സിഡ്നി: വാക്സിനെടുക്കാതെ ആസ്ട്രേലിയൻ ഓപൺ കളിക്കാനെത്തിയ ലോക ഒന്നാം നമ്പർ താരം ദ്യോകോവിച്ചിനെ പൊതുജനാരോഗ്യത്തിന് ഭീഷണിയായി പ്രഖ്യാപിച്ച് ആസ്ട്രേലിയ. 34കാരനെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി.
ശനിയാഴ്ച അപ്പീലിൽ അനുകൂല വിധിയുണ്ടായില്ലെങ്കിൽ നാടുകടത്തും. മൂന്നു വർഷത്തേക്ക് ആസ്ട്രേലിയയിൽ വിലക്കും വരും. ഇതോടെ, 10ാം ആസ്ട്രേലിയൻ ഓപൺ കിരീടമെന്ന ചരിത്രം അനാവശ്യ വിവാദത്തിൽപെട്ട് കിട്ടാക്കനിയുമാകും. ഗ്രാൻഡ്സ്ലാം കാക്കാൻ മെൽബണിൽ തിങ്കളാഴ്ച താരം റാക്കറ്റേന്തേണ്ടതായിരുന്നു. കോടതി കനിഞ്ഞില്ലെങ്കിൽ സംഘാടകർക്ക് ദ്യോകോയെ ഒഴിവാക്കി പുതിയ ഷെഡ്യൂൾ പ്രഖ്യാപിക്കേണ്ടിവരും. ജനുവരി ആറിനാണ് താരത്തിന്റെ വിസ ആദ്യം റദ്ദാക്കിയത്. ദിവസങ്ങൾ തടവിൽ കഴിഞ്ഞശേഷം കോടതി ഇടപെട്ട് പുനഃസ്ഥാപിച്ചു.
ഇതുപ്രകാരം കോർട്ടിൽ പരിശീലനം നടത്തുന്നതിനിടെ കുടിയേറ്റ മന്ത്രി അലക്സ് ഹോക്ക് പ്രത്യേക അധികാരം പ്രയോഗിച്ച് വീണ്ടും വിസ റദ്ദാക്കി. മൂന്നു വർഷത്തേക്ക് യാത്രവിലക്കും പ്രഖ്യാപിച്ചു. രാജ്യത്ത് ജനം കലാപത്തിനിറങ്ങാൻ സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു നടപടി. കടുത്ത കോവിഡ് ലോക്ഡൗൺ തുടരുന്ന രാജ്യത്ത് വിദേശ താരത്തിന് അനുമതി നൽകിയതിൽ പ്രതിഷേധമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.