കാന്‍കണ്‍ (മെക്സിക്കൊ): വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനൽസിലെ സമ്മാനത്തുകയിൽനിന്ന് ഒരു ഭാഗം ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നൽകുമെന്ന് തുനീഷ്യൻ ടെന്നിസ് താരം ഒൻസ് ജബ്യൂർ. വിംബിൾഡൺ ഫൈനലിൽ തന്നെ തോൽപിച്ച ചെക്ക് താരം മർകെറ്റ വോൻഡ്രൂസോവയെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു കണ്ണീരോടെ ജബ്യൂറിന്റെ പ്രതികരണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'വിജയത്തിൽ ഞാൻ സന്തുഷ്ടയാണ്. ഈ ജയംകൊണ്ട് മാത്രം എനിക്ക് സന്തോഷവതിയാകാൻ കഴിയില്ല. ലോകത്തിലെ ഈ സാഹചര്യം എന്നെ ആഹ്ലാദിപ്പിക്കുന്നില്ല. ഓരോ ദിവസവും കുഞ്ഞുങ്ങൾ മരിക്കുന്നത് കാണുന്നത് കഠിനവും ഹൃദയഭേദകവുമാണ്. അതുകൊണ്ട് ഇതിന്റെ സമ്മാനത്തുകയിൽനിന്ന് ഒരു ഭാഗം ഫലസ്തീനെ സഹായിക്കാനായി ഞാൻ തീരുമാനിച്ചിരിക്കുകയാണ്', ഗ്രാന്റ്സ്ലാം ഫൈനൽ കളിച്ച ഏക വനിത അറേബ്യൻ താരം പ്രതികരിച്ചു.
കണ്ണീരടക്കാനാവാതെ ഇടക്ക് സംസാരം മുറിഞ്ഞ താരം തന്റെ തീരുമാനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഇത് മനുഷ്യത്വത്തിന് വേണ്ടിയാണെന്നും പറഞ്ഞു. ‘ലോകത്തിന്റെ സമാധാനമാണ് താൻ ആഗ്രഹിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽനിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത് വളരെ കഠിനമാണ്. ദിവസവും നടുക്കുന്ന വിഡിയോകളും ചിത്രങ്ങളും കാണേണ്ടിവരുന്നത് വളരെ നിരാശാജനകമാണ്’, താരം കൂട്ടിച്ചേർത്തു. മെക്സിക്കൻ നഗരമായ കാൻകണിൽ മത്സരം കാണാനെത്തിയ കാണികൾ കൈയടിയോടെയാണ് താരത്തിന്റെ പ്രഖ്യാപനത്തെ വരവേറ്റത്.
മധ്യേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും മനുഷ്യാവകാശ വിഷയങ്ങളിൽ നിരവധി തവണ നിലപാട് വ്യക്തമാക്കിയ താരമാണ് ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള 29കാരിയായ ഒൻസ് ജബ്യൂർ. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ ഫലസ്തീനിൽ 8796 പേരാണ് മരിച്ചത്. ഇത് 3648 പേർ കുട്ടികളും 2290 പേർ സ്ത്രീകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.