ന്യൂയോർക്: യു.എസ് ഓപണിൽ വമ്പൻ വീഴ്ചകൾ തുടരുന്നു. ഗ്രാൻഡ്സ്ലാം ഫൈനലിസ്റ്റുകളായ സ്റ്റെഫാനോസ് സിറ്റസിപാസും കാസ്പർ റൂഡും നേരത്തേ മടങ്ങി. പുരുഷ സിംഗ്ൾസിൽ ഏഴാം സീഡായ സിറ്റ്സിപാസിനെ 7-5 6-7 (2-7) 6-7 (5-7) 7-6 (8-6) 6-3 എന്ന സ്കോറിന് സ്വിസ് താരം ഡൊംനിക് സ്ട്രിക്കർ മടക്കിയപ്പോൾ അഞ്ചാം സീഡും കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമായ റൂഡ് ലോക 67ാം നമ്പറായ ചൈനയുടെ ഷാങ് ഷിഷെനോട് 6-4 5-7 6-2 0-6 6-2ന് തോൽവി സമ്മതിച്ചു.
നാലാം സീഡായ ഡെന്മാർക്ക് താരം ഹോൾഗർ റൂൺ നേരത്തേ പുറത്തായിരുന്നു. അട്ടിമറികൾ തുടരുന്നതിനിടെയും കിരീടപ്രതീക്ഷയുമായി കളി തുടരുന്ന രണ്ടാം സീഡ് സെർബിയയുടെ നൊവാക് ദ്യോകോവിച് അനായാസ ജയവുമായി മൂന്നാം റൗണ്ടിലെത്തി. സ്പെയിൻ താരം ബെർണബി സപാറ്റ മിറാലസിനെ 6-4 6-1 6-1നാണ് ദ്യോകോ തകർത്തുവിട്ടത്. 10ാം സീഡ് ഫ്രാൻസിസ് ടിയാഫോ, 14ാമനായ ടോമി പോൾ എന്നിവരും കടന്നുകൂടിയവരിൽ പെടും.
അതേസമയം, വനിത സിംഗ്ൾസിൽ നിലവിലെ ചാമ്പ്യൻ പോളണ്ടിന്റെ ഇഗ സ്വൈറ്റക്ക് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആസ്ട്രേലിയൻ താരം ഡാറിയ സാവില്ലെയെ 6-3, 6-4 നാണ് തോൽപിച്ചത്. പുരുഷ ഡബ്ൾസിൽ വെറ്ററൻ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയയുടെ മാത്യൂ എബ്ഡെനും ചേർന്ന സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആസ്ട്രേലിയയുടെ ക്രിസ്റ്റഫർ ഓകൊണെൽ-അലക്സാൻഡർ വൂകിച് ജോടിയെ 6-4, 6-2 സ്കോറിനാണ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.