പാരീസ്: നാലാം റൗണ്ടിലെത്തിയിട്ടും ഫ്രഞ്ച് ഓപണിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ച് റോജർ ഫെഡറർ. ഈ മാസം അവസാനം തുടങ്ങുന്ന വിംബിൾഡൺ ടൂർണമെൻറിൽ കിരീടം ചൂടുക എന്ന ലക്ഷ്യത്തോടെയാണ് താരം കളിമൺ കോർട്ടിൽനിന്ന് പിൻമാറുന്നത്.
'എൻെറ ടീമുമായുള്ള ചർച്ചകൾക്ക് ശേഷം റോളണ്ട് ഗാരോസിൽനിന്ന് പിന്മാറാൻ തീരുമാനിക്കുകയാണ്. രണ്ട് കാൽമുട്ട് ശസ്ത്രക്രിയകൾക്കും ഒരു വർഷത്തിലധികമുള്ള വിശ്രമത്തിനും ശേഷമാണ് കളത്തിലിറങ്ങുന്നത്. ഈ സമയത്ത് ഞാൻ എൻെറ ശരീരം പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ മാത്രമേ ആരോഗ്യം വീണ്ടെുക്കാൻ സാധിക്കൂ' -39കാരൻ പറഞ്ഞു.
'പാരീസിൽ മൂന്ന് മത്സരങ്ങൾ വിജയിക്കാനയതിൽ ഞാൻ സന്തോഷവാനാണ്. കളത്തിൽ തിരിച്ചെത്തുന്നതിനേക്കാൾ വലിയ വികാരമൊന്നുമില്ല' -സ്വിസ് താരം കൂട്ടിച്ചേർത്തു.
മണിക്കൂറുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഫെഡററർ പ്രീക്വാർട്ടറിലേക്ക് ജയിച്ചുകയറിത്. 59ാം റാങ്കുകാരനായ ഡൊമിനിക് കീപ്ഫെറായിരുന്നു എതിരാളി. മത്സരത്തിൽ മുൻ ഒന്നാം നമ്പറുകാരൻെറ നിഴൽ മാത്രമാണ് ഉണ്ടായിരുന്നത്.
കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞ് തിരിച്ചെത്തിയ റോജർ ഫെഡറർ കഴിഞ്ഞ വർഷാരംഭത്തിലെ ആസ്ട്രേലിയൻ ഓപണിനു ശേഷം പങ്കെടുക്കുന്ന മൂന്നാം ടൂർണമെന്‍റായിരുന്നു ഇത്. കളി തുടരുന്നുവെങ്കിൽ തിങ്കളാഴ്ച ഇറ്റലിയുടെ മാറ്റിയോ ബെററ്റിനിയാണ് പ്രീക്വാർട്ടറിൽ എതിരാളി.
ബദ്ധവൈരികളായ നൊവാക് ദ്യോകോവിച്ച്, റാഫേൽ നദാൽ എന്നിവർ നേരത്തെ അവസാന 16ൽ ഇടമുറപ്പിച്ചിട്ടുണ്ട്. കരിയറിൽ 20 ഗ്രാൻഡ്സ്ലാം എന്ന അതുല്യ റെക്കോഡ് പങ്കിട്ട് നിൽക്കുകയാണ് ഫെഡററും നദാലും.
അതേസമയം, വിംബിൾഡണിൽ കിരീടം ചൂടലാണ് തന്‍റെ ലക്ഷ്യമെന്ന് ഫെഡറർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കളിമൺ കോർട്ടിൽ ഒരു തവണ മാത്രമാണ് ഫെഡററിന് കപ്പുയർത്താനായിട്ടുള്ളത്.
ജൂൺ 28നാണ് വിംബിൾഡൺ ആരംഭിക്കുക. ഒമ്പതാം കിരീടം തേടിയാണ് ഫെഡററർ വിംബിൾഡണിൽ ഇറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.