സിഡ്നി: ആസ്ട്രേലിയൻ ഓപണിന് പുതിയ അവകാശിയായി ഇറ്റാലിയൻ താരം ജാനിക് സിന്നർ. ഫൈനലിൽ റഷ്യയുടെ മൂന്നാം സീഡ് ഡാനിൽ മെദ്വദേവിനെ കീഴടക്കിയാണ് സിന്നർ ചാമ്പ്യനായത്.
മൂന്ന് മണിക്കൂറും 43 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മെദ്‌വദേവ് കീഴടങ്ങിയത്. സ്കോർ: 3-6, 3-6, 6-4,6-4, 6-3. ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ട ശേഷമാണ് മൂന്ന് സെറ്റുകൾ തിരിച്ചുപിടിച്ച് തന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടത്തിൽ സിന്നർ മുത്തമിട്ടത്.
സെമി ഫൈനലിൽ 25ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന സ്വപ്നത്തോടെ റാക്കറ്റേന്തിയ നൊവാക് ദ്യോകോവിച്ചിനെ മുട്ടുകുത്തിച്ചാണ് ജാനിക് സിന്നർ കലാശപ്പോരിനെത്തിയത്.
ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് ഡാനിൽ മെദ്‌വദേവ് ആസ്ട്രേലിയൻ ഓപണിന്റെ മൂന്നാം ഫൈനലിൽ എത്തുന്നത്. 2021 ലും 2022ലും ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ എത്തിയ മെദ്‌വദേവിന് ഇത്തവണയും കിരീടത്തിൽ മുത്തമിടാനായില്ല. അതേ സമയം തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ തന്നെ കിരീടം നേടാൻ ഇറ്റലിയൻ താരത്തിനായി.
ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇറ്റാലിയൻ താരമാണ് സിന്നർ. 22 വർഷവും 165 ദിവസവും പ്രായമുള്ള സിന്നർ, 2008-ൽ നൊവാക് ദ്യോകോവിചിന് ശേഷം ആസ്‌ട്രേലിയൻ ഓപൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.