പരിക്ക്; നദാലിന് വീണ്ടും വിശ്രമകാലം; ആസ്ട്രേലിയൻ ഓപണിൽ കളിക്കില്ല

ലണ്ടൻ: നീണ്ട അവധി അവസാനിപ്പിച്ച് തിരിച്ചെത്തിയ ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന് വീണ്ടും വിശ്രമം. ആസ്ട്രേലിയൻ ഓപണിന് മുന്നോടിയായുള്ള ബ്രിസ്ബേൻ ഇന്റർനാഷനലിനിടെ ഇടുപ്പിൽ പേശിക്ക് പരിക്കേറ്റാണ് 37കാരൻ നാട്ടിലേക്കു മടങ്ങുന്നത്.

ഒരു വർഷം ഇടവേളക്കുശേഷം മടങ്ങിയെത്തി ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച നദാൽ ക്വാർട്ടർ ഫൈനലിൽ ജോർഡൻ തോംപ്സണിനോട് തോൽവി വഴങ്ങിയിരുന്നു. അവസാന മത്സരത്തിലാണ് ഇടുപ്പിലെ പേശിക്കു പരിക്കേറ്റത്. മുമ്പ് പരിക്കു വലച്ച അതേ സ്ഥലത്തല്ലെങ്കിലും വിദഗ്ധ പരിശോധനയിൽ പേശിക്ക് പൊട്ടൽ കണ്ടതോടെയാണ് പിന്മാറ്റം. തന്റെ ഇഷ്ടവേദിയായ ആസ്ട്രേലിയൻ ഓപണിൽ പങ്കെടുക്കില്ലെന്ന് നദാൽ അറിയിച്ചു.

മൂന്ന് സെറ്റിൽ തീരുന്ന കളികൾക്ക് ഇനിയും ആരോഗ്യം അനുവദിക്കുന്നുണ്ടെങ്കിലും അഞ്ചു സെറ്റിലേക്ക് നീണ്ടാൽ കളി പൂർത്തിയാക്കാനായേക്കില്ലെന്ന് താരം പറയുന്നു. മൂന്നു മാസമെടുത്ത് വീണ്ടും ശക്തമായി തിരിച്ചുവരുമെന്നാണ് വാഗ്ദാനം. ടെന്നിസിലെ എക്കാലത്തെയും ഇതിഹാസങ്ങളായ റോജർ ഫെഡറർ-നദാൽ-ദ്യോകോവിച് ത്രയത്തിൽ ഫെഡ് എക്സ്പ്രസ് പരിക്കുമൂലം നേരത്തേ കളി നിർത്തിയിരുന്നു. നദാലും ഇടവേളയെടുത്തതോടെ റെക്കോഡുകളിലേറെയും ദ്യോകോ തന്റെ പേരിലാക്കി ഇപ്പോഴും കളത്തിൽ സജീവമാണ്. നദാലിന്റെ തിരിച്ചുവരവ് ആഘോഷപൂർവം വരവേറ്റ ലോകത്തെ ഞെട്ടിച്ചാണ് വീണ്ടും പരിക്കിന്റെ പിടിയിലാകുന്നത്.

ബ്രിസ്ബേനിൽ കരുത്തരായ ഡൊമിനിക് തിയം, ജാസൺ കുബ്ളർ എന്നിവരെ വീഴ്ത്തി നന്നായി തുടങ്ങിയതിനൊടുവിലാണ് ക്വാർട്ടറിൽ പരിക്ക് എത്തിയത്. 2024ൽ കളി നിർത്തുമെന്ന് നേരത്തേ താരം സൂചന നൽകിയിരുന്നു. ആസ്ട്രേലിയൻ ഓപണിൽനിന്ന് നേരത്തേ നിക് കിർഗിയോസും പിൻവാങ്ങിയിട്ടുണ്ട്.

Tags:    
News Summary - Rafael Nadal pulls out of Australian Open 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.