റോജർ ഫെഡററും റാഫേൽ നദാലും ഇതിഹാസ താരങ്ങളെന്ന് വാഴ്ത്തപ്പെടുമ്പോഴും നൊവാക് ദ്യോകോവിച്ചിനെ അങ്ങനെ വിശേഷിപ്പിക്കാൻ പലരും മടികാണിച്ചു. എന്നാൽ, ഫെഡ് എക്സ്പ്രസും റാഫയും തളർന്നുതുടങ്ങിയപ്പോഴും കുതിപ്പ് തുടരുന്ന ദ്യോകോ ഇപ്പോൾ ശരിക്കും ഇതിഹാസമായി മാറിയിരിക്കുന്നു.
പത്താമത്തെ ആസ്ട്രേലിയൻ ഓപൺ നേട്ടത്തോടെ നദാലിന്റെ 22 ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്തിയ സെർബിയക്കാരൻ ലോക ഒന്നാം നമ്പർ പദവിയും വീണ്ടെടുത്ത് ഇനിയും അങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.
41കാരനായ ഫെഡറർ വിട്ടുമാറാത്ത പരിക്കുമൂലം കളി മതിയാക്കുകയും 36കാരനായ നദാൽ ഇടക്കിടെയെത്തുന്ന പരിക്കിൽനിന്ന് പൂർണ മോചിതനാകാതെ വലയുകയും ചെയ്യുമ്പോഴാണ് കളിയും ശാരീരികക്ഷമതയും കൈവിടാതെ 35കാരനായ ദ്യോകോ കുതിപ്പ് തുടരുന്നത്.
‘ഞാനിപ്പോഴും ഏറെ പ്രചോദിതനാണ്. കാര്യങ്ങൾ എവിടെയെത്തുന്നു എന്നു നോക്കാം. ഇപ്പോഴൊന്നും നിർത്താൻ ഞാനുദ്ദേശിക്കുന്നില്ല’ -ആസ്ട്രേലിയൻ ഓപൺ കിരീടനേട്ടത്തിനുശേഷം ദ്യോകോ പറഞ്ഞു. ‘എന്റെ കളിയെക്കുറിച്ച് ഞാൻ തൃപ്തനാണ്.
ശാരീരികമായും മാനസികമായും മികച്ച അവസ്ഥയിലുള്ളപ്പോൾ ആർക്കെതിരെയും ജയിച്ച് ഗ്രാൻഡ്സ്ലാം നേടാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്’ -ദ്യോകോവിച് കൂട്ടിച്ചേർത്തു. ദ്യോകോവിച്ചിന് ചുരുങ്ങിയത് രണ്ട്-മൂന്ന് വർഷം കൂടിയെങ്കിലും മികച്ച ഫോമിൽ കളി തുടരാനാവുമെന്ന് 2019 മുതൽ പരിശീലിപ്പിക്കുന്ന മുൻ വിംബ്ൾഡൺ ചാമ്പ്യൻ ഗൊരാൻ ഇവാനിസെവിച് അഭിപ്രായപ്പെടുന്നു.
അവസാനത്തെ 19 ഗ്രാൻഡ്സ്ലാമുകളിൽ പത്തും ജയിച്ചത് ദ്യോകോവിച്ചാണ്. 30 വയസ്സിനുശേഷം ദ്യോകോയെക്കാൾ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയവർ വേറെയില്ല. ‘ശാരീരികമായി ഞാൻ ഫിറ്റാണ്. 35 വയസ്സ് 25 വയസ്സല്ലെന്ന് എനിക്കറിയാം. എന്നാലും എനിക്കു മുന്നിൽ ഇനിയും സമയമുണ്ടെന്നാണ് കരുതുന്നത്. നമുക്ക് നോക്കാം എവിടെവരെയെത്തുമെന്ന്’ -ദ്യോകോയുടെ വാക്കുകൾ.
22 ഗ്രാൻഡ്സ്ലാമുമായി ഒപ്പമുള്ള നദാലിനെ പിന്തള്ളുന്നതോടൊപ്പം മാർഗരറ്റ് കോർട്ടിനെയും (24) സെറീന വില്യംസിനെയും (23) മറികടന്ന് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടം നേടുന്ന താരമാകാനും മുൻപന്തിയിലാണ് ദ്യോകോവിച്. നിലവിലെ ഫോമിൽ അത് ഈ വർഷംതന്നെ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.