തന്റെ അവസാന മത്സരവും കളിച്ച് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വെള്ളിയാഴ്ച പ്രഫഷനൽ ടെന്നീസ് കരിയർ അവസാനിപ്പിച്ചു. ദീർഘകാല എതിരാളിയായ റാഫേൽ നദാലിനൊപ്പമാണ് 41കാരൻ ഡബിൾസ് മത്സരത്തിനിറങ്ങിയത്. എന്നാൽ, അവസാന മത്സരം തോൽവിയോടെ അവസാനിപ്പിക്കാനായിരുന്നു വിധി. മത്സരം പൂർത്തിയാക്കിയ ശേഷം വികാരഭരിതരായ ഫെഡറർക്കും നദാലിനും കണ്ണീർ അടക്കാനായില്ല. ഇരുവരും കണ്ണീരോടെ ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയടക്കം പ്രമുഖർ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രത്തിനൊപ്പം കോഹ്‍ലി കുറിച്ച വാചകങ്ങളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
''എതിരാളികൾക്ക് പരസ്പരം ഇതുപോലെയാകാൻ കഴിയുമെന്ന് ആരാണ് കരുതിയത്. അതാണ് സ്പോർട്സിന്റെ സൗന്ദര്യം. ഇതെനിക്ക് എക്കാലത്തെയും മനോഹരമായ കായിക ചിത്രമാണ്. നിങ്ങളുടെ കൂട്ടാളികൾ നിങ്ങൾക്കായി കരയുമ്പോൾ, നിങ്ങൾക്ക് ദൈവം നൽകിയ കഴിവുകൾ ഉപയോഗിച്ച് എന്താണ് ചെയ്തിരുന്നതെന്ന് നിങ്ങളറിയും. ഈ രണ്ടുപേരോടും ആദരവല്ലാതെ മറ്റൊന്നുമില്ല'' എന്നിങ്ങനെയാണ് കോഹ്‍ലി ട്വിറ്ററിൽ കുറിച്ചത്.
നദാലിന്റെയും ഫെഡററുടെയും ചിത്രത്തോട് ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണറും പ്രതികരിച്ചു. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം കുറിച്ചതിങ്ങനെയാണ്, "ഈ രണ്ട് ചിത്രങ്ങളും സ്‌പോർട്‌സ് എന്താണെന്നതിന്റെ സംഗ്രഹമാണ്. കളിക്കളത്തിലെ അവരുടെ വൈരാഗ്യം ഏറെ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ഏറ്റവും പ്രധാനം പരസ്പരമുള്ള ബഹുമാനമാണ്".
ഇരുവരും 40 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 24 തവണ ജയം നദാലിനൊപ്പം നിന്നപ്പോൾ 16 തവണ ഫെഡറർ ജയിച്ചുകയറി. ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ ഫ്രാൻസസ് തിയാഫോ, ജാക്ക് സോക്ക് സഖ്യത്തോട് 4-6, 7-6(7-2), 11-9 എന്ന സ്കോറിനാണ് ഫെഡറർ-നദാൽ സഖ്യം പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.