ന്യൂയോർക്ക്: യു.എസ് ഓപണിലെ വനിത വിഭാഗം സിംഗിൾസിലെ കൗമാരക്കാരുടെ ഫൈനലിൽ എമ്മ റാഡുകാനുവിന് ജയം. കാനഡയുടെ 19കാരിയായ ലൈല ഫെർണാണ്ടസിനെയാണ് 18കാരിയായ എമ്മ കലാശപ്പോരാട്ടത്തിൽ കീഴടക്കിയത്.
150ാം റാങ്കുകാരിയായ എമ്മ 44 വർഷത്തനിടെ ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയെന്ന അതുല്യ നേട്ടം സ്വന്തമാക്കി. 73ാം റാങ്കുകാരിയായ ലൈയെ നേരിട്ടുള്ള സെറ്റുകൾക്കാണ് എമ്മ പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-3.
1977ൽ വിംബിൾഡനിൽ ജേതാവായ വിർജീനിയ വെയ്ഡിന് ശേഷം ഒരു ബ്രിട്ടീഷ് വനിത പോലും ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിൽ ജേതാവായിരുന്നില്ല. വെയ്ഡിന് (1968) ശേഷം യു.എസ് ഓപണിൽ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ് താരവുമാണ് എമ്മ.
സീഡില്ല താരങ്ങൾ മാറ്റുരച്ച ആദ്യ വനിത ഗ്രാൻഡ്സ്ലാം ഫൈനൽ കാണാൻ വെയ്ഡും ബ്രിട്ടീഷ് പുരുഷ ടെന്നിസ് ഇതിഹാസം ടിം ഹെൻമാൻ എന്നിവരടക്കമുള്ള പ്രമുഖർ ആർതർ ആഷെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
1999 യു.എസ് ഓപണിൽ കണ്ട സെറീന വില്യംസ് (17)-മാർട്ടിന ഹിംഗിസ് (18) കൗമാര ഫൈനലിന് ശേഷം ഇതാദ്യമായായിരുന്നു കൗമാര ഫൈനലിന് ടെന്നീസ് കോർട്ട് സാക്ഷ്യം വഹിച്ചത്.
സെറീനക്ക് ശേഷം യു.എസ് ഓപണിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എമ്മ. സെറീനക്ക് (2014) ശേഷം ഒരുസെറ്റ് പോലും നഷ്ടപ്പെടാതെ യു.എസ് ഓപണിൽ ജേതാവാകുന്ന താരം കൂടിയാണ് എമ്മ. ലോക 73ാം റാങ്കുകാരിയായ ലൈല സെമിയിൽ രണ്ടാം സീഡ് ബെലറൂസിെൻറ അറീന സബലേകയെയും (7-6, 4-6, 6-4) 150ാം റാങ്കുകാരിയായ റാഡുകാനു 17ാം സീഡ് ഗ്രീസിെൻറ മരിയ സക്കാരിയെയും (6-1, 6-4) ആണ് സെമിയിൽ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.