ന്യൂയോർക്: യു.എസ് ഓപൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയയുടെ സീനിയർ താരം നൊവാക് ദ്യോകോവിച് ഇന്ന് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിടും. ആതിഥേയരുടെ സീഡില്ലാ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റിൽ തോൽപിച്ചാണ് ദ്യോകോവിച് കരിയറിലെ പത്താം യു.എസ് ഓപൺ ഫൈനലിന് യോഗ്യത നേടിയത്. സ്കോർ: 6-3, 6-2, 7-6. നാല് സെറ്റ് നീണ്ട പോരിൽ നിലവിലെ ജേതാവായ സ്പെയിനിന്റെ യുവതാരവും നിലവിലെ ജേതാവും ടോപ്സീഡുമായ കാർലോസ് അൽകാറസിനെയാണ് 2021ലെ ജേതാവായ മെദ്വദേവ് സെമിയിൽ മറികടന്നത് (7-6, 6-1, 3-6, 6-3 ). കഴിഞ്ഞ വിംബിൾഡൺ സെമിയിൽ അൽകാറസ് റഷ്യൻ താരത്തെ തോൽപിച്ചിരുന്നു.
2021ൽ ദ്യോകോവിച്ചിനെ കീഴടക്കിയാണ് മെദ്വദേവ് യു.എസ് ഓപൺ നേടിയത്. ആ വർഷം കലണ്ടർ സ്ലാം എന്ന നേട്ടത്തിലേക്ക് കുതിക്കുകയായിരുന്ന ദ്യോകോവിച്ചിനാണ് മെദ്വദേവ് തടയിട്ടത്. ആസ്ട്രേലിയൻ ഓപൺ, ഫ്രഞ്ച് ഓപൺ, വിംബിൾഡൺ കിരീടങ്ങൾ 2021ൽ ദ്യോകോവിച്ചിനായിരുന്നു. ഈ സീസണിൽ ആസ്ട്രേലിയൻ ഓപൺ, ഫ്രഞ്ച് ഓപൺ കിരീടങ്ങൾ ദ്യോകോവിച്ചിനായിരുന്നു. വിംബിൾഡണിൽ അൽകാറസിനോട് ഫൈനലിൽ തോൽക്കുകയായിരുന്നു.
കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്തതിനാൽ കഴിഞ്ഞ തവണ സെർബിയൻ താരത്തിന് യു.എസ് ഓപണിൽ റാക്കറ്റേന്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ജയിച്ചാൽ ഫ്ലഷിങ് മെഡോസിൽ ദ്യോകോയുടെ നാലാം കിരീടവും കരിയറിൽ 24ാം ഗ്രാൻഡ് സ്ലാം നേട്ടവുമാകും. 36കാരനായ ഈ താരം ജേതാവായാൽ പ്രഫഷനൽ യുഗത്തിൽ യു.എസ് ഓപൺ നേടുന്ന ഏറ്റവും പ്രായംകൂടിയ കളിക്കാരനാകും. ഫൈനലിൽ ജയിച്ചാലും തോറ്റാലും അടുത്തയാഴ്ച ലോക ഒന്നാംനമ്പർ സ്ഥാനം അൽകാറസിൽനിന്ന് ദ്യോകോവിച്ചിലേക്കെത്തും. കരിയറിലെ രണ്ടാം കിരീടമാണ് മെദ്വദേവ് ലക്ഷ്യമിടുന്നത്.
യു.എസ് ഓപൺ ഫൈനൽ
സോണിടെൻ, സോണി ലിവ്
1.30 am നൊവാക് ദ്യോകോവിച്
Vs ഡാനിൽ മെദ്വദേവ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.