കായിക ലോകത്തെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി വാഴ്ത്തപ്പെട്ട ജപ്പാൻ താരം ഷിംഗോ കുനീദ ടെന്നിസ് കോർട്ട് വിടുന്നു. വീൽചെയറിലിരുന്ന് 50 ഗ്രാൻഡ്സ്ലാം കിരീടങ്ങളും നാല് പാരാലിമ്പിക് സ്വർണവുമുൾപ്പെടെ എണ്ണമറ്റ നേട്ടങ്ങളിലേക്ക് റാക്കറ്റ് പായിച്ചാണ് സുവർണ താരത്തിന്റെ മടക്കം. വിരമിക്കുമ്പോഴും ലോക ഒന്നാം നമ്പർ പദവിക്കാരനെന്ന അപൂർവ ചരിത്രവും ഷിംഗോക്കൊപ്പം.
‘‘വേണ്ടതൊക്കെയും പൂർത്തിയാക്കിക്കഴിഞ്ഞുവെന്ന് കരുതുന്നു. ആഗ്രഹിച്ചതൊക്കെയും നേടുകയും ചെയ്തു’’- ഷിംഗോ കുനീദ പറഞ്ഞു. ആസ്ട്രേലിയൻ ഓപണിൽ മാത്രം 11 സിംഗിൾസ് കിരീടങ്ങളുടെ അവകാശിയാണ് ഷിംഗോ. കഴിഞ്ഞ വർഷം ആസ്ട്രേലിയൻ ഓപണു പുറമെ ഫ്രഞ്ച് ഓപൺ, വിംബിൾഡൺ എന്നിവയിലും സിംഗിൾസ് കിരീടം താരത്തിനായിരുന്നു. ഫ്രഞ്ച് ഓപണിലും യു.എസ് ഓപണിലും എട്ടു തവണ ചാമ്പ്യനായിട്ടുണ്ട്.
വിംബിൾഡൺ ജയത്തോടെ കരിയർ ഗോൾഡൻ സ്ലാമും കഴിഞ്ഞ വർഷം പൂർത്തിയാക്കി. ഡബ്ൾസിൽ 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയതും അപൂർവ ചരിത്രം. ടോകിയോ പാരാലിമ്പിക്സിൽ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതോടെ വിരമിക്കൽ തീരുമാനത്തിലേക്ക് മനസ്സു മാറിയിരുന്നതായും വിംബിൾഡണിലും ജയിച്ചതോടെ ഇനിയൊട്ടും കളിക്കാനാകില്ലെന്നു വന്നതായും ഷിംഗോ പറയുന്നു.
ആസ്ട്രേലിയൻ ഓപണിൽ വീൽചെയർ ടൂർണമെന്റ് ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് 38കാരന്റെ വിരമിക്കൽ പ്രഖ്യാപനം. അതോടെ, ബ്രിട്ടീഷ് താരം ആൽഫി ഹ്യുവെറ്റ് ആകും ലോക ഒന്നാം നമ്പറും ഒന്നാം സീഡും.
നട്ടെല്ലിന് ട്യൂമർ കണ്ടെത്തി രണ്ടു വർഷം കഴിഞ്ഞ് 11ാം വയസ്സിൽ റാക്കറ്റു പിടിച്ചാണ് ഷിംഗോയുടെ ടെന്നിസ് ജീവിതത്തിന് തുടക്കം. പിന്നീടെല്ലാം അതിവേഗത്തിലായിരുന്നു. കരിയറിൽ 117 സിംഗിൾസ് കിരീടങ്ങൾ. ഡബ്ൾസിൽ 83ഉം. വീൽചെയറിൽ ലോക ഒന്നാംനമ്പറായി വാണത് നീണ്ട 582 ആഴ്ച. പുരുഷ ടെന്നിസിൽ ലോക റെക്കോഡുകാരനായ നൊവാക് ദ്യോകോവിച്ചിന്റെത് 373 ആഴ്ചയാണെന്നറിയണം.
ഏറെ വൈകി കൈമുട്ടിന് ശസ്ത്രക്രിയ നടന്നപ്പോഴും അവൻ തിരിച്ചുവന്നത് സമീപ കാല ചരിത്രം. അതിനു ശേഷം 2021ലായിരുന്നു ടോകിയോ പാരാലിമ്പിക് ഗെയിംസിൽ ഷിംഗോ ലോകം ജയിച്ചത്. ചടങ്ങിൽ അത്‍ലറ്റുകൾക്കായുള്ള പ്രതിജ്ഞ ചൊല്ലിയതും താരമായിരുന്നു.
താരത്തിന്റെ ചുവടുപിടിച്ച് നിരവധി പേരാണ് ജപ്പാനിൽനിന്ന് പാരാലിമ്പിക് ടെന്നിസിൽ സാന്നിധ്യമായുള്ളത്. ആദ്യ 12 പേരിൽ നാലുപേർ നിലവിൽ ജപ്പാനിൽനിന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.