായ രണ്ടു വർഷം നിലനിർത്തിയ ലോക ഒന്നാം നമ്പർ പദവി കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു.
ഡാനിൽ മെദ്വദെവാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ഒന്നാമനായി 361 ആഴ്ചകളെന്ന റെക്കോഡ് ദ്യോകോയുടെ പേരിലാണ്. സീസൺ അവസാനത്തിൽ ഒന്നാം നമ്പർ പദവിയിൽ ഏഴു തവണ നിലനിന്നുവെന്നത് മറ്റൊന്ന്. കഴിഞ്ഞ ആസ്ട്രേലിയൻ ഓപണിൽ കിരീടം തൊട്ട് ചരിത്രത്തിലേക്ക് റാഫേൽ നദാൽ നടന്നുകയറും വരെ റോജർ ഫെഡറർക്കും നദാലിനുമൊപ്പം 20 ഗ്രാന്റ്സ്ലാമുകളെന്ന ചരിത്രവുമായി ദ്യോകോയുമുണ്ടായിരുന്നു. ഈ വർഷം ഇതുവരെ ഒരു ടൂർണമെന്റിലാണ് താരം പങ്കെടുത്തത്. വാക്സിൻ എടുക്കാൻ വിസമ്മതിച്ചാൽ ഫ്രഞ്ച് ഓപൺ, വിംബിൾഡൺ എന്നിവയിൽ കളിക്കാൻ സാധ്യമായേക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.