ഫ്ര​ഞ്ച് ഓ​പ​ൺ കി​രീ​ട നേ​ട്ടം ബാ​ൾ ബോ​യി​സി​നൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന കാ​ർ​ലോ​സ് അ​ൽ​കാ​ര​സ്

ഫൈനൽ കളിച്ച മൂന്ന് ഗ്രാൻഡ്സ്ലാമുകളിലും കിരീടം; ഇനി അൽകാരസിന്റെ കാലം

പാരിസ്: 21ാം വയസ്സിലെത്തുമ്പോഴേക്ക് മൂന്ന് ഗ്രാൻഡ് സ്ലാം കിരീട നേട്ടങ്ങളെന്ന അദ്ഭുത നേട്ടത്തിന്റെ നിറവിലാണ് സ്പാനിഷ് താരം കാർലോസ് അൽകാരസ്. ആദ്യ റൗണ്ടിൽ സാക്ഷാൽ റാഫേൽ നദാലും സെമി ഫൈനൽ കളിക്കുംമുമ്പ് നൊവാക് ദ്യോകോവിച്ചും മടങ്ങിയ കോർട്ടിൽ ഇനിയൊരാൾ തന്നെ വെല്ലാനില്ലെന്ന വിളംബരമായിട്ടായിരുന്നു ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ചു സെറ്റ് നീണ്ട ക്ലാസിക് പോരാട്ടത്തിൽ അൽകാരസ് മറികടന്നത്.

കൗമാരം വിടാത്ത 2022ൽ യു.എസ് ഓപണിൽ ഇടിമിന്നലായി ഗ്രാൻഡ്സ്ലാം യാത്ര തുടങ്ങിയ അൽകാരസ് കഴിഞ്ഞ വർഷം വിംബ്ൾഡണിലും കിരീടം മാറോടു ചേർത്തു. അതിവേഗം ബഹുദൂരം കുതിപ്പിന്റെ പ്രതീതിയുണർത്തിയ താരത്തെ പരിക്കും അനുബന്ധമായി മോശം ഫോമും പിന്തുടർന്ന് ചെറിയ ഇടവേള തീർത്തെങ്കിലും ഒട്ടും കൂസാതെ തിരിച്ചെത്തിയാണ് റൊളാങ് ഗാരോയിലെ സ്വപ്നക്കുതിപ്പ്. മൂന്നു തരം ഗ്രാൻഡ് സ്ലാം കോർട്ടുകളിൽ ഒരുപോലെ ജയിച്ച ഏഴാമത്തെ താരമാവുകയാണ് അൽകാരസ്.

14 ഗ്രാൻഡ് സ്ലാമുകളുടെ തമ്പുരാനായ പീറ്റ് സാംപ്രാസ് പോലും റൊളാങ് ഗാരോയിൽ കപ്പുയർത്തിയിട്ടില്ല. എന്നാൽ, സ്പാനിഷ് താരം 21ലെത്തുമ്പോൾ ഫൈനൽ കളിച്ച മൂന്ന് ഗ്രാൻഡ്സ്ലാമുകളിലും കപ്പുയർത്തിയാണ് മടങ്ങിയത്. റോജർ ഫെഡററും നൊവാക് ദ്യോകോവിച്ചും ഇത് പൂർത്തിയാക്കാൻ പിന്നെയും വർഷങ്ങളെടുത്തിരുന്നുവെന്ന് കണക്കുകൾ പറയുന്നു.

‘‘കുഞ്ഞായിരിക്കെ സ്കൂളിൽനിന്ന് ഈ ടൂർണമെന്റ് കാണാൻ ഓടിയെത്തുമായിരുന്നു. ഇന്നിപ്പോൾ നിങ്ങളെല്ലാവർക്കും മുന്നിൽ ആ കിരീടം ഞാൻ തന്നെ ഉയർത്തുകയാണ്’’- മത്സര ശേഷം അൽകാരസിന്റെ വാക്കുകൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.